സുപ്രഭാതം ലേഖകന് പൊലിസ് മര്‍ദനം:പ്രകോപനമായത് ഗെയില്‍ സമരവും 'നാണക്കേട് ' വാര്‍ത്തയും
മഞ്ചേരി: സുപ്രഭാതം ലേഖകന്‍ എന്‍.സി ഷെരീഫ് കിഴിശ്ശേരിയെ ലോക്കപ്പിലടച്ചു മര്‍ദിച്ച അരീക്കോട് പൊലിസിന്റെ നടപടിക്കു കാരണമായത് ഗെയില്‍ സമരവും നേരത്തെ ലോക്കപ്പില്‍നിന്നു പ്രതി രക്ഷപ്പെട്ട വാര്‍ത്തയും. വാര്‍ത്ത ശേഖരിക്കാനെത്തിയ ലേഖകനെ കഴിഞ്ഞ ദിവസം വൈകിട്ടാണ് ബാബു രാജന്‍ എന്ന പൊലിസുകാരന്‍ സ്റ്റേഷനിലെ ലോക്കപ്പിലിട്ട് മര്‍ദിച്ചത്.
ഗെയില്‍ സമരവുമായി ബന്ധപ്പെട്ട വാര്‍ത്ത ശേഖരിക്കാന്‍ സ്റ്റേഷനിലെത്തിയതായിരുന്നു ഷെരീഫ്. സ്റ്റേഷന്റെ മുറ്റത്തുനിന്നു ഫോട്ടോയെടുത്തെന്ന പേരില്‍ ഇദ്ദേഹത്തെ കോളറിനു പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോയി ലോക്കപ്പിലടക്കുകയായിരുന്നു. തുടര്‍ന്നു മര്‍ദിക്കുകയും ചെയ്തു. എസ്.ഐ കെ. സിനോദ് ഈ സമയം സ്റ്റേഷനിലുണ്ടായിരുന്നെങ്കിലും മര്‍ദനത്തിനു മൗനാനുവാദം നല്‍കുകയായിരുന്നു.
ഗെയില്‍ സമരവുമായി ബന്ധപ്പെട്ട് നിരപരാധികളായ ഇരകള്‍ക്കുനേരെ പൊലിസ് നടത്തിയ അതിക്രമങ്ങള്‍ സുപ്രഭാതം പ്രാധാന്യത്തോടെ നിരന്തരം വാര്‍ത്ത നല്‍കിയിരുന്നു. 2017 നവംബര്‍ ആറിനു സുപ്രഭാതം പ്രസിദ്ധീകരിച്ച വാര്‍ത്ത പൊലിസിന്റെ നടപടിയെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു. ഗെയില്‍ പദ്ധതിയുടെ മറവില്‍ എരഞ്ഞിമാവിലും പരിസര പ്രദേശങ്ങളിലും പൊലിസ് നടത്തിയ അഴിഞ്ഞാട്ടം ആസൂത്രിതമായിരുന്നുവെന്നു പൊലിസ് ഉദ്യോഗസ്ഥന്‍തന്നെ സുപ്രഭാതത്തോടു വെളിപ്പെടുത്തിയതോടെ സമരക്കാര്‍ക്കു പുറമേ മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പൊലിസിനെതിരേ തിരിഞ്ഞിരുന്നു. ഇരകളോടു ക്രൂരത കാണിക്കുന്നതില്‍ വ്യക്തിപരമായി വിഷമമുണ്ടെങ്കിലും മേലുദ്യോഗസ്ഥന്റെ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്യുകയായിരുന്നെന്നായിരുന്നു പൊലിസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.
