അറബിക് അധ്യാപക യോഗ്യത: തീരുമാനം പി.എസ്.സി പുനഃപരിശോധിക്കുന്നു
കോഴിക്കോട്: ഹൈസ്‌കൂള്‍ അറബിക് അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എജ്യുക്കേഷന്‍(ഡി.എല്‍.എഡ്) കോഴ്‌സ് ബി.എഡിന് തുല്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികളുടെ നിയമനം തടഞ്ഞുവച്ച നടപടി പി.എസ്.സി പുനഃപരിശോധിക്കുന്നു.
പരീക്ഷയും പ്രമാണ പരിശോധനയും കഴിഞ്ഞ ശേഷം പൊടുന്നനെ തീരുമാനമെടുത്ത പി.എസ്.സി നടപടിക്കെതിരേ വന്‍പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഈ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഇതു സംബന്ധിച്ച ഉത്തരവ് പി.എസ്.സി ഒരാഴ്ചയ്ക്കുള്ളില്‍ ഇറക്കുമെന്നാണ് സൂചന. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം ജില്ലകളില്‍ നിന്നുള്‍പ്പെടെ നൂറ്റിനാല്‍പ്പതോളം പേരുടെ നിയമനമാണ് പി.എസ്.സി തടഞ്ഞുവച്ചത്. കോഴ്‌സ് ബി.എഡിന് തുല്യമല്ലാത്തതിനാല്‍ നിയമനം നടത്താനാകില്ലെന്ന് പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കയച്ച അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.
പൊതുവിദ്യാലയങ്ങളില്‍ ഹൈസ്‌കൂളുകളില്‍ ഭാഷാധ്യാപകരായി നിയമനം ലഭിക്കുന്നതിന് കെ.ഇ.ആര്‍ അധ്യായം 31 പ്രകാരം നാല് പതിറ്റാണ്ട് മുന്‍പ് അംഗീകരിച്ച എല്‍.ടി.ടി.സി കോഴ്‌സ് പരിഷ്‌കരിച്ചാണ് 2009ല്‍ ഡി.എല്‍.എഡ് കോഴ്‌സാക്കിയത്. ഡി.എല്‍.എഡ്, ബി.എഡ് എന്നീ രണ്ട് ട്രെയിനിങ് കോഴ്‌സുകളാണ് നിലവിലുള്ളത്. ബി.എഡ് യൂനിവേഴ്‌സിറ്റിയും ഡി.എല്‍.എഡ് കോഴ്‌സ് പരീക്ഷാ കമ്മിഷണറുമാണ് നടത്തുന്നത്.
കോഴിക്കോട്, മലപ്പുറം, കൊല്ലം സെന്ററുകളില്‍ പരീക്ഷാ കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ ഡി.എല്‍.എഡ് കോഴ്‌സ് ഇപ്പോഴും നടക്കുന്നുണ്ട്. എന്നാല്‍ ഡി.എല്‍.എഡിന് അധ്യാപക സ്‌പെഷല്‍ റൂള്‍സില്‍ തത്തുല്യത പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗാര്‍ഥികളുടെ നിയമനം നിരസിച്ചത്. ഇതിനെ തുടര്‍ന്ന് ബന്ധപ്പെട്ടപ്പോള്‍ എല്‍.ടി.ടി.സിയും ഡി.എല്‍.എഡും സമമാണെന്ന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഹാജരാക്കണമെന്നാണ് പി.എസ്.സി ഓഫിസുകളില്‍നിന്ന് ലഭിച്ച മറുപടി. പി.എസ്.സി നടപടിക്കെതിരേ അറബിക് അധ്യാപക സംഘടനാ പ്രതിനിധികള്‍ വിദ്യാഭ്യാസ മന്ത്രിയെയും ഉദ്യോഗസ്ഥരെയും കണ്ടിരുന്നു. റാങ്ക് ലിസ്റ്റിലുള്ള ഈ ഉദ്യോഗാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് ഇവര്‍ക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."