ഹൃദയാഘാതത്തെ നേരിടാന്‍ കൂട്ടായ യത്‌നം അനിവാര്യം: ഐ.സി.സി.കെ
തൃശൂര്‍: ഹൃദയാഘാതവും ഹൃദയധമനികളില്‍ രൂപപ്പെടുന്ന തടസങ്ങളും സംബന്ധിച്ച രണ്ടു ദിവസത്തെ വൈദ്യശാസ്ത്ര സമ്മേളനം ഹോട്ടല്‍ അശോക ഇന്നില്‍ ആരംഭിച്ചു.
സങ്കീര്‍ണ ഹൃദ്രോഗങ്ങളും ബ്ലോക്കുകളും കൈകാര്യം ചെയ്യുന്ന ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയായ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരള (ഐ.സി.സി.കെ)യാണു സമ്മേളനത്തിന്റെ സംഘാടകര്‍. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഐ.സി.സി.കെ പ്രസിഡന്റും പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ഹോസ്്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം തലവനുമായ കെ.പി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ലോകത്തെ അറുപതു ശതമാനം ഹൃദ്രോഗ ബാധിതര്‍ ഇന്ത്യയിലാണുള്ളത്. കേരളം രോഗ വ്യാപനത്തില്‍ ഒന്നാമത് നില്‍ക്കുന്നു. അത്യന്താധുനിക ചികിത്സാ സംവിധാനങ്ങളും ബോധവല്‍ക്കരണത്തിനായി ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ വിവര സാങ്കേതിക വിദ്യകളും നമുക്കുണ്ട്. എന്നിട്ടും രോഗ വ്യാപനത്തില്‍ കുറവ് വന്നിട്ടില്ല. ആരോഗ്യ മേഖലയുടെ അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയമാണിതെന്നു ഡോ.ബാലകൃഷ്ണന്‍ പറഞ്ഞു.
ഹൃദയാഘാതത്തിന്റെ അടിസ്ഥാന ചികിത്സാ സമ്പ്രദായമായി മാറിയ കാത്തിറ്റര്‍ ചികിത്സകള്‍ സംബന്ധിച്ചു ഐ.സി.സി.കെ വൈസ് പ്രസിഡന്റ് ഡോ.ജോര്‍ജ് കോശി വിശദീകരിച്ചു. നേരിയ ട്യൂബ് ഹൃദയത്തിലേക്കു എത്തിച്ചാണു ചികിത്സകള്‍ സാധ്യമാക്കുന്നത്. ഏറ്റവും കൂടുതല്‍ കാത്തിറ്റര്‍ ലാബുകള്‍ ചികിത്സക്കായി സജ്ജമായിട്ടുള്ള സംസ്ഥാനമാണു കേരളം. നൂതന ചികിത്സാരീതികളും വിദഗ്ധരുടെ നൈപുണ്യവും പ്രായോഗിക രീതികളും സംബന്ധിച്ച അറിവ് പങ്കിടലാണു സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഡോ.ജോര്‍ജ് കോശി, ഡോ. ദീപക് ഡേവിഡ്‌സണ്‍, ഡോ. രാജേഷ് .ജി, ഡോ. ബിനോ ബഞ്ചമിന്‍, ഡോ. കരുണാദാസ് .സി.പി, ഡോ. സിബു മാത്യു സംസാരിച്ചു. ശാസ്ത്ര സെഷനുകള്‍ തുറന്നുള്ള ശാസ്ത്രക്രിയകള്‍ വഴിയല്ലാതെ ഹൃദയധമനികളിലെ ബ്ലോക്കുകള്‍ നീക്കം ചെയ്യാന്‍ അവലംബിക്കുന്ന കാത്തിറ്റര്‍ ചികിത്സയിലെ ശാസ്ത്ര മുന്നേറ്റങ്ങളും രോഗ നിര്‍ണയത്തിലും ചികിത്സയിലും പ്രയോജനപ്പെടുത്തുന്ന അത്യന്താധുനിക സാങ്കേതിക വിദ്യകളും രണ്ടു ദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നു ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ജി. രാജേഷ് പറഞ്ഞു.
കാഠിന്യമേറിയ കാല്‍സിഫൈഡ് ബ്ലോക്കുകള്‍ ഡ്രില്‍ ചെയ്തു നീക്കുന്ന ശാസ്ത്രക്രിയകള്‍, സ്‌റ്റെമി മാനേജ്‌മെന്റ്, രക്തം കട്ടപിടിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍, കോറോണറി ഇമേജിങ് സാങ്കേതിക വിദ്യകള്‍, ബ്ലോക്കുകളുടെ കാഠിന്യം നിശ്ചയിക്കുന്ന ഫിസിയോളജി സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമാകുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധരാണു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."