ഇതിനു പുറമേ 2017 ഡിസംബര്‍ 18ന് അരീക്കോട് പൊലിസ് സ്റ്റേഷനിലെ ലോക്കപ്പില്‍നിന്നു പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ പ്രതിയെ പൊലിസ് തുറന്നുവിട്ടതാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികള്‍ക്കു ലഹരി ഗുളികകള്‍ വിതരണം ചെയ്ത കേസില്‍ ഡിസംബര്‍ 17നു പ്രത്യേക അന്വേഷണ സംഘം കൊല്‍ക്കത്ത ഹസ്‌നാബാദ് ബയ്‌ലാനി ബിസ്പൂര്‍ സ്വദേശി മുഹമ്മദ് റസലി (20) നെ അറസ്റ്റ് ചെയ്ത് അരീക്കോട് പൊലിസ് സ്റ്റേഷനിലെ ലോക്കപ്പില്‍ പാര്‍പ്പിച്ചിരുന്നു. അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കാനിരിക്കെ 18നു പുലര്‍ച്ചെ നാലിനും ആറിനുമിടയ്ക്കാണ് പൊലിസിന്റെ കണ്ണുവെട്ടിച്ച് പ്രതി ലോക്കപ്പില്‍നിന്നു കടന്നുകളഞ്ഞത്. ഇതു 'വലിയ നാണക്കേട് ' എന്ന തലക്കെട്ടില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച സുപ്രഭാതം, പൊലിസ് നടപടികളുടെ ദുരൂഹതകളും ചര്‍ച്ച ചെയ്തിരുന്നു.
വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ചു വിദ്യാര്‍ഥികള്‍ക്കു ലഹരി ഗുളികകള്‍ വിതരണം ചെയ്തുവന്ന സംഘത്തിലെ പ്രധാനിയായിരുന്നു പ്രതി. മാനസിക രോഗമുള്ളവര്‍ക്കും മറ്റും നല്‍കുന്ന നൈട്രോസണ്‍ എന്ന പേരുള്ള നൂറോളം ഗുളികകള്‍ ഇയാളില്‍നിന്നു പൊലിസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പ്രതി രക്ഷപ്പെട്ടതും യാതൊരു തുമ്പും പൊലിസിനു ലഭിക്കാത്തതും സുപ്രഭാതം വാര്‍ത്തയാക്കിയതോടെ അരീക്കോട് എസ്.ഐ കെ. സിനോദ് സുപ്രഭാതം ലേഖകനെ ഫോണില്‍ വിളിച്ച് അനിഷ്ടം പ്രകടിപ്പിച്ചു. ലോക്കപ്പില്‍നിന്നു രക്ഷപ്പെട്ട പ്രതിയെ പിടിക്കാന്‍ കഴിയാത്ത പൊലിസാണോ ഗെയില്‍ ഇരകളെ പിടിക്കാന്‍ വരുന്നതെന്നു കെ.എം ഷാജി എം.എല്‍.എ പരിഹസിച്ചതിനു പിന്നാലെയായിരുന്നു എസ്.ഐ ഫോണില്‍ വിളിച്ചത്.
ലോക്കപ്പില്‍നിന്നു രക്ഷപ്പെട്ട പ്രതിയെത്തേടി കോയമ്പത്തൂരില്‍ ഏഴു ദിവസം മഞ്ചേരി സി.ഐ ഷൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെരച്ചില്‍ നടത്തിയതിനു ശേഷം കേരളത്തിലേക്കു മടങ്ങിയതും പിന്നീട് രണ്ടാം സംഘം ബംഗാളില്‍നിന്നു പ്രതിയെ കിട്ടാതെ തിരിച്ചതും സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഇതും പൊലിസിനു സുപ്രഭാതം ലേഖകനോട് വൈരാഗ്യത്തിനിടയാക്കി. പ്രതിയെ പൊലിസ് തുറന്നുവിട്ടതാണെന്ന സംശയം ബലപ്പെടുത്തുന്ന തരത്തില്‍ സുപ്രഭാതം നല്‍കിയ വാര്‍ത്തകള്‍ ചര്‍ച്ചയായതും പൊലിസിനെ നാണം കെടുത്തി. ഇതില്‍നിന്നുണ്ടായ നാണക്കേടാണ് ലേഖകനെ ലോക്കപ്പിലിട്ട് മര്‍ദിക്കുന്ന രീതിയിലേക്കെത്തിച്ചത്. ലേഖകനെ മര്‍ദിക്കുന്നതിനിടെ പൊലിസുകാരന്‍ ഇതു പറയുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."