ഇതിഹാസകാരന്റെ ഇസ്‌ലാമിക ചിന്തകള്‍
ബഹുസ്വര സാമൂഹികബോധം പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു തീര്‍ച്ചയായും ഒ.വി വിജയന്‍. ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളുടെ സ്വാധീനം ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. പാലക്കാട് ജില്ലയിലെ ഹിന്ദു-മുസ്‌ലിം ജനവിഭാഗങ്ങള്‍ ഇടകലര്‍ന്നു ജീവിച്ച ഒരു പ്രദേശത്തായിരുന്നു അദ്ദേഹത്തിന്റെ തറവാട്ടുവീടായ ഓട്ടുപുലാക്കല്‍ നിലനിന്നിരുന്നത്. ഈ പാരമ്പര്യത്തിന്റെ അനിവാര്യമായ ശീലങ്ങള്‍ അദ്ദേഹത്തിന്റെ ചെറുപ്പകാലം തൊട്ടുതന്നെ സഹവര്‍ത്തനങ്ങളിലും പെരുമാറ്റത്തിലും മുന്നിട്ടുനിന്നു. മതങ്ങളുടെയും വിശ്വാസങ്ങളുടെയും കാര്യത്തിലുള്ള ഉദാരമനോഭാവത്തിന്റെയും ആശയവിനിമയത്തിന്റെയും സംസ്‌കാരം ഈ പശ്ചാത്തലത്തില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നു. മുസ്‌ലിം അയല്‍വാസികളുമായുള്ള സൗഹാര്‍ദത്തിന്റെ ഫലമായിട്ടാണ് ഒ.വി വിജയനെയും സമാന സാമൂഹ്യ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന മറ്റു പലരെയും ഇസ്‌ലാമിനെ കുറിച്ചുള്ള തുറന്ന പഠനങ്ങളിലേക്കും സാമാന്യമായ അവബോധരൂപീകരണത്തിലേക്കും നയിച്ചത്.
പാലക്കാടന്‍ ഉള്‍ഗ്രാമങ്ങളില്‍ നിലനിന്ന ഏതുതരം മതബോധങ്ങള്‍ക്കും വൈജ്ഞാനികവും പ്രയോഗപരവുമായ ധാരാളം പരിമിതികള്‍ സ്വാഭാവികമായും ഉണ്ടായിരുന്നു. ഒ.വി വിജയന്‍ തന്റെ ചെറുപ്രായത്തില്‍ സ്വാംശീകരിച്ച ഇസ്‌ലാമിക അവബോധത്തിലും ഇതു പ്രകടമാണ്. തദ്ദേശീയമായി ഉരുത്തിരിഞ്ഞുവന്ന മിത്തുകളുടെയും കെട്ടുകഥകളുടെയും സ്വാധീന ധാരാളിത്തം ആ മതബോധത്തില്‍ കാണാം. ആശയമോ തത്വചിന്തയോ കഥയോ ചരിത്രാനുഭവവിവരണമോ ഏതുമാകട്ടെ ഇസ്‌ലാമുമായി ബന്ധപ്പെട്ട ഏതിലും തദ്ദേശീയമായ കലര്‍പ്പുകളും അതിഭാവുകത്വ അംശങ്ങളും ഇടകലര്‍ന്നിരുന്നു. പാലക്കാട്ടെ മതജീവിതത്തില്‍ നിലനിന്നിരുന്ന പലതരം വേറിട്ട പ്രവണതകളും ഇസ്‌ലാമിന്റെ അംശം എന്ന നിലയിലാണ് അമുസ്‌ലിംകള്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടത്. ഗ്രാമീണവും അജ്ഞതയില്‍ അധിഷ്ഠിതവുമായ സാഹചര്യങ്ങളില്‍ ഇസ്‌ലാമിനെക്കുറിച്ചു ഗഹനവും പ്രമാണാധിഷ്ഠിതവുമായ പഠനങ്ങള്‍ക്കു സാധ്യതകള്‍ അപൂര്‍വമായിരുന്നുവെന്ന പരിമിതിയാണ് ഒ.വി വിജയന്റെ ബാല്യകാല ഇസ്‌ലാമിക മതാവബോധങ്ങളെ ചുരുക്കിക്കളഞ്ഞത്. പില്‍ക്കാലത്ത് ഇതിനു മാറ്റം വന്നിട്ടുണ്ട് എന്നതു യാഥാര്‍ഥ്യമാണ്.
