ശമ്പളവും ജോലിയുമില്ല; മലയാളികള്‍ സഊദിയില്‍ കുടുങ്ങി
ജിദ്ദ: കഴിഞ്ഞ ഒരു വര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ ആറു മലയാളികള്‍ ഉള്‍പ്പെടെ പത്ത് വനിതകള്‍ സഊദിയിലെ ഹായിലില്‍ കുടുങ്ങി. ആലപ്പുഴ സ്വദേശി ഗീതമ്മ, നിലമ്പൂര്‍ സ്വദേശി ഹൈറുന്നിസ, കോതമംഗലം സ്വദേശി ശ്രീദേവി, പത്തനംതിട്ട സ്വദേശി മിനി, തിരുവനന്തപുരം സ്വദേശി ഗീത, അഞ്ജലി എന്നിവരാണ് കുടുങ്ങിയ മലയാളി സ്ത്രീകള്‍. ബാക്കി നാല് പേര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്.
നാല് കൊല്ലം മുമ്പ് ആശുപത്രി ക്ലീനിങ് ജോലിക്കെന്നു പറഞ്ഞാണ് ഇവരെ കൊണ്ടുവന്നത്. 800 റിയാല്‍ ശമ്പളമായിരുന്നു വാഗ്ദാനം ചെയ്തത്. ആദ്യ രണ്ടു വര്‍ഷം വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു പോയെങ്കിലും അവധി കഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും ആശുപത്രിയുമായുള്ള കരാര്‍ അവസാനിച്ചു. തുടക്കത്തില്‍ 53 തൊഴിലാളികള്‍ ഈ കമ്പനിയിലുണ്ടായിരുന്നു. അവധിക്കു നാട്ടില്‍ പോയവര്‍ തിരിച്ചു വന്നില്ലെന്നും അവശേഷിക്കുന്ന ഞങ്ങള്‍ തിരിച്ചുവന്നത് കമ്പനിയുടെ പ്രലോഭനങ്ങളില്‍ കുടുങ്ങിയാണെന്നും ഇവര്‍ പറയുന്നു. തിരിച്ചെത്തിയാല്‍ ശമ്പളം വര്‍ധിപ്പിക്കുമെന്നും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം സൃഷ്ടിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഇത് വിശ്വസിച്ചാണ് മടങ്ങിയെത്തിയതെന്ന് സംഘത്തിലുള്ള ഗീതമ്മ പറഞ്ഞു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ ജോലി ചെയ്‌തെങ്കിലും ശമ്പളം പലപ്പോഴും വൈകി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളവും ജോലിയുമില്ലാതെ മുറിയില്‍ തന്നെ കഴിയുകയാണ്. ഭക്ഷണത്തിനുള്ള തുക പോലും കമ്പനിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നും നാട്ടില്‍ പോകാന്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇഖാമ കാലാവധി കഴിഞ്ഞു എഴു മാസമായത് കാരണം പുറത്തിറങ്ങാനാവുന്നില്ല. തങ്ങളെ രക്ഷിക്കണമെന്ന് ഒട്ടേറെ തവണ ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടും ഒരു പ്രതികരണവുമില്ലെന്ന് ഇവര്‍ പറയുന്നു.
അതേസമയം സഊദിയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ വിദേശകാര്യ വകുപ്പിലും കമ്പനി അധികൃതരിലും ഈ വിഷയം അറിയിച്ചെന്നും എംബസിക്കു പരാതി നല്‍കിയ സാമുഹ്യ പ്രവര്‍ത്തകന്‍ പോള്‍ അഷ്ടമുടിയെ എംബസി ക്ഷേമ വിഭാഗം സെക്കന്റ് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."