നിങ്ങളുടെ പേര് ഹംസയെന്നാണോ; മലപ്പുറത്ത് സംഗമമുണ്ട്!
മലപ്പുറം: വിദ്യാര്‍ഥി സംഗമം, അധ്യാപക സംഗമം, കുടുംബ സംഗമം തുടങ്ങി നിരവധി സംഗമങ്ങളുണ്ടെങ്കിലും ഏപ്രില്‍ ഏഴിനു മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ നടക്കാന്‍ പോകുന്ന സംഗമം തീര്‍ത്തും വ്യത്യസ്തമാണ്. മലപ്പുറം ജില്ലയില്‍ താമസക്കാരായ ഹംസ എന്ന പേരുള്ളവരുടെ സംഗമമാണ് അന്നു നടക്കുക.
രാവിലെ 9.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചു ഹംസ എന്ന പേരുള്ളവരെ മാത്രമേ യോഗ സ്ഥലത്തേക്കു കടത്തിവിടൂ. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കല്ലാം 'ഞാന്‍ ഹംസ' എന്നു പ്രിന്റ് ചെയ്ത ഒരു ഡിസ്‌പോസിബിള്‍ തൊപ്പിയും ബാഡ്ജും ലഭിക്കും. രാവിലെ 10നു യോഗം ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിനു ഭക്ഷണം, നിസ്‌കാരം എന്നിവയ്ക്കു ശേഷം 2.30 മുതല്‍ അഞ്ചുവരെ ഹംസമാരുടെ കലാസാഹിത്യ പരിപാടിയും നടക്കും.
ഉച്ചയ്ക്ക് ഗ്രൂപ്പ് ഫോട്ടോയെടുക്കുകയും ചെയ്യും. അപൂര്‍വ സംഗമമായതിനാല്‍ ഫോട്ടോ ലിംകാ ബുക്ക് ടീമിന് അയച്ചുനല്‍കും. സംഗമത്തില്‍ പ്രായം കൂടിയ മൂന്നു ഹംസമാരെയും പ്രായം കുറഞ്ഞ മൂന്നു ഹംസക്കുട്ടികളെയും ആദരിക്കും. മലപ്പുറം കുന്നുമ്മലില്‍ ലൗലി ഫാന്‍സി നടത്തുന്ന ലൗലി ഹംസ ഹാജിയാണ് സംഗമത്തിനു നേതൃത്വം നല്‍കുന്നത്. മലപ്പുറം നഗരസഭാ പരിധിയിലെ ഹംസമാരുടെ സംഗമമാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും മറ്റു പ്രദേശങ്ങളിലെ ഹംസമാരുടെ ആവശ്യപ്രകാരം ജില്ലാതല സംഗമമാക്കുകയായിരുന്നു.
15 വര്‍ഷങ്ങള്‍ക്കു മുന്‍പു ഹംസ ഹാജി മലപ്പുറം മുനിസിപ്പല്‍ പരിധിയിലെ ഹംസമാരുടെ സംഗമത്തിനു തുടക്കമിട്ടിരുന്നു. സംഗമം നടക്കേണ്ടതിന്റെ തലേദിവസം ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ട ഹംസമാരിലെ തലമുതിര്‍ന്ന അംഗം മരണപ്പെട്ടു. ഇതോടെ പരിപാടി ഉപേക്ഷിക്കുകയായിരുന്നു. അന്നു മുടങ്ങിയ പരിപാടിയാണ് ഏഴിന് നടക്കാനിരിക്കുന്നത്. ഹംസ സംഗമം എങ്ങനെ എന്ന ചോദ്യത്തിന് ഉദ്ഘാടകനും മുഖ്യപ്രഭാഷകനും തുടങ്ങി സ്റ്റേജിലും സദസിലും തുടങ്ങി മൈക്ക് ഓപറേറ്ററായിവരെ ഹംസമാര്‍ മാത്രമായിരിക്കുമെന്നാണു ഹംസ ഹാജിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."