'തലൈ'വര്‍ ക്രിസ്റ്റ്യാനോ
മ്യൂണിക്ക്: അവസാന വിസില്‍ ഊതും വരെ ഒന്നും പ്രവചിക്കാന്‍ സാധിക്കില്ലെന്ന കാല്‍പന്ത് തത്വം കണ്ട പോരാട്ടത്തില്‍ തോല്‍വിയില്‍ നിന്ന് തലവര മാറ്റിയെഴുതി വിജയം പിടിച്ച് പോര്‍ച്ചുഗല്‍. ഈജിപ്തിനെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ 90 മിനുട്ട് പൂര്‍ത്തിയായപ്പോള്‍ 0- 1ന് തോല്‍വി മുന്നില്‍ കണ്ട പോര്‍ച്ചുഗല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഇരട്ട ഹെഡ്ഡര്‍ ഗോളിലൂടെ ഇഞ്ച്വറി ടൈമില്‍ 2-1ന് മത്സരം വരുതിയിലാക്കി. അപ്രവചനീയ ഫുട്‌ബോള്‍ സൗന്ദര്യം ലോകം ഒരിക്കല്‍ കൂടി കണ്ട മത്സരത്തില്‍ പോര്‍ച്ചുഗല്‍ നാടകീയ വിജയവുമായി മൈതാനം വിട്ടു.
മറ്റ് മത്സരങ്ങളില്‍ നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനിയും മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. കരുത്തരായ അര്‍ജന്റീന, ഇംഗ്ലണ്ട് ടീമുകളും വിജയം സ്വന്തമാക്കി. അതേസമയം ഫ്രാന്‍സിനെ കൊളംബിയ 2-3ന് പരാജയപ്പെടുത്തിയപ്പോള്‍ പോളണ്ടിനെ നൈജീരിയ 0- 1നും പെറു ക്രൊയേഷ്യയെ 2- 0ത്തിനും അട്ടിമറിച്ചു.
ഈജിപ്തിനെതിരായ പോരാട്ടത്തില്‍ അവസാന നിമിഷം നായകനും സൂപ്പര്‍ താരവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹെഡ്ഡറിലൂടെ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിലാണ് പോര്‍ച്ചുഗല്‍ മത്സര ഫലം തിരുത്തിയത്. 90 മിനുട്ടും കടന്നപ്പോള്‍ പുതിയ സെന്‍സേഷന്‍ മുഹമ്മദ് സലാഹ് നേടിയ ഗോളില്‍ 1-0ത്തിന് വിജയത്തിലേക്ക് കുതിച്ച ഈജിപ്തിനെ ഇഞ്ച്വറി ടൈമില്‍ ഇരട്ട ഗോള്‍ നേടിയാണ് ക്രിസ്റ്റ്യാനോ ഞെട്ടിച്ചത്. ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനുട്ടില്‍ ടീമിനെ ഒപ്പമെത്തിച്ച ക്രിസ്റ്റ്യാനോ മത്സരത്തിന്റെ ലാസ്റ്റ് വിസില്‍ മുഴങ്ങുന്നതിന് തൊട്ടുമുന്‍പ് രണ്ടാം ഗോളും വലയിലാക്കിയാണ് സമീപ കാലത്ത് ഫുട്‌ബോള്‍ ലോകം കണ്ട ഉജ്ജ്വല തിരിച്ചുവരവിലൂടെ ടീമിനെ കരയകയറ്റിയത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതി തുടങ്ങി 56ാം മിനുട്ടിലാണ് ഈജിപ്തിനെ മുന്നില്‍ കടത്തി മുഹമ്മദ് സലാഹ് ലക്ഷ്യം കണ്ടത്.
തുല്ല്യ ശക്തികളുടെ മൈതാനത്തെ ഏറ്റുമുട്ടലായിരുന്നു ജര്‍മനിയും സ്‌പെയിനും തമ്മിലുള്ള മത്സരം. കളി തുടങ്ങി ആറാം മിനുട്ടില്‍ തന്നെ റോഡ്രിഗോയിലൂടെ സ്‌പെയിന്‍ മുന്നിലെത്തി. എന്നാല്‍ 35ാം മിനുട്ടില്‍ തോമസ് മുള്ളര്‍ നേടിയ ലോങ് റെയ്ഞ്ച് ഗോളിലൂടെ ജര്‍മനി സമനില പിടിച്ചു. പിന്നീട് ഇരു പക്ഷവും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. പന്തടക്കത്തില്‍ സ്‌പെയിന്‍ മുന്നില്‍ നിന്നപ്പോള്‍ ആക്രമണത്തില്‍ മുന്‍തൂക്കം ജര്‍മനിക്കായിരുന്നു.
