കര്‍ണാടക: കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് ബി.ജെ.പിയുടെ സര്‍വേ റിപ്പോര്‍ട്ട്
ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണ തന്ത്രത്തില്‍ ബി.ജെ.പിക്ക് കാലിടറുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ബി.ജെ.പി നടത്തിയ ആഭ്യന്തര സര്‍വെയില്‍ 224 അംഗ നിയമസഭയില്‍ 100 സീറ്റെങ്കിലും കോണ്‍ഗ്രസ് നേടുമെന്നാണ് പറയുന്നത്. ബി.ജെ.പിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി കോണ്‍ഗ്രസ് നടത്തുന്ന തന്ത്രപരമായ നീക്കമാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കിടയാക്കുകയെന്നും അവര്‍ വിലയിരുത്തുന്നു.
ബി.എസ് യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുന്നതും ബി.ജെ.പിക്ക് തിരിച്ചടിയാകുന്നതിന് പ്രധാന കാരണമാണെന്നും സര്‍വെക്ക് നേതൃത്വം നല്‍കിയവര്‍ പറയുന്നു. നേരത്തെതന്നെ അഴിമതി ആരോപണത്തിന് വിധേയനായ യദ്യൂരപ്പയോട് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടെന്നും വിലയിരുത്തലുണ്ട്. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെങ്കില്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ചുകൊണ്ട് കൂടുതല്‍ റാലികള്‍ നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി രാഹുല്‍ ഗാന്ധിയും സംസ്ഥാനത്ത് ജാതീയ കാര്‍ഡിളക്കുകയും വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യുന്നത് തിരിച്ചടിയാകുന്നുണ്ട്. ലിംഗായത്ത് വോട്ടുബാങ്കിനെ സ്വാധീനിക്കാനുള്ള സിദ്ധരാമയ്യയുടെ പുതിയ നീക്കവും തിരിച്ചടിയായിട്ടുണ്ട്. ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കിയത് കോണ്‍ഗ്രസിന് അനുകൂല തരംഗമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയുടെ തിരിച്ചുവരവിന് സഹായിക്കണമെന്ന ആവശ്യവുമായി സംസ്ഥാന നേതാക്കള്‍ അമിത്ഷായെ കണ്ടിട്ടുണ്ട്.
കര്‍ണാടകയിലെ ജനസംഖ്യയില്‍ 17 ശതമാനം ലിംഗായത്ത് സമുദായക്കാരാണ്. വൊക്കലിംഗക്കാര്‍ 14 ശതമാനം വരും. സവര്‍ണ സമുദായക്കാരുടെ പരമ്പരാഗത വോട്ടുകള്‍ ബി.ജെ.പിക്കോ ജെ.ഡി.എസിനോ അനുകൂലമായാണ് പോകാറുള്ളത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടുന്ന കുറുബ സമുദായം ഒന്‍പത് ശതമാനവം മുസ്്‌ലിംകള്‍ 11 ശതമാനവുമാണ്. ബി.ജെ.പിക്ക് ദക്ഷിണേന്ത്യയില്‍ അധികാരം പിടിക്കാന്‍ കുറച്ചെങ്കിലും സാധ്യതയുള്ള സംസ്ഥാനമാണ് കര്‍ണാടക. ആന്ധ്രാപ്രദേശ്, തെലങ്കാന, കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് സ്വാധീനത വളര്‍ത്താന്‍ കര്‍ണാടകയെ ചവിട്ടുപടിയാക്കണമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നത്. ഇതിന് തിരിച്ചടിയാണ് സര്‍വെയിലെ വിവരം മുന്നോട്ടുവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."