കേരളം ഇന്ന് മഹാരാഷ്ട്രയ്‌ക്കെതിരേ മലയാളി കരുത്തില്‍ കന്നട വിജയം
കൊല്‍ക്കത്ത: മലയാളി താരങ്ങള്‍ സമ്മാനിച്ച ഗോളുകളില്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങളുമായി കര്‍ണാടകയുടെ കുതിപ്പ്. 72ാമത് സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ 2-1 ന് കര്‍ണാടക ഒഡിഷയെ തകര്‍ത്തു. 2-1 ന് പഞ്ചാബിനെ തകര്‍ത്ത് മിസോറമും സെമി ഫൈനല്‍ ഉറപ്പിച്ചു. ഗ്രൂപ്പ് എയില്‍ ഇന്ന് കേരളം മഹാരാഷ്ട്രയെയും നിലവിലെ കിരീട ജേതാക്കളായ പശ്ചിമ ബംഗാള്‍ ചണ്ഡീഗഢിനെയും നേരിടും.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ പന്തുതട്ടുന്ന കര്‍ണാടകയുടെ വിജയത്തിന് പിന്നില്‍ മലയാളി കരുത്തന്‍മാരുടെ പോരാട്ട വീര്യമായിരുന്നു. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി എസ്. രാജേഷും കോഴിക്കോട് കുതിരവട്ടം സ്വദേശി ലിയോണ്‍ അഗസ്റ്റിനുമായിരുന്നു ഒഡിഷയെ തകര്‍ത്ത കര്‍ണാടകയുടെ തുടര്‍ച്ചയായ രണ്ടാം വിജയത്തിന് പിന്നിലെ ഹീറോകള്‍. ബംഗളൂരു എഫ്.സിയുടെ സീനിയര്‍ ടീമില്‍ അംഗമായ ലിയോണ്‍ അഗസ്റ്റിനിലൂടെ കര്‍ണാടക ആദ്യം മുന്നിലെത്തി.
25ാം മിനുട്ടിലായിരുന്നു കര്‍ണാടകയെ മുന്നിലെത്തിച്ച ലിയോണിന്റെ ഗോള്‍ പിറന്നത്. 87ാം മിനുട്ടിലായിരുന്നു കര്‍ണാടകയുടെ വിജയമുറപ്പിച്ച രാജേഷിന്റെ വകയുള്ള രണ്ടാം ഗോള്‍. കര്‍ണാടകയും ഒഡിഷയും ഇഞ്ചോടിഞ്ച് പൊരുതിയ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഓരോ ഗോള്‍ വീതം അടിച്ച് ഇരു ടീമുകളും സമനില പാലിച്ചു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു ഒഡിഷ കര്‍ണാടകയെ സമനിലയില്‍ കുരുക്കിയത്. ക്യാപ്റ്റന്‍ അര്‍ജുന്‍ നായിക്കാണ് ഒഡിഷയ്ക്കായി ഗോള്‍ നേടിയത്.
പഞ്ചാബും മിസോറമും ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. ആദ്യ പകുതിയുടെ ഏഴ്, ഒന്‍പത് മിനുട്ടുകളില്‍ ലാല്‍റെമുറുവാറ്റ നേടിയ ഇരട്ട ഗോളിലാണ് മിസോറം മുന്നിലെത്തിയത്. 56ാം മിനുട്ടില്‍ ജിതേന്ദര്‍ റാവത്തിന്റെ വകയായിരുന്നു പഞ്ചാബിന്റെ ആശ്വാസ ഗോള്‍. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ച മിസോറം സെമി ഫൈനല്‍ ഉറപ്പിച്ചു.
ബംഗളൂരുവില്‍ റയില്‍വേ ജൂനിയര്‍ ക്ലര്‍ക്കായ രാജേഷ് കര്‍ണാടകയുടെ ആക്രമണത്തിന്റെ കുന്തമുനയാണ്. 4-1 ന് ഗോവയെ തോല്‍പിച്ച പോരാട്ടത്തില്‍ ഒരു ഗോള്‍ കര്‍ണാടകയ്ക്ക് സമ്മാനിച്ച രാജേഷ് ഇന്നലെ ഒഡിഷയ്‌ക്കെതിരേ വിജയം ഉറപ്പിച്ച ഗോളിന്റെ ഉടമയുമായി. കര്‍ണാടകയ്ക്കും റയില്‍വേസിനും വേണ്ടി സന്തോഷ് ട്രോഫിയില്‍ ബൂട്ടുകെട്ടി. ആറാമത്തെ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പിനെത്തിയ രാജേഷിന്റെ കരുത്തിലായിരുന്നു കര്‍ണാടക ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് കടന്നത്. നാല് ഗോളുകള്‍ നേടിയ രാജേഷ് യോഗ്യതാ റൗണ്ടിലെ മാന്‍ ഓഫ് ദ് സീരീസായി.
