ഗവര്‍ണര്‍ക്ക് വഴിയൊരുക്കുന്നതിനിടെ കാര്‍ ഡ്രൈവറെ പൊലിസ് മര്‍ദിച്ചു
കോട്ടക്കല്‍: ഗവര്‍ണര്‍ക്ക് വഴിയൊരുക്കുന്നതിനിടെ കാര്‍ഡ്രൈവറെ പൊലിസ് നടുറോഡില്‍ മര്‍ദിച്ചു. കോട്ടക്കലിലൂടെ പൊന്നാനിയിലേക്കു പോകുകയായിരുന്ന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് വഴിയൊരുക്കി കൊടുത്ത കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ യാണ് കാര്‍ ഡ്രൈവറുെട മൂക്കിന് ഇടിച്ചു പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ കാര്‍ ഡ്രൈവറും തപാല്‍ വകുപ്പ് റിട്ട. ജീവനക്കാരനുമായ കൊളത്തൂപറമ്പ് സ്വദേശി ജനാര്‍ദനനെ (58) കോട്ടക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് കോട്ടക്കല്‍ ടൗണില്‍ ആണ് സംഭവം. കാറുമായി പോകുന്നതിനിടെ ജനാര്ദനന് ഗവര്‍ണറുടെ പൈലറ്റ് വാഹനത്തിന്റെ സൈറണ്‍ കേട്ട് കാര്‍ ഒതുക്കിയിട്ടിരുന്നു. ഇതിനിടയിലാണ് കോട്ടക്കല്‍ സ്റ്റേഷനിലെ എ.എസ്.ഐ ഇയാള്‍ക്ക് നേരെ ആക്രോശിച്ചെത്തി മുഷ്ടി ചുരുട്ടി മൂക്കിനിടിച്ചത്. കാറില്‍ നിന്ന് പുറത്തിറങ്ങിയ ജനാര്‍ദനന്റെ മൂക്കില്‍ നിന്ന് രക്തം വന്നു. സംഭവംകണ്ട കച്ചവടക്കാരും നാട്ടുകാരും ഓടിക്കൂടി പൊലിസിനെക്കൊണ്ട് തന്നെ ജീപ്പില്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രകോപനമൊന്നുമില്ലാതെ തന്നെ മര്‍ദ്ദിച്ച എ.എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനാര്ദ്ദനന് എസ്.പിക്ക് പരാതിയും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."