കേരള സര്‍വകലാശാല യുവജനോത്സവം സീരിയല്‍ താരത്തിനായി മത്സരഫലം മാറ്റിമറിച്ചു; വിവാദമായപ്പോള്‍ മരവിപ്പിച്ചു
കൊല്ലം: കേരള സര്‍വകലാശാല യുവജനോത്സവ മത്സരഫലം വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ മാറിമറിഞ്ഞത് നീണ്ട പ്രതിഷേധത്തിനും സംഘര്‍ഷത്തിനും വഴിവച്ചു. സീരിയല്‍ സിനിമാ താരമായ മഹാലക്ഷ്മിക്ക് കലാതിലകപട്ടം കൊടുക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് ആക്ഷേപമുയര്‍ന്നു. ഇതിനെതിരേ മത്സരാര്ഥികളില്നിന്നും കോളജ് അധികൃതരില്‍നിന്നും പ്രതിഷേധം ഉയര്‍ന്നതോടെ അപ്പലേറ്റ് കമ്മിറ്റിയുടെ തീരുമാനം മരവിപ്പിക്കുകയായിരുന്നു.
ഇതോടെ തിരവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ മഹാലക്ഷ്മിക്ക് കലാതിലപട്ടം നഷ്ടമായി. 16 പോയിന്റോടെ മാര്‍ ഇവാനിയോസിലെതന്നെ എം. രേഷ്മയാണ് കലാതിലകമായത്. കഥാപ്രസംഗം, കുച്ചുപ്പുടി, മാപ്പിളപ്പാട്ട് എന്നിവയുള്‍പ്പെടെ അഞ്ചിനങ്ങളിലെ ഫലമാണ് അപ്പലറ്റ് കമ്മിറ്റി മാറ്റിമറിച്ചത്. ഒന്നാം സ്ഥാനം നേടിയവര്‍ വിജയികളുടെ പട്ടികയില്‍നിന്ന് പുറത്തായി. മൂന്നാംസ്ഥാനം പോലും ലഭിക്കാതിരുന്നവര്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
കഥാപ്രസംഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ശ്രീകാര്യം ഗ്രിഗോറിയന്‍ കോളജിലെ മെറിന് മേരി ഫിലിപ്പ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വിദ്യാര്‍ഥിനി ഒന്നാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം പങ്കുവെച്ച കായംകുളം ടി.കെ.എം.എം കോളജിലെ ശ്രീദേവി, ശിവഗിരി എസ്.എന്‍ കോളജിലെ ശിവകാമി ദേവി എന്നിവര്‍ പട്ടികയില്‍നിന്ന് പുറത്തായി. പകരം രണ്ടുപേര്‍ മൂന്നാം സ്ഥാനത്തെത്തി. കുച്ചുപ്പുടി മത്സരത്തില്‍ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ കോളജിലെ ദിവ്യ വിജയന് ആയിരുന്നു ഒന്നാം സ്ഥാനം.
വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് ഫലം മാറിയതായി അറിയിപ്പുണ്ടായത്. ദിവ്യ വിജയന് വിജയികളുടെ പട്ടികയില്‍നിന്ന് പുറത്തായി. മാപ്പിളപ്പാട്ടില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ എ.എസ് ശ്രീലക്ഷ്മി (തോന്നയ്ക്കല്‍ എ.ജെ കോളജ്), ഷഹാന ഷംസ് (ചാവര്‍കോട് സി.എച്ച്.എം കോളജ്) എന്നിവര്‍ വിജയികളുടെ പട്ടികയില്‍നിന്ന് പുറത്തായി.
ഫലംപ്രഖ്യാപിച്ചപ്പോള്‍ സമ്മാനം ലഭിക്കാതിരുന്നവര്‍ക്കാണ് അപ്പലറ്റ് കമ്മിറ്റി രണ്ടാം സ്ഥാനം പ്രഖ്യാപിച്ചത്.
വിവാദവും പ്രതിഷേധവും ഉയര്‍ന്നതിനെതുടര്‍ന്ന് അപ്പലറ്റ് കമ്മിറ്റി വിദ്യാര്‍ഥികളുമായി പലതവണ ചര്‍ച്ച നടത്തി പട്ടികയില്‍നിന്ന് പുറത്തായ ഒരു വിദ്യാര്‍ഥിനിക്ക് മൂന്നാം സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും മത്സരാര്‍ഥി നിഷേധിച്ചു.
ചര്‍ച്ചയില്‍ ധാരണ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് അപ്പലറ്റ് കമ്മിറ്റിയുടെ തീരുമാനം മരവിപ്പിച്ചത് ഇതോടെ കലാതിലകം ഉള്‍പ്പെടെ മാറിമറിയുകയായിരുന്നു. അപ്പീല്‍ സംബന്ധിച്ച് പിന്നീട് പരിശോധന ഉണ്ടാകുമെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."