കീഴാറ്റൂര്‍ വിഷയം യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്ന് എം.എം ഹസ്സന്
കാസര്‍കോട്: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിഷയങ്ങള്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്.
വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കാസര്‍കോടെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കീഴാറ്റൂര്‍ വയലില്‍ വയല്‍കിളികള്‍ നടത്തിയ സമരത്തില്‍ വി.എം സുധീരനും കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിട്ടുണ്ട്.
കര്‍ഷകര്‍ കൃഷിഭൂമിക്ക് വേണ്ടി നടത്തുന്ന സമരമായതിനാലാണ് കോണ്‍ഗ്രസ് സമരത്തിന് അനുഭാവം പ്രകടിപ്പിച്ചത്. വയല്‍കിളികളുമായി ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണം. പന്തല്‍ കത്തിച്ചും കഴുകന്മാരെന്ന് വിളിച്ചും വീടിന് കല്ലെറിഞ്ഞും സമരക്കാരെ നേരിടുന്നത് ഏകാധിപത്യ രീതിയാണ്.
ഇതനുവദിക്കാന്‍ കഴിയില്ല. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളോട് കീഴാറ്റൂര്‍ പ്രശ്നം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സമരത്തോട് ഏതു രീതിയിലുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്നത് സംബന്ധിച്ച് ഈ റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനിക്കും.
രമ്യമായി സമരത്തിനു പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. യു.ഡി.എഫ് നേതാക്കള്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് സമരത്തിനോട് സ്വീകരിക്കേണ്ട സമീപനം വ്യക്തമാക്കുമെന്നും എം.എം ഹസ്സന് പറഞ്ഞു.
കേരളത്തില്‍ ഒരു വികസനവും നടക്കുന്നില്ലെന്നും കോടികള്‍ പരസ്യത്തിനായി ധൂര്‍ത്തടിക്കുകയാണെന്നും ഹസ്സന് വ്യക്തമാക്കി. 50 കോടി രണ്ട് വര്‍ഷത്തിനകം സര്‍ക്കാര്‍ പര്യസത്തിനായി ചെലവഴിച്ചത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. പിണറായി വിജയന് മോദിയെയാണ് പരസ്യത്തിനായി മാതൃകയാക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് കോടികള്‍ മുടക്കിയുള്ള പരസ്യമെന്നും ഹസ്സന് പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."