കുടയത്തൂര്‍-ആനക്കയം റോഡ് തകര്‍ന്നു
കാഞ്ഞാര്‍: തകര്‍ന്നുകിടക്കുന്ന കുടയത്തൂര്‍-ആനക്കയം റോഡ് അറ്റകുറ്റപ്പണി നടത്താത്ത അധികൃതര്‍ക്കെതിരേ പ്രതിഷേധം ശക്തമായി.
കുടയത്തൂരില്നിന്ന് ആനക്കയം വഴി തൊടുപുഴയ്ക്കുള്ള റോഡാണ് കാല്‍നടയാത്ര പോലും ദുസ്സഹമാക്കി തകര്‍ന്നു കിടക്കുന്നത്. മലങ്കര ജലാശയത്തിന്റെ ദൃശ്യഭംഗി ആസ്വദിച്ച് ജലാശയതീരത്തുകൂടി പോകാന്‍ സാധിക്കുന്ന റോഡാണിത്. എന്നാല്‍, ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും കാറുമടക്കമുള്ള ചെറുവാഹനങ്ങള്‍ ഈ റോഡിലുള്ള കുഴികളില്‍ ചാടി വളരെ പ്രയാസപ്പെട്ടാണ് കടന്നു പോകുന്നത്.
കുടയത്തൂര്‍ മുതല്‍ അഞ്ചിരി വരെയുള്ള ഭാഗമാണ് കൂടുതലും തകര്‍ന്നു കിടക്കുന്നത്. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുകളായ ആനക്കയം, അഞ്ചിരി തുടങ്ങി കൈപ്പയിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള ഏക റോഡാണിത്.
മലങ്കര ജലാശയത്തിന്റെ സൗന്ദര്യം നുകരാന്‍ നിരവധി വിനോദ സഞ്ചാരികളും ഇതുവഴി കടന്നുവരുന്നുണ്ട്. നിരവധിപ്രാവശ്യം അധികാരികള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.
വാഹനങ്ങള്‍ റോഡില്‍ ഇറക്കാന്‍ സാധിക്കാത്ത വിധം റോഡ് തകര്‍ന്നിരിക്കുകയാണ്. ഓട്ടോറിക്ഷകളും ചെറു ടാക്സികളും ഇത് വഴി ഓട്ടം പോകാന്‍ മടിക്കുന്നു. വലിയ ഗര്‍ത്തങ്ങളില്‍ ഇറങ്ങിക്കയറുന്ന വാഹനങ്ങളുടെ അടിഭാഗം തട്ടുകയും ബൈക്ക് യാത്രക്കാര്‍ കുഴിയില്‍ വീണ് അപകടം ഉണ്ടാവുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. മലങ്കര ജലാശയത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ പോലും റോഡ് മോശമായതിനാല്‍ തിരിച്ചുപോകുന്നു. ടാറിങ് പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ വലിയ വാഹനങ്ങള്‍ ലോഡുമായി പോകുന്നത് മൂലം പൊടിശല്യവും രൂക്ഷമാണ്. ഇതോടെ, ഈ റോഡിലൂടെ കാല്‍നടയും അസാധ്യമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."