മുന്‍ കാറ്റലന്‍ നേതാവ് കാര്‍ലെസ് പുജിമോന്റ് അറസ്റ്റില്‍
ബെര്‍ലിന്‍: കാറ്റലോണിയ മുന്‍ പ്രസിഡന്റ് കാര്‍ലെസ് പുജിമോന്റിനെ ജര്‍മന്‍ പൊലിസ് അറസ്റ്റ് ചെയ്തു. സ്പാനിഷ് കോടതി പുറപ്പെടുവിച്ച യൂറോപ്യന്‍ അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഡെന്മാര്‍ക്കില്‍നിന്ന് ബെല്‍ജിയത്തിലേക്കു പോകുന്ന വഴിക്കാണ് അറസ്റ്റ്. വ്യാഴാഴ്ച ഫിന്‍ലാന്‍ഡില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പുജിമോന്റ് അദ്ദേഹം ഒളിവില്‍ കഴിയുന്ന ബെല്‍ജിയത്തിലേക്കു മടങ്ങുകയായിരുന്നു.
ഡെന്മാര്‍ക്കുമായി അതിര്‍ത്തി പങ്കിടുന്ന ജര്‍മനിയിലെ വടക്കന്‍ സംസ്ഥാനമായ ഷ്‌ലെസ്‌വിഗ്-ഹോള്‍സ്റ്റൈനില്‍ വച്ചാണ് പുജിമോന്റ് അറസ്റ്റിലാകുന്നത്. ഹൈവേ പൊലിസ് ആണ് അദ്ദേഹത്തെ പിടികൂടിയതെന്ന് ജര്‍മന്‍ വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച സ്പാനിഷ് സുപ്രിംകോടതി പുജിമോന്റ് അടക്കമുള്ള സ്വാതന്ത്ര്യവാദി നേതാക്കള്‍ക്കെതിരേ ദേശദ്രോഹം, കലാപം സൃഷ്ടിക്കല്‍, പൊതുമുതല്‍ അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കു തടവുശിക്ഷ വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുജിമോന്റിനു വേണ്ടി യൂറോപ്യന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം യൂറോപ്യന്‍ യൂനിയനിലെ എല്ലാ അംഗങ്ങളും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്. 30 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പുജിമോന്റിനെതിരേ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പുജിമോന്റ് ഏതാനും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒപ്പം ബെല്‍ജിയത്തിലേക്കു കടന്നത്. ജനഹിത പരിശോധനയെ തുടര്‍ന്ന് പുജിമോന്റിന്റെ നേതൃത്വത്തില്‍ കാറ്റലന്‍ പാര്‍ലമെന്റ് ഐകകണ്‌ഠ്യേന സ്‌പെയിനില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിറകെ സ്പാനിഷ് അധികൃതര്‍ കാറ്റലോണിയയില്‍ സ്വാതന്ത്ര്യവാദി നേതാക്കള്‍ക്കെതിരേ വേട്ട ആരംഭിച്ചതോടെയാണ് പുജിമോന്റ് നാടുവിട്ടത്. ഇതിനു മുന്‍പും സ്പാനിഷ് കോടതി അദ്ദേഹത്തിനെതിരേ യൂറോപ്യന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, അന്ന് ബെല്‍ജിയം കോടതിയില്‍ ഹാജരായ പുജിമോന്റിന് ജാമ്യം ലഭിച്ചു. ഇതിനു പിറകെ വാറന്റ് സ്‌പെയിന്‍ പിന്‍വലിക്കുകയും ചെയ്തു.
അതിനിടെ, കാറ്റലോണിയയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ ഇനിയും പുതിയ പ്രസിഡന്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ശനിയാഴ്ച പ്രസിഡന്റായി അധികാരമേല്‍ക്കേണ്ടിയിരുന്ന ജോര്‍ദി തുറുളിനു കോടതി തടവുശിക്ഷ വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യവാദി നേതാക്കള്‍ക്കു തടവുശിക്ഷ വിധിച്ച കോടതി വിധിക്കെതിരേ വിവിധ കാറ്റലന്‍ നഗരങ്ങളില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.
കാറ്റലന്‍ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ നാള്‍വഴികള്‍
2017 ഒക്ടോബര്‍ ഒന്ന്: കാറ്റലോണിയയില്‍ ജനഹിത പരിശോധന നടന്നു. ഭൂരിപക്ഷവും സ്‌പെയിനില്‍നിന്നുള്ള സ്വാതന്ത്ര്യത്തെ പിന്താങ്ങി.
ഒക്ടോബര്‍ 27: ജനഹിത പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക പാര്‍ലമെന്റ് ഐകകണ്‌ഠ്യേന സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്പാനിഷ് സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാരിനെ പിരിച്ചുവിട്ട് കാറ്റലോണിയയില്‍ നേരിട്ടുള്ള ഭരണം സ്ഥാപിച്ചു.
ഒക്ടോബര്‍ 30: മുന്‍ കാറ്റലന്‍ പ്രസിഡന്റ് കാര്‍ലെസ് പുജിമോന്റ് അടക്കം സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയവര്‍ക്കെതിരേ സ്പാനിഷ് കോടതി ദേശദ്രോഹക്കുറ്റങ്ങള്‍ ചുമത്തി.
നവംബര്‍ രണ്ട്: നിരവധി മുന്‍ കാറ്റലന്‍ മന്ത്രിമാര്‍ കസ്റ്റഡിയില്‍.
നവംബര്‍ മൂന്ന്: പുജിമോന്റിനും അദ്ദേഹത്തോടൊപ്പം ബെല്‍ജിയത്തിലേക്കു കടന്ന മറ്റു നാലുപേര്‍ക്കുമെതിരേ യൂറോപ്യന്‍ അറസ്റ്റ് വാറന്റ്.
ഡിസംബര്‍ അഞ്ച്: സ്പാനിഷ് കോടതി അറസ്റ്റ് വാറന്റ് പിന്‍വലിച്ചു.
ഡിസംബര്‍ 21: സ്പാനിഷ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ പുജിമോന്റിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യവാദി നേതാക്കള്‍ക്കു വീണ്ടും ജയം.
2018 മാര്‍ച്ച് ഒന്ന്: പുജിമോന്റ് പ്രസിഡന്റ് പദവി രാജിവച്ചു. ജോര്‍ജി സാഞ്ചസിനെ പ്രസിഡന്റായി നാമനിര്‍ദേശം ചെയ്തു.
മാര്‍ച്ച് 21: തടവിലായിരുന്നതിനാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള മത്സരത്തില്‍നിന്ന് സാഞ്ചസ് പിന്‍മാറി.
മാര്‍ച്ച് 23: ജോര്‍ദി തുറുള്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് അദ്ദേഹം അടക്കം നിരവധി പേര്‍ക്ക് സ്പാനിഷ് കോടതി തടവുശിക്ഷ വിധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."