സഊദി വ്യോമ പാതയിലൂടെ ഇസ്‌റാഈല്‍ മുബൈ സര്‍വ്വീസ് അടുത്ത ലക്ഷ്യം: ബെഞ്ചമിന്‍ നെതന്യാഹു
ദുബൈ: അടുത്ത ലക്ഷ്യം ഇസ്‌റാഈലില്‍ നിന്നും മുംബൈയിലേക്കുള്ള തങ്ങളുടെ വിമാനത്തിന് സഊദി വ്യോമ പാതയിലൂടെ നേരിട്ടുള്ള യാത്രയാണെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഡല്‍ഹിയില്‍ നിന്നും ഇസ്രാഈലിലെ തെല്‍അവീവിലേക്ക് സഊദി വ്യോമ പാതയിലൂടെ എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള സര്‍വ്വീസ് ആരംഭിച്ചതിനു പിന്നാലെയാണ് ഇസ്‌റാഈല്‍ വിമാന കമ്പനിയായ ഇല്‍ അല്‍ വിമാന കമ്പനിയുടെ നിലവിലെ മുംബൈ സര്‍വ്വീസിന് സഊദി വ്യോമപാതയിലൂടെ അനുമതി ലഭിക്കുന്നതിനുള്ള ശ്രമം ഇസ്‌റാഈല്‍ ആരംഭിച്ചത്.
ക്യാബിനറ്റ് യോഗത്തിലാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. തങ്ങളുടെ അടുത്ത ലക്ഷ്യം ഇസ്‌റാഈല്‍ വിമാന കമ്പനിയായ ഇല്‍ അല്‍ വിമാനത്തിന് നിലവിലെ തെല്‍അവീവ് മുംബൈ സര്‍വ്വീസ് സഊദി വ്യോമ പാതയിലൂടെ സര്‍വ്വീസ് നടത്തി യാത്രാ സമയം വളരെ കുറച്ചു കൊണ്ട് വരലാണെന്നു ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. നിലവില്‍ ആഴ്ച്ചയില്‍ ഒരു സര്‍വ്വീസ് നടത്തുന്ന ഇല്‍ അല്‍ വിമാനക്കമ്പനി വിവിധ രാജ്യങ്ങളുടെ വ്യോമ പാതകള്‍ താണ്ടിയാണ് മുംബൈയിലേക്ക് സര്‍വ്വീസ് നടത്തുന്നത്. അത് കൊണ്ട് തന്നെ എട്ടു മണിക്കൂറിലധികം സമയമാണ് യാത്രക്ക് വേണ്ടി ഉപയോഗിക്കുന്നത്. എത്യോപ്യ വഴിയുള്ള തെക്കന്‍ വ്യോമ പാതയാണ് നിലവില്‍ ഇന്ത്യഇസ്‌റാഈല്‍ യാത്രക്ക് ഉപയോഗിക്കുന്നത്. അതേസമയം, സഊദി വ്യോമ പാതയിലൂടെ പുതിയതായി ആരംഭിച്ച ഡല്‍ഹി തെല്‍അവീവ് എയര്‍ ഇന്ത്യ സര്‍വ്വീസ് അഞ്ചു മണിക്കൂറിനു താഴെ മാത്രമേ ആകുന്നുള്ളൂ.
ഇസ്‌റാഈലിനെ അംഗീകരിക്കാത്തതിന്റെ ഭാഗമായി അറബ് രാജ്യങ്ങള്‍ ഇത്രയും കാലം ഇസ്‌റാഈലുമായി ബന്ധം അംഗീകരിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായാണ് സഊദിയടക്കമുള്ള രാജ്യങ്ങള്‍ ഇത്രയും കാലം തങ്ങളുടെ വ്യോമ പാത ഇസ്രാഈലിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് അനുവദിക്കാതിരുന്നത്. എന്നാല്‍, നിലവിലെ നയം മാറ്റം എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കിയിട്ടില്ല. എയര്‍ ഇന്ത്യയുടെ സഊദി വ്യോമ പാതയിലൂടെയുള്ള യാത്രയുടെ ആദ്യ വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ സഊദി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചെങ്കിലും പിന്നീട് ഇസ്‌റാഈല്‍ തന്നെ ഇത് ശരിവെച്ച് രംഗത്തെത്തിയപ്പോഴും കഴിഞ്ഞ വ്യാഴാഴ്ച്ച സര്‍വ്വീസ് ആരംഭിച്ചപ്പോഴും സഊദി അറേബ്യ ഇതേ കുറിച്ച് പ്രതികരിച്ചിരിച്ചിട്ടില്ല. അറബ് രാജ്യങ്ങളും ഇസ്‌റാഈലുമായി പൊരുത്തപ്പെടാനുള്ള നീക്കമാണോ ഇതിനു പിന്നിലെന്നുമുള്ള സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."