പ്രകൃതിക്ഷോഭം: അടിയന്തിര നടപടി സ്വീകരിച്ചു
കൂത്താട്ടുകുളം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതി ക്ഷോഭത്തില്‍ പാമ്പാക്കുട മേഖലയില്‍ വീട് തകര്‍ന്നവര്‍ക്ക് ജനപ്രതിനിധികളുടെ കാര്യക്ഷമമായ ഇടപെടല്‍ ആശ്വാസമാകുന്നു.
ഇടിമിന്നലിലും കാറ്റിലുമായി തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂരിലും പാമ്പാക്കുട പഞ്ചായത്തിലെ നെയ്ത്തുശാലപ്പടിയിലും വീടുകള്‍ തകര്‍ന്നിരുന്നു. ഇവ പുനര്‍ നിര്‍മിക്കുവാന്‍ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ ജോസഫ് ജോണ്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അടിയന്തിര തുടര്‍നടപടി സ്വീകരിച്ചു.
പാമ്പാക്കുട നെയ്ത്തുശാലപ്പടി കല്ലേലിമറ്റത്തില്‍ സുമതിയുടെ വീട് ശക്തമായ കാറ്റില്‍ റബ്ബര്‍ മരങ്ങള്‍ വീണ് തകര്‍ന്നിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം ആശ്രിതര്‍ ആരുമില്ലാതെ കഴിഞ്ഞുവരികയായിരുന്നു സുമതി. മണ്ണത്തൂര്‍ പുത്തന്‍കുളങ്ങര കോളനി കാക്കയാനിയ്ക്കല്‍ കെ.സി രവിയുടെ വീട് ഇടിമിന്നലിനെത്തുടര്‍ന്ന് കത്തി നശിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ ഉണ്ടായ തീപിടുത്തത്തില്‍ പണവും സര്‍ട്ടിഫിക്കറ്റുകളും ഗ്രഹോപകരണങ്ങളുമടക്കം എല്ലാം കത്തി നശിച്ചിരുന്നു.
പാമ്പാക്കുട ബ്ലോക്ക് പട്ടിക ജാതിവികസന ഓഫീസ് വഴി അടിയന്തിരമായി നാല് ലക്ഷം രൂപ വീതം വീട് നിര്‍മ്മാണത്തിനായി അനുവദിക്കണമെന്ന് സംസ്ഥാന പട്ടികജാതി വികസന വകുപ്പിനോട് ആഭ്യര്‍ഥിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടായതെന്നും വീട് നിര്‍മാണത്തിനുള്ള തുക അനുവദിച്ചതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പിന്നോക്ക വിഭാഗങ്ങളോടുള്ള കരുതലാണ് ഇത്രയും വേഗം സഹായങ്ങള്‍ അനുവദിപ്പിക്കുവാന്‍ സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."