ബാല്യത്തിലെ തദ്ദേശീയമായ ഇസ്‌ലാമിക ബന്ധങ്ങളുടെ സ്വാധീനഫലമായി ഒ.വി വിജയനുള്ളില്‍ മുസ്‌ലിം സമൂഹത്തോടും ജീവിതത്തോടും ചില സജീവ ആഭിമുഖ്യങ്ങള്‍ രൂപപ്പെട്ടുവന്നിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്തുടനീളം ഈ ആഭിമുഖ്യം നിലനില്‍ക്കുകയും ചെയ്തു. ചെറുകഥകളിലും ലേഖനങ്ങളിലും പ്രത്യേകിച്ച് നോവലുകളിലും ഈ ആഭിമുഖ്യത്തിന്റെയും താല്‍പര്യത്തിന്റെയും സ്വാധീനമുദ്രകള്‍ കാണാം. കോളജ് വിദ്യാര്‍ഥിയായിരുന്ന ഘട്ടത്തില്‍ സൈദ്ധാന്തികമായി ഇസ്‌ലാമിനെ പഠിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. പ്രധാനമായും ഖുര്‍ആന്‍ പരിഭാഷകളാണ് ഇതിനായി അദ്ദേഹം ആശ്രയിച്ചത്. പിന്നീട് എഴുത്തിന്റെ ഘട്ടത്തിലേത്തിലേക്കു കൂടുതലായി കടന്നുചെന്നപ്പോള്‍ സൂഫിസവുമായി ബന്ധപ്പെട്ട രചനകളും പരമ്പരാഗത മുസ്‌ലിം പാട്ടുസാഹിത്യങ്ങളും അറബി മലയാള ഭാഷയില്‍ എഴുതപ്പെട്ട മാപ്പിളപ്പാട്ടുകളും മോയിന്‍കുട്ടി വൈദ്യരുടെ കവിതകളുമെല്ലാം ഒ.വി വിജയന്റെ വായനയില്‍ ഇടംപിടിച്ചു. അധികമാരും പറയുകയോ എഴുതുകയോ ചെയ്തിട്ടില്ലാത്ത ഒരു യാഥാര്‍ഥ്യമാണ് അദ്ദേഹത്തിന്റെ അറബി-മലയാള പരിജ്ഞാനവും മാലപ്പാട്ടുകളിലുള്ള അഭിനിവേശവും. തസ്രാക്കില്‍ താമസിച്ച ഒന്‍പതു മാസക്കാലം അവിടത്തെ ചെറിയ നിസ്‌കാരപ്പള്ളിയില്‍ ഉണ്ടായിരുന്ന മൊല്ലാക്കയുമായി പുലര്‍ത്തിയ സൗഹൃദത്തിന്റെ പിന്നില്‍ ഈ മാലപ്പാട്ടുകള്‍ പ്രധാന കണ്ണിയായിരുന്നു. 'ഖസാക്കിന്റെ ഇതിഹാസത്തി'ല്‍ കടന്നുവരുന്ന 'ബദര്‍മാലപ്പാട്ടി'ന്റെ തുടക്കത്തില്‍നിന്നുള്ള 'ബിസ്മിയും ഹംദും' എന്നു തുടങ്ങുന്ന വരികള്‍ ഉള്‍പ്പെടെ പല വരികളും മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ടില്‍നിന്നുള്ള വരികളും ഒ.വി വിജയന് ഹൃദിസ്ഥമായിരുന്നു. ബാല്യകാലത്തെ കുറിച്ചുള്ള തന്റെ ഓര്‍മകളില്‍ അരീക്കോട്ടെ മുസ്‌ലിം കുട്ടികള്‍ മുഹ്‌യുദ്ദീന്‍ മാല ചൊല്ലുന്നതിന്റെ ചാരുതയെ കുറിച്ച് അദ്ദേഹം പറയുമായിരുന്നത് ഇത്തരം അഭിനിവേശങ്ങളുടെ തുറന്ന പ്രഖ്യാപനം തന്നെയായിട്ടു കാണാവുന്നതാണ്. ഒരു പൂര്‍വകാല സംസ്‌കൃതിയുടെ ഇങ്ങേയറ്റത്തു നില്‍ക്കുന്ന സവിശേഷ ജനതയെന്ന പരിഗണന മുസ്‌ലിംകള്‍ക്ക് അദ്ദേഹം നല്‍കി.
