ഗോള്‍ നിറച്ചു; സെമി ഉറച്ചു
കേരളം സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ കടന്നു. ചണ്ഡീഗഡിനെ 10 ന് തോല്‍പ്പിച്ചു പശ്ചിമ ബംഗാളും ഗ്രൂപ്പ് എയില്‍ നിന്നും സെമിയിലെത്തി. പ്ലേ ഓഫ് ലക്ഷ്യമാക്കിയുള്ള പോരാട്ടത്തില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമായിരുന്നു മഹാരാഷ്ട്രയ്‌ക്കെതിരേ. ക്യാപ്റ്റന്‍ രാഹുല്‍ വി രാജ് (23), എം.എസ് ജിതിന്‍ (39), കെ.പി രാഹുല്‍ (58) എന്നിവരാണ് കേരളത്തിന് ഗോള്‍ സമ്മാനിച്ചത്.
നാല് ഗോള്‍ തികച്ച എം.എസ് ജിതിന്‍ ചാംപ്യന്‍ഷിപ്പിലെ ടോപ് സ്‌കോറര്‍ പട്ടികയിലെ ഒന്നാമന്‍മാരില്‍ ഒരാളായി. മിസോറാമിന്റെ ലാല്‍ റൊമാറിയ, പശ്ചിമ ബംഗാളിന്റെ ബിദ്യാസാഗര്‍ സിങ് എന്നിവരും നാല് ഗോളുകള്‍ വീതം നേടി. നാളെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കേരളം പശ്ചിമ ബംഗാളിനെ നേരിടും. ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമി കളിക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് പരിശീലകന്‍ സതീവന്‍ ബാലന്‍ പറഞ്ഞു.
ഇരമ്പിയാര്‍ത്ത ആക്രമണം
മഹാരാഷ്ട്രയുടെ കിക്കോടെ തുടങ്ങിയ പോരാട്ടത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ കേരളം ആക്രമണം ശക്തമാക്കി. മഹാരാഷ്ട്രാ പ്രതിരോധത്തെയും ഗോളിയെയും ശ്വാസം വിടാന്‍ അനുവദിക്കാതെ കേരള യുവത്വം ആഞ്ഞടിച്ചു. പാസിങ് ഗെയിം കളിച്ചു തുടങ്ങിയ മഹാരാഷ്ട്രയ്ക്ക് ആദ്യ പത്ത് മിനുട്ടുകളില്‍ കേരളത്തിന്റെ ബോക്‌സിനുള്ളില്‍ പന്തുമായി പ്രവേശിക്കാന്‍ പോലും കഴിഞ്ഞില്ല.
ഇതോടെ ലോങ് ബോള്‍ കളിച്ച് മുന്നേറാന്‍ മഹാരാഷ്ട്ര ശ്രമിച്ചെങ്കിലും മിഡ് ഫീല്‍ഡ് ജനറല്‍ എസ് സീസണിന്റെ നേതൃത്വത്തില്‍ കേരളം ശക്തമായി തിരിച്ചടിച്ചു. ഇരു പാര്‍ശ്വങ്ങളിലൂടെയും മധ്യത്തിലൂടെയും ഒരു പോലെയുള്ള കേരള നിരയുടെ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാന്‍ മറാത്ത താരങ്ങള്‍ നന്നായി വിയര്‍ത്തു. ആദ്യ 20 മിനുട്ടുകളില്‍ പത്ത് തവണയാണ് മഹാരാഷ്ട്ര മുഖത്തേക്ക് ഗോള്‍ നീക്കങ്ങളുമായി കേരള താരങ്ങള്‍ ഇരച്ചു കയറിയത്. കെ.പി രാഹുലും സീസണും ലിജോയും അഫ്ദലും എം.എസ് ജിതിനും പി.സി അനുരാഗും ഗോള്‍ വേട്ട നടത്തി. മികച്ച ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും നിര്‍ഭാഗ്യം കേരളത്തിന് വിലങ്ങായി.
ലീഡൊരുക്കി നായകന്‍
നിരന്തര ഗോള്‍ വേട്ടയ്ക്ക് ഒടുവില്‍ 22ാം മിനുട്ടില്‍ പെനാല്‍റ്റി രൂപത്തില്‍ കേരളം കാത്തിരുന്ന ആദ്യ ഗോള്‍ പിറന്നു. പന്തുമായി ഗോള്‍ മുഖത്തേക്ക് പാഞ്ഞു കയറിയ വി.കെ അഫ്ദലിനെ മഹാരാഷ്ട്രയുടെ പ്രതിരോധക്കാരന്‍ പ്രമോദ് പാണ്ഡെ ബോക്‌സിനുള്ളില്‍ വീഴ്ത്തി. ഒരു നിമിഷം പോലും കാത്തുനില്‍ക്കാതെ ഓടിയെത്തിയ റഫറി പ്രഭാത് കാലിറ്റ കേരളത്തിന് അനുകൂലമായി പെനാല്‍റ്റി വിളിച്ചു. കിക്കെടുത്ത ക്യാപ്റ്റന്‍ രാഹുല്‍ വി രാജ് മഹാരാഷ്ട്ര ഗോളി ആദിത്യ മിശ്രയെ നിഷ്പ്രഭനാക്കി വലം കാലന്‍ ഷോട്ടിലൂടെ കേരളത്തിന് ലീഡൊരുക്കി.
