കിഴക്കന്‍ ഗൂഥയില്‍ വിമതരെ ഒഴിപ്പിക്കല്‍ ത്വരിതഗതിയില്‍ മൂന്നില്‍ രണ്ടു വിമതസംഘങ്ങളും കീഴടങ്ങി
ദമസ്കസ്: സിറിയയിലെ യുദ്ധക്കെടുതിയിലുള്ള കിഴക്കന്‍ ഗൂഥയില്നിന്ന് വിമതസംഘങ്ങളെ ഒഴിപ്പിക്കല്‍ ത്വരിതഗതിയില്‍. ഇന്നലെ പതിനായിരക്കണക്കിനു പേരെ ഗൂഥയില്നിന്ന് ബസുകളില്‍ മറ്റു കേന്ദ്രങ്ങളിലെത്തിച്ചു. ഇവിടെ വെടിനിര്‍ത്തലും ഒഴിപ്പിക്കലും ആരംഭിച്ച ശേഷം ലക്ഷത്തിലേറെ പേരാണു നാടുവിട്ടത്.
2013 മുതല്‍ മേഖലയുടെ നിയന്ത്രണം കൈയാളി വന്ന മൂന്നു വിമതസംഘങ്ങളില് രണ്ടും സര്‍ക്കാര്‍ സേനയ്ക്കു മുന്‍പാകെ കീഴടങ്ങിയിട്ടുണ്ട്. ഈ സംഘങ്ങളുടെ പോരാളികളെയും കുടുംബങ്ങളെയുമാണ് ഇദ്ലിബ് അടക്കമുള്ള മറ്റു പ്രദേശങ്ങളിലേക്കു പോയത്. സിറിയയെ സഹായിക്കുന്ന റഷ്യന്‍ സൈന്യത്തിനും രണ്ട് വിമതസംഘങ്ങള്ക്കുമിടയില് കഴിഞ്ഞ ശനിയാഴ്ചയാണ് വെടിനിര്‍ത്തലിനും തുടര്‍നടപടികള്‍ക്കുമായി കരാര്‍ തയാറായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമതസംഘങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്താമസിപ്പിക്കല്‍ ആരംഭിച്ചത്.
അതിനിടെ, പ്രദേശത്തിന്റെ പൂര്‍ണനിയന്ത്രണം കൈയിലൊതുക്കാന്‍ സിറിയന്‍ സേനയ്ക്ക് ഇനി അധികം കടമ്പകളൊന്നും അവശേഷിക്കുന്നില്ല. രണ്ട് വിമതസംഘങ്ങള്‍ നേരത്തെ കീഴടങ്ങിക്കഴിഞ്ഞതിനാല് കാര്യങ്ങള്‍ എളുപ്പമായിരിക്കുകയാണ്. ഇനി ദൗമയില്‍ മാത്രമാണു വെല്ലുവിളി നിലനില്‍ക്കുന്നത്. ഇവിടെയുള്ള വിമതസംഘം ജെയ്ഷുല്‍ ഇസ്ലാം കീഴടങ്ങാന്‍ തയാറല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ സര്‍ക്കാര്‍ സേന ആക്രമണം തുടരുന്നതായാണു ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."