ജനറല്‍ മാനേജര്‍ സ്ഥലംകാലിയാക്കി; വീണ്ടും അപേക്ഷ ക്ഷണിച്ച് കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: നിലവിലെ ജനറല്‍ മാനേജര്‍ മറ്റൊരു ജോലി ലഭിച്ച് പോയതോടെ പുതിയ ആള്‍ക്കുവേണ്ടി കെ.എസ്.ആര്‍.ടി.സി നെട്ടോട്ടത്തില്‍. സുശീല്‍ഖന്ന റിപ്പോര്‍ടിനെ തുടര്‍ന്ന് പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് ജി.എമ്മിനെ നിയമിച്ചിരുന്നത്.
ഒഴിവ് വന്നതോടെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് കെ.എസ്.ആര്‍.ടി.സി വീണ്ടും അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ചാര്‍ട്ടേഡ് അക്കൗണ്ട് എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ അപേക്ഷ ക്ഷണിച്ചപ്പോള്‍ കെ.എസ്.ആര്‍.ടി.സി നിഷ്‌കര്‍ഷിച്ച യോഗ്യതകളുള്ള ഒരാള്‍ മാത്രമാണ് ജി.എം സ്ഥാനത്തേക്ക് ഉണ്ടായിരുന്നത്. ഇയാള്‍ക്ക് നിയമനം നല്‍കുകയും ചെയ്തു. യോഗ്യതയുള്ളവര്‍ കൂടുതല്‍ ഇല്ലാത്തതിനാല്‍ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചില്ല.
കെ.എസ്.ആര്‍.ടി.സിയെ മൂന്ന് സോണുകളായി തിരിച്ച് പരിഷ്‌കരണ നടപടികള്‍ ശക്തമാക്കാന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനമായത്. എക്‌സിക്യൂട്ടീവ് ഡയരക്ടര്‍മാരെയാണ് സോണുകളിലേക്ക് നിയമിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അടുത്തമാസം ഇവരുടെ നിയമനം ഉണ്ടാകുമെന്നാണ് സമരക്കാര്‍ക്ക് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് നല്‍കിയ ഉറപ്പ്. ഇത് സാധിക്കണമെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കകം ജനറല്‍ മാനേജരെ നിയമിച്ച് അദ്ദേഹത്തിന് ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരുമാസത്തിലധികമെങ്കിലും എടുത്തേ പുതിയ ജനറല്‍ മാനേജരുടെ നിയമനം പൂര്‍ത്തിയാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."