കീഴാറ്റൂരില്‍ സര്‍ക്കാര്‍ അയയുന്നു
തിരുവനന്തപുരം: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാതക്ക് ബൈപാസ് പണിയണമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ അയയുന്നു. ഇതിന്റെ ഭാഗമായി കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ പണിയാനുള്ള സാധ്യതകള്‍ തേടണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും ദേശീയപാത അതോറിറ്റി ചെയര്‍മാനും കത്തെഴുതി. ഇതുവരെ സമരക്കാരെ അതിരൂഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്ന മന്ത്രി, സമരക്കാര്‍ക്ക് ലഭിക്കുന്ന ശക്തമായ പിന്തുണയുടെ പശ്ചാത്തലത്തിലും മറ്റൊരു രാഷ്ട്രീയ നീക്കമെന്ന നിലയിലുമാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിലവിലെ അലൈന്‍മെന്റില്‍മാറ്റം വരുത്തി നെല്‍വയലിന് കുറുകെ മേല്‍പാത പണിയുന്നതിനുള്ള അനുമതിയാണ് കത്തിലൂടെ മന്ത്രി ജി.സുധാകരന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനോടും ദേശീയപാത അതോറിറ്റിയോടും തേടിയിരിക്കുന്നത്.
ബൈപാസിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തി മേല്‍പാതയാക്കിയാല്‍ വയല്‍ സംരക്ഷിക്കാമെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും മന്ത്രി കത്തില്‍ പറയുന്നുണ്ട്.
പാടം നികത്തി റോഡ് പണിയുന്നതിന് പകരം മേല്‍പാതയെന്ന ആശയം നേരത്തെ തന്നെ തളിപ്പറമ്പ് എം.എല്‍.എ ജെയിസ് മാത്യു മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എലിവേറ്റഡ് റോഡിന്റെ സാധ്യതകള്‍ ആരാഞ്ഞ് മന്ത്രി കത്തെഴുതിയിരിക്കുന്നത്.
അലൈന്‍മെന്റ് മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവച്ച സി.പി.എം. മറ്റൊരു രാഷ്ട്രീയ നീക്കമാണ് നടത്തിയിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.
പാര്‍ട്ടി കേന്ദ്രത്തിലേക്ക് വയല്‍ക്കിളികളിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ ഈ നീക്കത്തിലൂടെ വെട്ടിലാക്കാമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. ദേശീയപാത അലൈന്‍മെന്റ് മാറ്റം വരുത്തുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നു തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന സി.പി.എം. അതുകൊണ്ടാണ് കേന്ദ്ര ഗതാഗത മന്ത്രിക്കും ദേശീയപാത അതോറിറ്റിക്കും കത്തെഴുതി പുതിയൊരു നീക്കം നടത്തിയിരിക്കുന്നത്.
ഇതിലൂടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്ന കാര്യം ബി.ജെ.പിയുടെ തലയില്‍ കെട്ടിവയ്ക്കാനും കൂടിയാണ് സി.പി.എം. ശ്രമമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."