പ്രതിഷേധ മാനിയ
ഫോണില്‍ ട്രീസയാണ്.
'എന്ത് തോന്ന്യാസാടാ നിന്റെ ഭാര്യ കാട്ടിവച്ചിരിക്കുന്നത്, ഇറ്റ് ഈസ് ടൂമച്ച് '
'എന്താ ട്രീസ, എന്തുണ്ടായി'
'നീയാ ഫെയ്‌സ്ബുക്കൊന്ന് തുറന്ന് നോക്ക്, കാണാം'
ട്രീസ ഫോണ്‍ കട്ട് ചെയ്തു.
ഫെയ്‌സ്ബുക്ക് ഓപണ്‍ ചെയ്ത് ഭാര്യ മാലിനിയുടെ ടൈംലൈനില്‍ കയറി. മണിക്കൂറുകള്‍ക്കു മുന്‍പ് മാലിനി പോസ്റ്റ് ചെയ്ത ചിത്രം കണ്ടു തല ചുറ്റുന്നതുപോലെ തോന്നി.
കുഞ്ഞിനു മുലയൂട്ടുന്ന മാലിനിയുടെ ഫോട്ടോ... അവളുടെ അര്‍ധനഗ്നമായ മാറിടം. ശരീരമാകെയൊരു വിറയല്‍. തളര്‍ച്ച പോലെ. ഉടനെ മാലിനിയെ ഫോണില്‍ വിളിച്ചു.
'എന്താണ് നിന്റെ മനസ്സില്‍, മനുഷ്യനെ അപമാനിക്കാന്‍ തന്നെയാണോ നിന്റെ തീരുമാനം?'
'എന്താ പ്രശ്‌നം?'
'ഫെയ്‌സ്ബുക്കില്‍ എന്താണ് നീ ചെയ്ത് വച്ചിരിക്കുന്നത് ?'
'നോക്കൂ ശ്രാവണ്‍, ദാറ്റീസ് മൈ ഫ്രീഡം, യൂ ഡോണ്‍ഡ് വറി'
'വൈ നോട്ട് മാലിനി, ഐയാം യുവര്‍ ഹസ്ബന്‍ഡ്, അന്‍ഡര്‍സ്റ്റാന്‍ഡ് '
'എനിക്കീ വിഷയത്തെ കുറിച്ചൊന്നും പറയാനില്ല'
മാലിനി ഫോണ്‍ കട്ട് ചെയ്തു. ശ്രാവണ്‍ കൈയില്‍ കിട്ടിയതൊക്കെ നിലത്തേക്കു വലിച്ചെറിഞ്ഞു. എത്ര ശ്രമിച്ചിട്ടും ദേഷ്യം അടക്കാനായില്ല. ഇന്നലെയൊരു മാഗസിനില്‍ വന്ന മുലയൂട്ടുന്ന പെണ്ണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മാലിനിയുടെ പോസ്റ്റിന് ആരാധകര്‍ കൂടിക്കൂടിവന്നു. മൂവ്വായിരത്തില്‍ കൂടുതല്‍ ലൈക്ക്, ആയിരത്തഞ്ഞൂറില്‍പരം കമന്റ്‌സ്, മാറിടത്തിന്റെ സൗന്ദര്യത്തെ വര്‍ണിച്ചുകൊണ്ടുള്ള ഫ്രീക്കന്മാരുടെ അശ്ലീല പരാമര്‍ശങ്ങള്‍. തൊലിയുരിയുന്നതു പോലെ തോന്നി. തന്റെ മാത്രം സ്വകാര്യതയെ അവള്‍ പ്രദര്‍ശനവസ്തുവാക്കി കളഞ്ഞല്ലോ.. ശ്രാവണിനു സഹിച്ചില്ല.
ഓഫിസ് കഴിഞ്ഞു വന്നതും ചോദ്യങ്ങള്‍ക്കു വഴങ്ങാതെ മാലിനി മുറിയില്‍ കയറി വാതിലടച്ചു. അവള്‍ ബെഡ്ഡില്‍ മുഖംപൂഴ്ത്തിക്കിടന്നു. വേണ്ടായിരുന്നു, ഓഫിസ് മുതല്‍ ഫ്‌ളാറ്റിലെ സ്വന്തം മുറിയിലെത്തുന്നതുവരെ മാറിടത്തെ കൊത്തിവലിക്കുന്ന തുറിച്ചുനോട്ടങ്ങള്‍, കാമക്കണ്ണുകള്‍, മുന്‍പു ബഹുമാനത്തോടെ മാത്രം പെരുമാറിയിരുന്നവരുടെ കണ്ണുകളില്‍പോലും ആര്‍ത്തി കണ്ടു. പതിനൊന്നുമണി കഴിഞ്ഞപ്പോള്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി. നല്ല വിശപ്പുണ്ട്.
