വാണിജ്യ വിളകളുടെ വിലത്തകര്‍ച്ചയും വിലയിലെ ചാഞ്ചാട്ടവും: കാര്‍ഷിക മേഖല പ്രതിസന്ധിയില്‍
തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക വിളകളുടെ രൂക്ഷമായ വിലത്തകര്‍ച്ചയും വിലയിലെ ചാഞ്ചാട്ടവും കാര്‍ഷിക മേഖലയെയാകെ പ്രതിസന്ധിയിലാക്കുന്നു. റബര്‍, നെല്ല്, നാളികേരം, കശുവണ്ടി, സുഗന്ധവിളകള്‍ തുടങ്ങിയ വാണിജ്യ വിളകളെല്ലാം വ്യാപകമായ പ്രതിസന്ധി നേരിടുകയാണ്.
ഉല്‍പാദന ചെലവ് വര്‍ധിച്ചതും ഉല്‍പന്നങ്ങള്‍ക്ക് വിലത്തകര്‍ച്ചയുണ്ടാകുകയും ചെയ്തതിന്റെ ഫലമായി കൃഷി ആദായകരമല്ലാതാകുകയും കര്‍ഷകരാകെ കടക്കെണിയിലാകുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ഇറക്കുമതി നയമാണ് റബ്ബടക്കമുള്ള വാണിജ്യ വിളകളുടെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എല്ലാ കാര്‍ഷികോല്‍പന്നങ്ങള്‍ക്കും ഡോ. എം.എസ് സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശിച്ച പ്രകാരമുള്ള ഉല്‍പാദന ചെലവും അതിന്റെ 50 ശതമാനവും ചേര്‍ത്ത തുക താങ്ങുവിലയായി നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല.
നിലവില്‍ 120 രൂപയോളം ലഭിക്കുന്ന റബറിന്റെ വില മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്ന് കിലോയ്ക്ക് 30 രൂപക്ക് ഇറക്കുമതി ചെയ്യുന്നതോടെ നൂറില്‍ താഴെയായി കുറയും. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ചിരട്ടപ്പാല്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുന്നത് രോഗാണുക്കള്‍ പകരാനിടയാക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
തേങ്ങയുടെ വിലയില്‍ കുതിച്ചുചാട്ടമുണ്ടായെങ്കിലും കര്‍ഷകര്‍ക്ക് അതിന്റ ഗുണമൊന്നും ലഭ്യമാകുന്നില്ല. കുരുമുളക് കൃഷി കാലവസ്ഥാ വ്യതിയാനമുണ്ടായതോടെ മൂന്നിലൊന്നായി കുറഞ്ഞു. ഇറക്കുമതിയും കുരുമുളക് കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. 700 രൂപ വരെയുണ്ടായിരുന്ന കുരുമുളകിന് ഇപ്പോള്‍ 340 രൂപയാണ് വില.
സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ പല പദ്ധതികളും പ്രഖ്യാപിച്ചുവെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നടപ്പാക്കാന്‍ കാലതാമസം നേരിടുകയാണ്. കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിക്കപ്പെട്ട പ്രത്യേക കാര്‍ഷിക മേഖല, നെല്ല് സംഭരണം എന്നീ പദ്ധതികള്‍ ഡി.പി.ആര്‍ തയാറാക്കുക പോലും ചെയ്യാത്തത് കാര്‍ഷിക മേഖലയില്‍ വ്യാപക അസംതൃപ്തി സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."