വാഹനപരിശോധനയ്ക്കിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുമരണം; എസ്.ഐക്ക് സസ്‌പെന്‍ഷന്‍
ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരെ പൊലിസ് പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍.
കുത്തിയതോട് എസ്.ഐ സോമനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. അന്നേ ദിവസം ഹൈവേ പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ. ഡി. സുരേഷ് ബാബു, സി.പി.ഒ. ടി.എസ് രതീഷ് എന്നിവര്‍ക്കെതിരേ വകുപ്പുതല നടപടിക്കും ഉത്തരവായിട്ടുണ്ട്.
കഴിഞ്ഞ 11ന് പുലര്‍ച്ചെ കഞ്ഞിക്കുഴിയിലാണ് സംഭവം. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍നിന്ന് ഉത്സവം കഴിഞ്ഞ് പുലര്‍ച്ചെ കുടുംബസമേതം ബൈക്കില്‍ വരികയായിരുന്ന കഞ്ഞിക്കുഴി സ്വദേശി ഷേബുവിനേയും കുടുംബത്തേയുമാണ് പൊലിസ് പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചത്.
ഇവരെ പൊലിസ് ജീപ്പില്‍ വട്ടമിട്ട് പിടികൂടുമ്പോഴായിരുന്നു മറ്റൊരു ബൈക്കിലെത്തിയ പാതിരപ്പള്ളി വെളിയില്‍ വീട്ടില്‍ ബാലന്റെ മകന്‍ ബിച്ചുവിന്റെ ബൈക്കുമായി കൂട്ടിയിടിച്ചത്.
ബിച്ചു സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരുക്കേറ്റ് ആശുപത്രിയിലായിരുന്ന ഷേബുവിന്റെ ഭാര്യ സുമി (35) ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. പൊലിസിനെതിരേ ജനരോഷം ആദ്യഘട്ടത്തില്‍ തന്നെ ഉയര്‍ന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
എന്നാല്‍ ഇന്നലെ സുമി മരിച്ചതോടെയാണ് നടപടി ഉണ്ടായത്. ജില്ലാ പൊലിസ് മേധാവി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആലപ്പുഴ മുതല്‍ അരൂര്‍ വരെ ദേശീയ പാതയില്‍ പട്രോളിങ് ഡ്യൂട്ടി ചെയ്യുന്ന ഹൈവേ പട്രോള്‍ വാഹനത്തിന്റെ ചുമതലക്കാരനായ എസ്.ഐക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തി.
കര്‍ശനമായ നടപടി സ്വീകരിക്കണമെന്നു കാണിച്ച് കൊച്ചി മേഖല പൊലിസ് ഇന്‍സ്‌പെക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."