സോഫയില്‍ ശ്രാവണ്‍ ഉറങ്ങുന്നു. കൂര്‍ക്കം വലി കേള്‍ക്കാം. തന്റെ പ്രവൃത്തിമൂലം ഒരുപാടു വിഷമിച്ചിട്ടുണ്ടാകും. ഓഫിസിലെ സഹപ്രവര്‍ത്തക റോസിയുടെ മൂന്നുമാസം പ്രായമായ കുഞ്ഞിനെ കണ്ടപ്പോള്‍ തോന്നിയ കൗതുകം, റോസി കൂടി പ്രോത്സാഹിപ്പിച്ചപ്പോള്‍ പ്രതിഷേധമറിയിക്കാന്‍ ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തു.
വിയര്‍പ്പ് നാറുന്നു. കുളി കഴിഞ്ഞ് എന്തെങ്കിലും കഴിക്കാം. ബാത്ത്‌റൂമില്‍ ചെന്നപ്പോള്‍ പൈപ്പില്‍ വെള്ളം വരുന്നില്ല. പുറത്ത് പൊതുവായി ഉപയോഗിക്കുന്ന കുളിമുറിയുണ്ട്. അവിടെ ചെന്നുകുളിച്ചു. ഇപ്പോള്‍ നല്ല ഉന്മേഷം തോന്നുന്നു. ശ്രാവണ്‍ ബോധം കെട്ടുറങ്ങുകയാണ്. അവനങ്ങനെയാണ് ടെന്‍ഷന്‍ കൂടിയാല്‍ ചത്തപോലെ കിടന്നുറങ്ങും. രാവിലെ ഓഫിസിലേക്കിറങ്ങുമ്പോള്‍ ശ്രാവണ്‍ പത്രം നോക്കിയിരിപ്പുണ്ട്. ദേഷ്യപ്പെട്ട് സംസാരിക്കുമെന്നു കരുതിയെങ്കിലും തെറ്റി. അവന്‍ കണ്ട ഭാവം നടിച്ചില്ല. ഓഫിസിലെ തിരക്കിനിടയിലാണ് റോസി നിര്‍ബന്ധിച്ചു പുറത്തേക്കുകൊണ്ടുപോയത്.
'എന്താടീ, എന്താ കാര്യം?'
'എന്താ നിന്റെ ഭാവം, ഇന്നലെ ഒരു തമാശയ്ക്ക് ഞാനും കൂട്ടുനിന്നു. ഇതല്‍പം കടന്നുപോയി'-റോസി പറഞ്ഞു.
'എന്താ, എന്താടീ പ്രശ്‌നം, പറ'
റോസി ഫോണ്‍ ഓണ്‍ ചെയ്ത് കാണിച്ചു.
'ഇത് നീ തന്നെയല്ലേ?'-മാലിനി അതുകണ്ടു ഞെട്ടി.
തന്റെ നഗ്നമായ ശരീരം, കുളിമുറിയിലെ ദൃശ്യങ്ങള്‍, അതും വിഡിയോ രൂപത്തില്‍..
' ഇത്, ഇതെങ്ങനെ?'-മാലിനി കരഞ്ഞു.
' ഞാനല്ല, ഞാനല്ല അതഴ ചെയ്തത് '
'പിന്നെ? നിന്റെ ടൈംലൈനില്‍നിന്നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിനക്കല്ലാതെ മറ്റാര്‍ക്കാ ചെയ്യാനാവുക'
'അറിയില്ല... എനിക്കറിയില്ല, ഞാനല്ല അത് പോസ്റ്റ് ചെയ്തത് '
മാലിനി കാബിനിലേക്കു മടങ്ങി മേശപ്പുറത്തുനിന്ന് ബാഗെടുത്തു ലക്ഷ്യമില്ലാതെ നാലുവരിപ്പാതയിലെ വാഹനങ്ങളുടെ മത്സര ഓട്ടത്തിനുള്ളിലേക്കു നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."