ഖുര്‍ആനിലെ സൂറത്തുല്‍ ഫാത്തിഹയും അതിന്റെ അര്‍ഥവും മനപാഠമായിരുന്നതിനാല്‍ 'സ്വിറാത്തുല്‍ മുസ്തഖീം' എന്ന പദം ഏറെ പ്രിയങ്കരമായ ഒന്നായിരുന്നു. ഉപരിപ്ലവങ്ങളായ ചില കൗതുക താല്‍പര്യങ്ങള്‍ എന്നതിലുപരി ചരിത്രത്തെയും മാനവരാശിയെയും സ്വാധീനിക്കത്തക്ക വിധത്തില്‍ വളര്‍ന്നുമുന്നേറിയ ഒരാത്മീയ സംസ്‌കൃതി എന്ന നിലയില്‍ ഇസ്‌ലാമിനെ വിലയിരുത്താനായിരുന്നു ദാര്‍ശനികനായ അദ്ദേഹത്തിനു കൂടുതല്‍ താല്‍പര്യം. 'പ്രവാചകന്റെ വഴി', 'ഗുരുസാഗരം' തുടങ്ങിയ നോവല്‍ ശീര്‍ഷകങ്ങളില്‍ ഇസ്‌ലാമിക ദര്‍ശനത്തിന്റെ സ്വാധീനം അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. ജീവിതാവസ്ഥകളുടെ സംഘര്‍ഷങ്ങളിലും സങ്കീര്‍ണ നൈരന്തര്യങ്ങളിലും അകപ്പെടുന്ന നിഷ്‌കളങ്ക മനുഷ്യരെ അഭിമുഖീകരിക്കുന്ന നോവലുകളാണ് 'പ്രവാചകന്റെ വഴി'യും 'ഗുരുസാഗര'വും.
പരീക്ഷണാത്മകമായ ജീവിതാനുഭവങ്ങളിലൂടെ വെളിച്ചത്തില്‍ ഓരോ മനുഷ്യനും പ്രവാചക ജീവിതവഴികളിലേതുപോലെ അസന്നിഗ്ധതകള്‍ക്കും അസാധാരണത്വങ്ങള്‍ക്കും വഴങ്ങേണ്ടിവരുന്ന കാഴ്ചയെ കാണുന്നതാണ് 'പ്രവാചകന്റെ വഴി' എന്ന ശീര്‍ഷകത്തിന്റെ ദര്‍ശനം. മലയാള സാഹിത്യ ചരിത്രത്തിലെ തന്നെ ഏറ്റവും സമുജ്ജ്വലമായ അക്ഷരാദരങ്ങളില്‍ ഒന്നായിട്ടാണ് 'ഗുരുസാഗരത്തി'ല്‍ മുഹമ്മദ് നബിയെ കുറിച്ച് ഒ.വി വിജയന്‍ നടത്തുന്ന പ്രസ്താവം പരിഗണിക്കപ്പെട്ടുവരുന്നത്. ഭവിഷ്യല്‍ പുരാണത്തിലെ മുഹമ്മദ് നബിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍നിന്നാണ് ഉച്ചസൂര്യന്റെ പൊള്ളല്‍പ്പരപ്പിനും താഴെ അലൗകിക വിശ്രാന്തി വിരിയുന്ന മുഖവുമായി നിലകൊള്ളുന്ന മുഹമ്മദ് നബിയെ കുറിച്ചുള്ള ചില ചരിത്രാശയങ്ങള്‍ തനിക്കു ലഭിച്ചതെന്നാണ് 'ഗുരുസാഗരത്തി'ലെ പ്രവാചക ചിത്രീകരണവുമായി ബന്ധപ്പെട്ട ചില സംസാരങ്ങളില്‍ ഇതിഹാസകാരന്‍ പറയുന്നത്. പ്രവാചകനെ കുറിച്ചുള്ള എഴുത്തുകാരന്റെ വിചാരഗതിയും മനോഭാവവും എന്തെന്നതു സംബന്ധിച്ച അധിക വിശദീകരണം ആവശ്യമില്ലാത്തതാണ് 'ഗുരുസാഗരത്തി'ലെ വിവരണം.
