വെള്ളരിക്കുണ്ട് ആര്.ടി ഓഫിസ് പരപ്പയില്‍ സ്ഥാപിക്കണമെന്ന് എല്‍.ഡി.എഫ്
പരപ്പ: പുതുതായി വെള്ളരിക്കുണ്ട് താലൂക്കിനു കീഴില്‍ അനുവദിച്ച ആര്.ടി ഓഫിസ് പരപ്പയില്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ എല്‍.ഡി.എഫ് തീരുമാനം. ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. പരപ്പയ്ക്കടുത്ത് പുലിയംകുളത്തുള്ള സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥിരം കാര്യാലയം നിര്‍മിക്കണമെന്നും അതുവരെ പരപ്പയില്‍ തന്നെ കണ്ടെത്തുന്ന താല്‍ക്കാലിക കെട്ടിടത്തില്‍ ഓഫിസ് ഒരുക്കണമെന്നും സര്‍ക്കാരിനോടും സ്ഥലം എം.എല്‍.എയും റവന്യൂ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് എന്നിവരോടും സി.പി.എം, സി.പി.ഐ ജില്ലാ ഘടകങ്ങളോടും ആവശ്യപ്പെടും.
ആര്.ടി ഓഫിസ് പരപ്പയില്‍ സ്ഥാപിക്കണമെന്ന തീരുമാനം സി.പി.എം നീലേശ്വരം ഏരിയാ കമ്മിറ്റി കൈക്കൊണ്ടിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ പരപ്പ മണ്ഡലം കമ്മിറ്റിയും ഇക്കാര്യത്തില്‍ തീരുമാനമെടുത്തതാണ്. തുടര്‍ന്നാണ് ഇത് എല്‍.ഡി.എഫിനു മുന്‍പാകെ വന്നത്. അതിനു തത്വത്തില്‍ അംഗീകാരം നല്‍കേണ്ട ചുമതല മാത്രമേ എല്‍.ഡി.എഫിനുണ്ടായിരുന്നുള്ളൂ. യോഗത്തില്‍ ചെയര്മാന് ടി.കെ രവി അധ്യക്ഷനായി. കണ്‍വീനര്‍ ബങ്കളം കുഞ്ഞികൃഷ്ണന്, വിവിധ കക്ഷി നേതാക്കളായ എം.വി കൃഷ്ണന്, ഒക്ലാവ് കൃഷ്ണന്, സി.പി ബാബു, എം. കുമാരന്, പി. ദാമോദരന്‍, പി.പി ബാബുരാജ്, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, കെ.എ ജോസഫ്, രാജു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."