സന്തോഷ് ട്രോഫിയില്‍ ഇന്നലെ നേടിയത് കരിയറിലെ 23ാമത്തെ ഗോളാണ്. ചെന്നൈ സിറ്റി എഫ്.സി, ഗോകുലം കേരള ടീമുകള്‍ രാജേഷിനെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. കര്‍ണാടക സംസ്ഥാന ടീമുമായുള്ള കരാര്‍ അവസാനിക്കാത്തതാണ് തടസമായത്. അടുത്ത സീസണില്‍ ഐ ലീഗ് ടീമില്‍ സ്ഥാനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് രാജേഷ്.
തിരുവനന്തപുരത്തെ കടലോര ഗ്രാമമായ പൊഴിയൂര്‍ ഊറ്റിന്‍കുഴി സെന്റ് ആന്റണീസ് നഗറില്‍ സൂസൈനായകത്തിന്റെയും മേരി ജോണിന്റെയും പുത്രനാണ് രാജേഷ്. പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്ന് വരുന്ന രാജേഷ് ചേട്ടന്മാര്‍ പന്ത് തട്ടുന്നതു കണ്ടാണ് കളി പഠിച്ചത്. കൊല്ലങ്കോട് സെന്റ് മാത്യൂസ് റിക്രിയേഷന്‍ ക്ലബിലൂടെ കളിച്ചു തുടങ്ങി ബെമ്ലിലൂടെ സെക്കന്‍ഡ് ഡിവിഷന്‍ ലീഗ് വഴിയാണ് ബംഗളൂരുവില്‍ എത്തിയത്. 2012ല്‍ 22ാം വയസിലാണ് സന്തോഷ് ട്രോഫിയില്‍ കര്‍ണാടകയുടെ ജേഴ്‌സി അണിയുന്നത്. 2013ലും കര്‍ണാടക ടീമില്‍ കളിച്ചു. റയില്‍വേയില്‍ ജോലി ലഭിച്ചതോടെ 2014, 15, 17 വര്‍ഷങ്ങളില്‍ റയില്‍വേസിന്റെ സന്തോഷ് ട്രോഫി താരമായി. ഇത്തവണ മികച്ച സ്‌ട്രൈക്കറായ രാജേഷിനെ കര്‍ണാടക തിരിച്ചുവിളിച്ചു.
ബംഗളൂരു എഫ്.സിയുടെ ലിയോണ്‍ അഗസ്റ്റിന്‍ കര്‍ണാടകയുടെ മധ്യനിര താരമാണ്. എ.എഫ്.സി കപ്പില്‍ കഴിഞ്ഞ മാസം 14ന് ബംഗ്ലാദേശ് ക്ലബായ അബാഹാനി ധാക്കയെ അട്ടിമറിച്ച ബി.എഫ്.സി ടീമില്‍ അംഗമായിരുന്നു ലിയോണ്‍. വിങുകളിലൂടെ മനോഹരമായി കളി മെനയുന്ന ലിയോണ്‍ കര്‍ണാടകയുടെ വിശ്വസ്ത മിഡ്ഫീല്‍ഡ് ജനറലാണ്. സെലക്ഷന്‍ ട്രയല്‍സിലൂടെയാണ് ബംഗളൂരു എഫ്.സിയില്‍ ലിയോണ്‍ എത്തുന്നത്.
കോഴിക്കോട് യൂനിവേഴ്‌സല്‍ സോക്കര്‍ അക്കാദമിയിലൂടെ കളി തുടങ്ങിയ ലിയോണ്‍ പിതാവിന്റെ പാത പിന്തുടര്‍ന്നാണ് കാല്‍പന്തുകളി ലോകത്തേക്ക് വന്നത്. കോഴിക്കോട് കെ.ആര്‍.എസിന്റെയും ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെയും താരമായിരുന്ന എം അശോകനാണ് പിതാവ്. മാതാവ് ലീന. ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് ലിയോണ്‍. ഇരുവരിലും തീരുന്നില്ല കര്‍ണാടകയുടെ മലയാളി പെരുമ. കോഴിക്കോട് സ്വദേശികളായ ഷെയ്ന്‍ ഖാനും (ഗോളി) പി.പി ഷാഫിയും (പ്രതിരോധം) കര്‍ണാടകയുടെ സ്‌ക്വാഡിലുണ്ട്.
സെമി ലക്ഷ്യമിട്ട് കേരളം
ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ രണ്ട് വിജയം നേടിയ കേരളം സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മഹാരാഷ്ട്രയെ നേരിടാന്‍ ഇന്ന് ഇറങ്ങുന്നത്. മികച്ച ഗോള്‍ ശരാശരിയില്‍ കേരളം മുന്നിലാണ്.
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നായി 11 ഗോളുകള്‍ എതിരാളികള്‍ക്ക് സമ്മാനിച്ച കേരളം വഴങ്ങിയത് ഒരു ഗോള്‍ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."