സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു
മുട്ടം: തുടങ്ങനാട് സ്‌പൈസസ് പാര്‍ക്കിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു. ഏറ്റെടുക്കാന്‍ തീരുമാനിച്ച സ്ഥലങ്ങളുടെ പട്ടയം സംബന്ധിച്ചുള്ള നിയമ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
ഡിജിപി സുനില്‍ ദത്താണു ഫയലുകള്‍ പരിശോധിക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ എല്ലാ ഫയലുകളിലും തീര്‍പ്പാകുമെന്ന് അദ്ദേഹം പറഞ്ഞു. ലീഗല്‍ പരിശോധന കഴിഞ്ഞാല്‍ സ്ഥലം ആധാരം ചെയ്യുക എന്ന കടമ്പമാത്രമാണ് ഇനിയുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതും ഏറ്റെടുക്കുന്ന സ്ഥലത്തിനു നിശ്ചയിച്ച വിലയും സംസ്ഥാന പര്‍ച്ചേസ് കമ്മിറ്റിയും സ്ഥലം കൊടുക്കുന്നവരും അംഗീകരിച്ചതാണ്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങള്‍ മാറിയ സന്തോഷത്തിലാണു പ്രദേശവാസികള്‍. ഇതോടെ ഒരുവര്‍ഷത്തിലേറെയായി മുടങ്ങിക്കിടന്ന പദ്ധതിക്കു തുടക്കമാകുമെന്ന പ്രതീക്ഷയിലാണു മുട്ടം നിവാസികള്‍.
സ്‌പൈസസ് പാര്‍ക്കിനായി 14.67 ഏക്കര്‍ സ്ഥലം നേരത്തേ ഏറ്റെടുത്തിരുന്നു. ആദ്യഘട്ടമായി 28 കുടുംബങ്ങളുടെ കൈവശമുള്ള 46.75 ഏക്കര്‍ സ്ഥലമാണു ഏറ്റെടുക്കുന്നത്. പാര്‍ക്കിനായി 91 ഏക്കര്‍ സ്ഥലമാണു വേണ്ടത്. 46.75 ഏക്കര്‍ സ്ഥലത്തിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ചാല്‍ ബാക്കിസ്ഥലം ഏറ്റെടുക്കല്‍ തുടങ്ങും. വിട്ടുനല്‍കാന്‍ തയാറായില്ലെങ്കില്‍ സ്ഥലം അക്വയര്‍ ചെയ്യും.
ഏലം, കുരുമുളക് എന്നിവയുടെ സംസ്‌കരണവും കയറ്റുമതിയും ലക്ഷ്യമിട്ടു 2007ല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് 27 കോടി രൂപ അനുവദിച്ചിരുന്നു. നെടുങ്കണ്ടത്തിനടുത്തു പച്ചടിയില്‍ 100 ഏക്കറും മുട്ടത്തു 100 ഏക്കറും സ്ഥലമേറ്റെടുത്തു സ്‌പൈസസ് പാര്‍ക്ക് നിര്‍മിക്കുന്നതിനാണു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പച്ചടിയില്‍ പട്ടയഭൂമി ലഭ്യമല്ലാതായതോടെ അവിടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നു മുട്ടം തുടങ്ങനാടില്‍ ഇതിനായി 90 ഏക്കര്‍ ഭൂമി കണ്ടെത്തി. 92 പേരുടെ പേരിലുള്ള ഭൂമിയായിരുന്നു ഇത്. മൂന്നു സെന്റു ഭൂമിയുള്ളവര്‍ മുതല്‍ ഏക്കറുകണക്കിനു ഭൂമി സ്വന്തമായുള്ളവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പരമാവധി എല്ലാവരെയും പരിഗണിച്ചുള്ള ഏറ്റെടുക്കല്‍ നടപടികള്‍ക്കാവും മുന്‍തൂക്കമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."