അവസാന നിമിഷം പരുക്കേറ്റ് സൂപ്പര്‍ താരവും നായകനുമായ മെസ്സി പിന്‍മാറിയ മത്സരത്തില്‍ വിജയിച്ച് അര്‍ജന്റീന. ഇറ്റലിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അവര്‍ വീഴ്ത്തിയത്. കളിയുടെ അവസാന ഘട്ടം വരെ ഗോള്‍രഹിതമായി നീണ്ടപ്പോള്‍ പത്ത് മിനുട്ടിനിടെ രണ്ട് ഗോള്‍ വലയിലെത്തിച്ചാണ് അര്‍ജന്റീന വിജയം പിടിച്ചത്. പന്തടക്കത്തിലും ആക്രമണത്തിലും മുന്നില്‍ നിന്ന അര്‍ജന്റീനയെ കടുത്ത പ്രതിരോധം തീര്‍ത്ത് ഇറ്റലി പൂട്ടിയപ്പോള്‍ ഗോള്‍ അകന്ന് നിന്നു. എന്നാല്‍ 75ാം മിനുട്ടില്‍ പ്രതിരോധം പൊട്ടിച്ച് എവര്‍ ബനേഗയും 85ാം മിനുട്ടില്‍ മാനുവല്‍ ലാന്‍സിനിയും അര്‍ജന്റീനയ്ക്കായി വല ചലിപ്പിക്കുകയായിരുന്നു.
രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ഫ്രാന്‍സ് കൊളംബിയക്കെതിരേ 2- 3ന് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്. ഒലിവര്‍ ജിറൂദ്, തോമസ് ലെമര്‍ എന്നിവരുടെ ഗോളില്‍ ആദ്യ പകുതിയില്‍ തന്നെ ഫ്രഞ്ച് ടീം മുന്നിലെത്തി. എന്നാല്‍ ലൂയീസ് മുരിയലിന്റെ ഗോളില്‍ ലീഡ് കുറച്ച കൊളംബിയ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി. റഡാമല്‍ ഫാല്‍ക്കാവോ 62ാം മിനുട്ടില്‍ ടീമിനെ സമനിലയിലെത്തിച്ചു. 85ാം മിനുട്ടില്‍ ഫ്രാന്‍സ് ടീം പെനാല്‍റ്റി വഴങ്ങി. കിക്കെടുത്ത ഫെര്‍ണാണ്ടോ ക്വിന്റെറോ ലക്ഷ്യം കണ്ടതോടെ കൊളംബിയ വിജയവും ഉറപ്പിച്ചു.
ജെസ്സെ ലിംഗാര്‍ഡ് നേടിയ ഏക ഗോളിലാണ് ഹോളണ്ടിനെതിരേ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഗോള്‍ പിറക്കാതെ പോയപ്പോള്‍ 59ാം മിനുട്ടിലാണ് താരം ടീമിനായി വിജയ ഗോള്‍ വലയിലാക്കിയത്.
ചെല്‍സി താരം വിക്ടര്‍ മോസസ് നേടിയ പെനാല്‍റ്റി ഗോളിന്റെ ബലത്തിലാണ് സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ഉള്‍പ്പെട്ട പോളണ്ടിനെ നൈജീരിയ അട്ടിമറിച്ചത്. കളിയുടെ 62ാം മിനുട്ടിലാണ് ചെല്‍സി താരം വല കുലുക്കിയത്.
മത്സര ഫലങ്ങള്‍
ജര്‍മനി 1-1 സ്‌പെയിന്‍
അര്‍ജന്റീന 2- 0 ഇറ്റലി
റഷ്യ 0- 3 ബ്രസീല്‍
പോര്‍ച്ചുഗല്‍ 2- 1 ഈജിപ്ത്
ഹോളണ്ട് 0- 1 ഇംഗ്ലണ്ട്
പോളണ്ട് 0- 1 നൈജീരിയ
ഫ്രാന്‍സ് 2- 3 കൊളംബിയ
പെറു 2- 0 ക്രൊയേഷ്യ
മെക്‌സിക്കോ 3- 0 ഐസ്‌ലന്‍ഡ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."