മകന്‍ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തി: കൊലപാതക വാര്‍ത്തയില്‍ നടുങ്ങി നാട്ടുകാര്‍
പെരിന്തല്‍മണ്ണ: അരീക്കോട്ട് വിവാഹത്തലേന്ന് മകളെ പിതാവ് കുത്തിക്കൊന്നതിന്റെ ഞെട്ടല്‍ മാറുംമുന്‍പ് മറ്റൊരു കൊലപാതകം. സ്വന്തം ഉമ്മയെ മകന്‍ കഴുത്തറുത്തു കൊലപ്പെടുത്തിയെന്ന വാര്‍ത്ത പെരിന്തല്‍മണ്ണ ആനമങ്ങാട് നിവാസികള്‍ ഞെട്ടലോടെയാണ് കേട്ടത്.
ആനമങ്ങാട് മണലായയിലെ പൂക്കാട്ടുതൊടി ഹംസയുടെ ഭാര്യ നബീസ (55) യാണ് മകന്റെ വെട്ടേറ്റു മരിച്ചത്. വാക്കുതര്‍ക്കത്തെ തുടര്‍ന്നു പ്രകോപിതനായ മകന്‍ നൗഷാദ് (35) ഉമ്മയെ മടവാള്‍കൊണ്ടു വെട്ടുകയായിരുന്നു. മരണവര്‍ത്തയറിഞ്ഞു ഭര്‍ത്യവീട്ടില്‍നിന്ന് ഓടിയെത്തിയ മകള്‍ ഷമീറ 'ഉമ്മയില്ലാത്ത വീട്ടിലേക്ക് ഇനി ഞാന്‍ എന്തിനു പോകണമെന്ന' ചോദ്യവുമായി ആശുപത്രിയില്‍ പൊട്ടിക്കരഞ്ഞപ്പോള്‍ അവരെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളുണ്ടായിരുന്നില്ല.
ഉമ്മയുടെ ചേതനയറ്റ ശരീരം ഒരുനോക്കു കാണാന്‍ വിദേശത്തുനിന്നു നാട്ടിലെത്തിയ ത്വല്‍ഹത്തിന്റെയും നിഷാദിന്റെയും വേദനയും താങ്ങാവുന്നതിലുമപ്പുറമായിരുന്നു. കഴുത്തിനു വെട്ടേറ്റ നബീസയെ ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തംവാര്‍ന്നു മരണപ്പെടുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് നൗഷാദിനെ പെരിന്തല്‍മണ്ണ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നൗഷാദ് വര്‍ഷങ്ങളായി മാനസിക രോഗത്തിനു ചികിത്സ തേടിവരുന്നതായാണ് പൊലിസും നാട്ടുകാരും അറിയിച്ചത്. മൂത്ത മകനായ നൗഷാദ് മാതാപിതാക്കള്‍ക്കൊപ്പം ഒരുമിച്ചായിരുന്നു താമസം. വര്‍ഷങ്ങള്‍ക്കു മുന്‍പു ഗള്‍ഫില്‍നിന്നു തിരിച്ചെത്തിയ ശേഷമാണ് ഇയാളില്‍ മാനസിക പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു വഴക്കിടുന്നതു പതിവായിരുന്നു.
ഉമ്മയോട് പിണങ്ങി വാടക വീട്ടില്‍ താമസിക്കുന്ന പതിവുമുണ്ടായിരുന്നു. വിവാഹം കഴിച്ചെങ്കിലും രോഗം കാരണം നാലു വര്‍ഷം മുന്‍പു ഭാര്യ ബന്ധം ഉപേക്ഷിച്ചു. ഇന്നലെ വീടിന്റെ മുന്‍വശത്തു തൂമ്പയെടുത്തു കുഴി കുത്തുന്നത് ഉമ്മ വിലക്കിയതാണ് പ്രകോപനത്തിന് കാരണം. സൗമ്യ ശീലക്കാരനായിരുന്നെങ്കിലും തന്നെ വാക്കുകള്‍കൊണ്ടും മറ്റും വേദനിപ്പിക്കുന്നവരോട് കടുത്ത അമര്‍ഷവും പ്രതികാര മനോഭാവവുമുള്ളതായിരുന്നു നൗഷാദിന്റെ പ്രകൃതം.
പൊലിസ് കസ്റ്റഡിയിലുള്ള നൗഷാദിനെ വിദഗ്ധ സഹായത്തോടെ ചോദ്യം ചെയ്തുവരുന്നതായി പൊലിസ് അറിയിച്ചു. നബീസയുടെ മൃതദേഹം നടപടികര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്നു രാവിലെ ഏഴിനു മണലായ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."