പ്രാക്തനവും പ്രാചീനവുമായ തദ്ദേശീയ ഇസ്‌ലാമിന്റെ വിശ്വാസസങ്കല്‍പങ്ങളെയും മിത്തുകളെയും ആത്മീയ പുരുഷരിലുള്ള ആദരവിനെയും 'ഖസാക്കിന്റെ ഇതിഹാസം' ഉപയോഗപ്പെടുത്തുന്നുണ്ട്. ശൈഖ് മിയാന്‍ തങ്ങള്‍ എന്ന കഥാപാത്രത്തിന്റെ പുരാവൃത്ത പശ്ചാത്തലം വിവരിക്കുന്നിടത്ത് ഇതു പ്രകടമാണ്. ആയിരത്താണ്ടുകള്‍ക്കു മുന്‍പ് തന്റെ കുതിരപ്പടയുമായി ഖസാക്കിന്റെ വന്യതയിലേക്ക് ഓടിക്കിതച്ചെത്തിയ കഥാപാത്രമാണ് ശൈഖ് മിയാന്‍ തങ്ങള്‍ നോവലില്‍. തന്റെ പാങ്ങന്‍ കുതിരയെ മരണം പിടികൂടുമ്പോള്‍ ഖസാക്കിലെ കരിമ്പനക്കാട്ടില്‍ അതിനെ മിയാന്‍ തങ്ങള്‍ അടക്കുന്നു. കിഴക്കന്‍ കാറ്റടിക്കുന്ന രാത്രികളുടെ നിശബ്ദതകളില്‍ ഖസാക്കുകാര്‍ കേള്‍ക്കുന്ന ശബ്ദത്തെ കുതിരയുടെ കുളമ്പടിശബ്ദമായാണ് പില്‍ക്കാലമെല്ലാം ചിത്രീകരിക്കപ്പെടുന്നത്. ചെതലി മലയുടെ മിനാരങ്ങള്‍ക്കു കീഴെ ശൈഖ് മിയാന്‍ തങ്ങള്‍ ഖബറടക്കപ്പെട്ടിരിക്കുന്നുവെന്നാണ് നോവലിലെ ഖസാക്കുകാര്‍ വിശ്വസിച്ചത്. ചെതലി മലയുടെ നേര്‍ക്കുനോക്കുമ്പോള്‍ 'ഖസാക്കിലെ ഇതിഹാസത്തി'ലെ ഒരു കഥാപാത്രമായ കുട്ടാപ്പുനരിക്ക് ഉള്‍ക്കിടിലവും ചങ്കിടിപ്പും ഉണ്ടാകുന്നതിനു കാരണം അവിടെ ശൈഖ് മിയാന്‍ തങ്ങള്‍ ഉണ്ടെന്നുള്ള വിശ്വാസമാണ്. എന്നാല്‍, പാലക്കാടിന്റെ പരിസരങ്ങളിലെവിടെയും ഇത്തരത്തില്‍ ഒരു ശൈഖ് മിയാന്‍ തങ്ങളെ കുറിച്ച് ആരും പറയുന്നില്ല. പാലക്കാട് മഞ്ഞക്കുളം, ചടയന്‍ കാലായ്, തെരുവത്ത് പള്ളി എന്നിങ്ങനെ പരിസര പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന മഖ്ബറകളുമായി ബന്ധപ്പെട്ട കഥകളെയും വിവരണങ്ങളെയും ആശ്രയിച്ചാണ് ശൈഖ് മിയാന്‍ തങ്ങളുടെ കഥാപാത്ര രൂപീകരണം നടന്നിട്ടുള്ളതെന്ന് ഒ.വി വിജയന്റെ വെളിപ്പെടുത്തലുമുണ്ടായിട്ടുണ്ട്. സൂഫി സഞ്ചാര പഥികരുടെ ഇടത്താവളങ്ങളായിരുന്നു പാലക്കാടിന്റെ പല ഉള്‍പ്രദേശങ്ങളുമെന്നത് ഈ പാത്രനിര്‍മിതിയെ പിന്തുണച്ച ഘടകമാണ്.