ജിതിനാണ് താരം
39 ാം മിനുട്ടില്‍ എം.എസ് ജിതിന്റെ വകയായിരുന്നു കേരളത്തിന്റെ ലീഡ് ഉയര്‍ത്തിയ ഗോള്‍. സീസണ്‍ ലോബ് ചെയ്തു നല്‍കിയ പന്തുമായി മധ്യനിരയിലൂടെ ഒറ്റയ്ക്ക് മഹാരാഷ്ട്ര ഗോള്‍ മുഖത്തേക്ക് സോളോ റണ്‍ നടത്തിയ അണ്ടര്‍ 21 താരമായ ജിതിന്‍ ഗോള്‍ വലയ്ക്ക് തൊട്ട് മുന്നില്‍ വച്ചു നിറയൊഴിച്ചു. വീണു പോയ ഗോളിയെയും മറികടന്ന് പന്ത് കൃത്യമായി മഹാരാഷ്ട്രയുടെ വല കുലുക്കി.
ഓഫ് സൈഡ് കെണി
മറാത്തി പട രണ്ട് ഗോളിന് പിന്നിലായതോടെ തിരിച്ചടിയ്ക്കാന്‍ ഏറെ ശ്രമം നടത്തി. ലോങ് ബോള്‍ കളിച്ച് കേരളത്തിന്റെ ഗോള്‍ മുഖത്തേക്ക് ആക്രമണം നയിച്ചെങ്കിലും രാഹുല്‍ വി രാജും എസ് ലിജോയും ജിയാദ് ഹസനും ജസ്റ്റിന്‍ ജോര്‍ജും ഒരുക്കിയ പ്രതിരോധക്കോട്ടയെയും ഗോളി വി മിഥുനിനെയും മറിക്കടക്കാനായില്ല.
42ാം മിനുട്ടില്‍ കേരളം വീണ്ടും ഗോള്‍ അടിച്ചു. എന്നാല്‍ പി.കെ രാഹുല്‍ ഓഫ് സൈഡ് കെണിയില്‍ പെട്ടതോടെ റഫറി ഗോള്‍ അനുവദിച്ചില്ല. ആദ്യ പകുതിയുടെ നാല് മിനുട്ട് ഇഞ്ച്വറി ടൈമിലും കേരളം ഗോള്‍ വേട്ടയ്ക്ക് ശ്രമിച്ചു. കെ.പി രാഹുല്‍ നല്‍കിയ ക്രോസില്‍ നിന്ന് സീസണ്‍ തൊടുത്ത വെടിയുണ്ട കണക്കുള്ള ഷോട്ട് പുറത്തേക്ക് പാഞ്ഞു.
കെ.പി രാഹുലിന്റെ സമ്മാനം
രണ്ട് ഗോളിന് മുന്നിലായ കേരളം രണ്ടാം പകുതിയില്‍ കളിശൈലി മാറ്റി. പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി 4-4-2ല്‍ നിന്ന് 4-2-3-1 ലേക്ക് മാറി. പ്രതിരോധം ശക്തമാക്കി പ്രത്യാക്രമണത്തിന് വഴിയൊരുക്കാതെ ഇരു വിങുകളിലൂടെയും കേരളം ആക്രമിച്ചു കയറി. ഇതോടെ താളം തെറ്റിയ മറാത്ത താരങ്ങള്‍ നിരാശരായി.
തുടരെ തുടരെ മഹാരാഷ്ട്ര ഗോള്‍മുഖത്ത് കേരളം വേട്ട നടത്തി. കോര്‍ണര്‍ വഴങ്ങിയാണ് എതിരാളികള്‍ പിടിച്ചു നിന്നത്. കേരളത്തിന്റെ പടയോട്ടത്തിന് കളിയുടെ 58ാം മിനുട്ടില്‍ വീണ്ടും ഫലം കണ്ടു. എം.എസ് ജിതിന്‍ വലത് വിങില്‍ നിന്ന് നല്‍കിയ ക്രോസ് കൃത്യമായി പിടിച്ചെടുത്ത കെ.പി രാഹുല്‍ മറാത്ത ഗോളിയെ നിഷ്പ്രഭനാക്കി വലയിലേക്ക് നിറയൊഴിച്ചു.
കളി മറന്ന മറാത്ത
മൂന്ന് ഗോളിന് പിന്നിലായതോടെ തിരിച്ചു വരവിന് പോലും വഴിയില്ലാതെ മഹാരാഷ്ട്ര പലപ്പോഴും പൊരുതാന്‍ മറന്നു. ഇടയ്ക്ക് രണ്ട് മികച്ച അവസരങ്ങള്‍ ലഭിച്ചങ്കെിലും കേരള പ്രതിരോധത്തെ മറികടന്ന് ലക്ഷ്യം കാണാന്‍ അവര്‍ക്കായില്ല. കളിയില്‍ കേരളത്തിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു.
പാസിങ് ഗെയിം കളിച്ചു മുന്നേറാനുള്ള മഹാരാഷ്ട്രയുടെ ശ്രമം തുടക്കത്തിലെ തകര്‍ത്തതും കേരളത്തിന് ഗുണമായി. ഇതിനിടയിലും മികച്ച അഞ്ച് ഗോള്‍ അവസരങ്ങളാണ് അഫ്ദലും ജിതിനുമെല്ലാം നഷ്ടമാക്കിയത്. മികച്ച അവസരങ്ങള്‍ ലക്ഷ്യത്തില്‍ എത്തിയിരുന്നുവെങ്കില്‍ മഹാരാഷ്ട്രയുടെത് വമ്പന്‍ തോല്‍വി ആയി മാറുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."