കേരളബ്ലോഗ് എക്‌സ്പ്രസ് മാര്‍ച്ച് ഇന്ന് കോഴിക്കോട്ട്
കോഴിക്കോട്: കടത്തനാടിന്റെ സമ്പന്നമായ കളരി പാരമ്പര്യം, ലോകമെങ്ങും കേള്‍വികേട്ട മലബാറിന്റെ രുചിവൈവിധ്യം, ചരിത്ര പൈതൃകസ്മാരകങ്ങള്‍ അതിവിശാലമായ കടല്‍ത്തീരം, മാനാഞ്ചിറയും മിഠായിത്തെരുവും പക്ഷിസങ്കേതവും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കോഴിക്കോടന്‍ പെരുമയിലേക്ക് കേരളബ്ലോഗ് എക്‌സ്പ്രസ് സംഘം ഇന്ന് വന്നിറങ്ങും.
ഫ്രാന്‍സ്, അമേരിക്ക, യു.കെ, കാനഡ, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ, റൊമേനിയ, വെനിസ്വേല, പെറു തുടങ്ങി 28 രാജ്യങ്ങളില്‍ നിന്ന് കേരളം കാണാന്‍ ഇറങ്ങിത്തിരിച്ച ലോകപ്രശസ്തരായ 30 ബ്ലോഗര്‍മാരാണ് എക്‌സ്പ്രസ് സംഘത്തിലുള്ളത്. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജിച്ചവരെയാണ് കേരളബ്ലോഗ് എക്‌സ്പ്രസിന്റെ അഞ്ചാമത് എഡിഷനിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.
മാര്‍ച്ച് 18 ന് തിരുവനന്തപുരത്തുനിന്നാണ് ഇത്തവണത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. ഇന്ന് വൈകിട്ടോടെ തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടെത്തുന്ന സംഘം ബീച്ചും മിഠായിത്തെരുവും ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട് നാലിന് കൈറ്റ്ബീച്ചിലെ തുറന്ന വേദിക്ക് സമീപമായി ബ്ലോഗര്‍മാര്‍ക്കായി പട്ടം പറത്തല്‍ പരിശീലനം നടക്കുന്നുണ്ട്. ഇന്ത്യാ കൈറ്റ് ടീമിന്റെ ദേശീയ പരിശീലകരായ ഹാഷിം കടാക്കലകം, സാജിദ്‌തോപ്പില്‍, എ.ഫഹിം എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുക. രണ്ടാഴ്ചകൊണ്ട് മനോഹരമായ മലനിരകളും പ്രശാന്തസുന്ദരമായ കടല്‍ത്തീരങ്ങളും ജലാശയങ്ങളും ഉള്‍പ്പടെയുള്ള കേരളീയ പ്രകൃതിദൃശ്യങ്ങളും നഗര ജീവിതകാഴ്ചകളും ആസ്വദിക്കുന്ന സംഘം തങ്ങള്‍ അനുഭവിച്ചറിഞ്ഞ കേരളീയാനുഭവങ്ങള്‍ പിന്നീട് സഞ്ചാരകുറിപ്പുകളും ഫോട്ടോഗ്രാഫുകളും വീഡിയോദൃശ്യങ്ങളുമായി ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കും.
ആയിരക്കണക്കിന് അനുയായികളുള്ള ബ്ലോഗര്‍മാരുടെ അനുഭവവിവരണം വിദേശവിനോദസഞ്ചാരികളെ വലിയതോതില്‍ കേരളത്തിലേക്ക് ആകര്‍ശിക്കാന്‍ ഉതകുമെന്നാണ് ടൂറിസംവകുപ്പ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."