പെരുമ്പാവൂര്‍ നഗരസഭ: താലൂക്ക് ആശുപത്രിക്ക് 17 കോടിയുടെ മാസ്റ്റര്‍പ്ലാന്‍
പെരുമ്പാവൂര്‍: നഗരസഭ രണ്ടരവര്‍ഷം പൂര്‍ത്തീകരിച്ച് മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ വിവിധ വികസന പദ്ധതികള്ക്കുതന്നെ മുന്‍തൂക്കം നല്കി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനം നടപ്പാക്കുന്നതിന് 17 കോടിയോളം രൂപയുടെ മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ പദ്ധതിയുണ്ട്. നടപടികള്‍ ഏറെകുറേ പൂര്‍ത്തീകരിച്ച ടൗണ്‍ ഹാള്‍ നിര്‍മാണത്തിനായി 75 ലക്ഷം രൂപയും യാത്രിനിവാസ് ഷോപ്പിങ് കോംപ്ലക്സില്‍ നടപ്പാക്കുന്ന ബസ് ടെര്‍മിനല്‍ പദ്ധതിക്ക് 80 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കോടതി കെട്ടിടം പൂര്‍ത്തിയായ മുറക്ക് നഗരസഭ കോടതി കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനും പ്രാരംഭനടപടികള്‍ക്കും 10 ലക്ഷം രൂപയും വകവച്ചു. ഹഡ്കോയുടെ ധനസഹായത്തോടെയും ശുചിത്വമിഷനില്‍ നിന്നും ലഭിക്കുന്ന തുകയും ഉള്‍പ്പെടുത്തി യുഎന്‍ അംഗീകാരമുള്ള തുമ്പൂര്‍മുഴി മാലിന്യ സംസ്കരണ പദ്ധതികള്‍ നടപ്പാക്കുന്നതിന് 97.5 ലക്ഷം രൂപയും നീക്കിയിരിപ്പുണ്ട്.
ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ നിഷ വിനയനാണ് ബജറ്റ് അവതരിപ്പിച്ചത്. മുന്നിരിപ്പായി 3,31,16,025 രൂപയും തന്നാണ്ട് വരവ് 23,89,91,380 രൂപയും ചെലവ് 24,53,88,500 രൂപയും 2,67,18,905 രൂപ നീക്കിയിരുപ്പും കണക്കാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി പ്രകാരം ഒരു കോടി രൂപയുടെ ലേബര്‍ ബജറ്റും തയ്യാറാക്കിയിട്ടുണ്ട്. പിഎംഎവൈ പദ്ധതിയിലും ലൈഫ് പദ്ധതിയിലും ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. മുനിസിപ്പല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും കംപ്യൂട്ടര്‍ വത്ക്കരിക്കാന്‍ കഴിഞ്ഞതായും ബജറ്റില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."