കെ. കുഞ്ഞിരാമക്കുറുപ്പ് രാഷ്ട്രീയക്കാരിലെ മാതൃകാ വ്യക്തിത്വം; ഗവര്‍ണര്‍
വടകര: പൊതുപ്രവര്‍ത്തനത്തില്‍ ഏവര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു സ്വാതന്ത്ര്യസമര സേനാനി കെ. കുഞ്ഞിരാമക്കുറുപ്പെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു.
രാഷ്ട്രീയം പ്രൊഫഷനായിമാറുന്ന കാലത്ത് കുഞ്ഞിരാമക്കുറിപ്പിനെപോലുള്ള ഗാന്ധിയന്മാര്‍ പുതുതലമുറക്ക് വഴിവിളക്കാവുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ക്കാട്ടേരി മണപ്പുറത്ത് കെ. കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷന്‍ നിര്‍മിച്ച കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. അധ്യാപകന്‍, സ്വാതന്ത്ര്യസമര സേനാനി, പൊതുപ്രവര്‍ത്തകന്‍, രാഷ്ട്രീയനേതാവ് എന്നീ നിലകളില്‍ സുതാര്യവും ആദരണീയവുമായ പ്രവര്‍ത്തനം കാഴ്ചവച്ചയാളാണ് കുഞ്ഞിരാമക്കുറുപ്പ്. അന്നത്തെകാലത്ത് ഉയര്‍ന്ന ജാതിയില്‍ ജനിച്ചിട്ടും പാവപ്പെട്ടവനോടും അധസ്ഥിതരോടുമൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും അവരുടെ ഉന്നമനത്തിനുവേണ്ടി പോരാടുകയും ചെയ്ത ഇതിഹാസമായിരുന്നു അദ്ദേഹമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
സി.കെ നാണു എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാരായ പാറക്കല്‍ അബ്ദുല്ല, ഇ.കെ വിജയന്‍, എ. പ്രദീപ്കുമാര്‍, മുന്‍ മന്ത്രി കെ.പി മോഹനന്‍, അഡ്വ. എം.കെ പ്രേംനാഥ്, എം.വി ശ്രേയാംസ്‌കുമാര്‍, വര്‍ഗീസ് ജോര്‍ജ്, മനയത്ത് ചന്ദ്രന്‍, പത്മശ്രീ മീനാക്ഷിയമ്മ സംസാരിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ക്കുമുന്നില്‍ പത്മശ്രീ മീനാക്ഷിയമ്മയും സംഘവും കളരിപയറ്റ് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."