മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ്: രണ്ടാംഘട്ട പ്രവൃത്തി ത്വരിതഗതിയില്‍
ഏറ്റുമാനൂര്‍: മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് റോഡിന്റെ രണ്ടാംഘട്ട പ്രവര്‍ത്തി ത്വരിതഗതിയില്‍. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പേരൂര്‍ റോഡിലെ കരിമ്പനം തോടിനു കുറുകെയുള്ള പാലം പൊളിച്ചുനീക്കി. ഇതുകാരണം സമീപത്തെ പകുതി പ്രവൃത്തി പൂര്‍ത്തിയായ പാലത്തിലൂടെ താല്‍ക്കാലികമായി ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണ്.
മൂന്ന് പതിറ്റാണ്ട് മുന്‍പ് വിഭാവനം ചെയ്ത ബൈപാസ് റോഡിന്റെ പേരൂര്‍ പൂവത്തുംമൂട് കവല മുതല്‍ പാലാ റോഡില്‍ ഏറ്റുമാനൂര്‍ പാറകണ്ടം വരെയുള്ള പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂമി വിട്ടുകിട്ടാത്തതിനാല്‍ പാറകണ്ടം മുതല്‍ പട്ടിത്താനം വരെയുള്ള പ്രവൃത്തികള്‍ ഇനിയും വൈകും. 19 കോടി അഞ്ചുലക്ഷം രൂപയാണ് പൂവത്തുംമൂട് മുതല്‍ പാറകണ്ടം വരെയുള്ള പ്രവൃത്തിക്കായി വകയിരുത്തിയിട്ടുള്ളത്. മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍ വരെ ഭൂമി ഏറ്റെടുക്കുന്നതിനും റോഡ് നിര്‍മാണത്തിനുമായി 72 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്.
സ്ഥലമെടുപ്പ് പൂര്‍ത്തിയാകാതെ വന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി റോഡ് പ്രവൃത്തി അനിശ്ചിതത്വത്തിലായിരുന്നു.
എം.സി റാഡ് നവീകരിച്ചിട്ടും ഏറ്റുമാനൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ല.
ബൈപാസ് റോഡ് യാഥാര്‍ഥ്യമായാല്‍ എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി ടൗണുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി തിരുവനന്തപുരം ഭാഗത്തേക്ക് പോകാനാവും.
പ്രവൃത്തി ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."