മലിനീകരണ നിയന്ത്രണം; ജില്ലയ്ക്ക് എട്ടു പുരസ്‌കാരങ്ങള്‍
കൊല്ലം: മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്യുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏര്‍പ്പെടുത്തിയ 2016ലെ പുരസ്‌കാരങ്ങള്‍ക്ക് കൊല്ലം ജില്ലയിലെ എട്ടു സ്ഥാപനങ്ങള്‍ അര്‍ഹമായി.
താലൂക്ക് ആശുപത്രികളുടെ വിഭാഗത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രി എക്‌സലന്‍സ് അവാര്‍ഡും സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തില്‍ കരവാളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനവും നേടി.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളുടെ വിഭാഗത്തില്‍ കൊല്ലം ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രി തിരുവനന്തപുരത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കൊപ്പം മൂന്നാം സ്ഥാനം പങ്കിട്ടു.
200 മുതല്‍ 500 കിടക്കകള്‍ വരെയുള്ള സ്വകാര്യ ആശുപത്രികളുടെ വിഭാഗത്തില്‍ അഞ്ചല്‍ സെന്റ് ജോസഫ് മിഷന്‍ ആശുപത്രിയും നൂറു കിടക്കകള്‍ക്കു താഴെയുള്ള ആശുപത്രികളുടെ വിഭാഗത്തില്‍ പുനലൂര്‍ പൊയാനില്‍ ആശുപത്രിയും പ്രോത്സാഹന സമ്മാനത്തിനര്‍ഹമായി.
സ്റ്റോണ്‍ ക്രഷര്‍ വിഭാഗത്തില്‍ ചക്കമല പോബ്‌സ് എന്റര്‍പ്രൈസസ് ഒന്നാം സ്ഥാനം നേടി. ചവറ കെ.എം.എം.എലിലെ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റിന് വലിയ വ്യവസായ ശാലകളുടെ വിഭാഗത്തില്‍ പ്രോത്സാഹനസമ്മാനം ലഭിച്ചു. ചെറുകിട വ്യവസായ ശാലകളുടെ വിഭാഗത്തില്‍ കുന്നത്തൂര്‍ കാരക്കാട്ട് കാഷ്യൂസ് മൂന്നാം സ്ഥാനം നേടി.
ലോക പരിസ്ഥിതി ദിനമായി ജൂണ്‍ അഞ്ചിന് രാവിലെ 10.30ന് കണ്ണൂര്‍ മസ്‌കറ്റ്
പാരഡൈസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ, സാമൂഹ്യനീതി, മലിനീകരണ നിയന്ത്രണ വകുപ്പ് മന്ത്രി കെ കെ ശൈലജ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."