പാരമ്പര്യ മുസ്‌ലിം സമൂഹത്തിന്റെ നിഷ്‌കളങ്കതയുടെയും നൈര്‍മല്യത്തിന്റെയും ഉദാഹരണമാണ് അള്ളാപ്പിച്ച മൊല്ലാക്ക എന്ന കഥാപാത്രം. പുതുതായി ആരംഭിക്കാന്‍ പോകുന്ന വിദ്യാലയത്തെ അള്ളാപ്പിച്ച മൊല്ലാക്ക എതിര്‍ക്കുന്നത് അയാള്‍ പൗരോഹിത്യത്തിന്റെ പ്രതീകവും സ്‌കൂള്‍ ആധുനികതയുടെ വിമര്‍ശകനുമാണെന്ന തരത്തിലുള്ള നിരൂപകഭാഷ്യങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ട്. എന്നാല്‍, ഈ ഭാഷ്യത്തെ പിന്തുണക്കുന്ന മനോഭാവമായിരുന്നില്ല അള്ളാപ്പിച്ച മൊല്ലാക്കയെ കുറിച്ച് നോവലിസ്റ്റിന് ഉണ്ടായിരുന്നത്. സ്വാര്‍ഥതയോ സങ്കുചിത താല്‍പര്യങ്ങളോ ഒട്ടുമില്ലാതിരുന്ന നിഷ്‌കളങ്കനായ ഒരു പഴയ മനുഷ്യന്‍ എന്നതില്‍ കവിഞ്ഞ് ഒരു സൈദ്ധാന്തിക വിശകലനത്തിനും നോവലിസ്റ്റ് അള്ളാപ്പിച്ച മൊല്ലാക്കയെ വിട്ടുകൊടുത്തിട്ടില്ല. ജീര്‍ണിച്ച മുസ്‌ലിം ജീവിതത്തെ അപഹസിക്കുകയും വിചാരണയ്ക്കു വിധേയമാക്കുകയും ചെയ്യുകയാണ് ഒ.വി വിജയന്‍ എന്ന വിധത്തിലും 'ഖസാക്കിന്റെ ഇതിഹാസത്തി'ലെ മുസ്‌ലിം സാമൂഹ്യ ജീവിതത്തെ പഠനവിധേയമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇസ്‌ലാമുമായി ഒരു വ്യക്തി എന്ന നിലയില്‍ ഒ.വി വിജയന്‍ പുലര്‍ത്തിയ ആഭിമുഖ്യത്തെയും വൈകാരിക പാരസ്പര്യത്തെയും ശരിയായ വിധത്തില്‍ അടയാളപ്പെടുത്തുന്ന തുറന്നുപറച്ചിലുകളോ എഴുത്തുകളോ ഉണ്ടായിട്ടില്ല എന്ന പരിമിതി നിലനില്‍ക്കുമ്പോള്‍ തന്നെയും, തികച്ചും ഗുണാത്മകവും പ്രത്യുല്‍പ്പന്നപരവുമായ ഒരു വീക്ഷണകോണിലൂടെയാണ് അദ്ദേഹം നോക്കിക്കണ്ടിരുന്നത് എന്നുറപ്പിച്ചു പറയാന്‍ പിന്തുണ നല്‍കുന്ന ഘടകങ്ങള്‍ എമ്പാടുമുണ്ട്. ഒരു ദര്‍ശനവും ജീവിതപദ്ധതിയും എന്ന നിലയില്‍ ഇസ്‌ലാമിനോടുണ്ടായിരുന്ന അദ്ദേഹത്തിന്റെ താല്‍പര്യത്തെ പ്രതിനിധീകരിക്കുന്ന ഭാവനാത്മക ഘടകങ്ങള്‍ നോവലുകളില്‍ എമ്പാടുമുള്ളതിനാല്‍ കൊട്ടിഘോഷിക്കലുകള്‍ ഇക്കാര്യത്തില്‍ ആവശ്യമായി വരുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."