തോക്കിന്‍മുനയില്‍ കേരളാ പൊലിസിന്റെ സാഹസികത:കഞ്ചാവിന്റെ ഉറവിടം കണ്ടെത്തിയത് ജീവന്‍ പണയംവച്ച്
തിരൂരങ്ങാടി: കേരളത്തിലേക്കു കടത്തുന്ന പ്രധാന കഞ്ചാവ് ഉറവിടം പൊലിസ് കണ്ടെത്തിയതു ജീവന്‍ പണയംവച്ച്. കേരളത്തിനു പുറത്തുനിന്നു പൊലിസ് വിരിച്ചുതുടങ്ങിയ വലയില്‍ അറുപതു കിലോ കഞ്ചാവുമായി മൂന്നുപേരാണ് പിടിയിലായത്.
രണ്ടാഴ്ച മുന്‍പ് ആന്ധ്രയില്‍നിന്നു കൊണ്ടുവന്ന കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിലായതോടെയാണ് അന്വേഷണ സംഘത്തിന് ഇതു കച്ചിത്തുരുമ്പായി മാറിയത്.
കഞ്ചാവിന്റെ ഉദ്ഭവം മനസിലാക്കിയ അന്വേഷണ സംഘം കേരളത്തിലെ മൊത്ത വിതരണക്കാരെന്ന വ്യാജേന മഞ്ചേരി എസ്.ഐ ജലീലിന്റെ നേതൃത്വത്തില്‍ വേഷം മാറി ആന്ധ്രയിലേക്കു തിരിക്കുകയായിരുന്നു. കേരളത്തിലെത്തിച്ചാല്‍ മുഴുവന്‍ പണവും അവിടെവച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ അഖിലിനെ ബന്ധപ്പെട്ട് ഓര്‍ഡര്‍ നല്‍കി. തുടര്‍ന്ന് അഖില്‍ അന്വേഷണ സംഘത്തെയും കൂട്ടി ഇവിടെനിന്ന് ഒഡിഷ അതിര്‍ത്തിപ്രദേശമായ നരസി പട്ടണത്തിലെത്തി. നാട്ടിലേക്കു കഞ്ചാവെത്തിക്കുന്ന ആന്ധ്ര സ്വദേശികളായ മറ്റു രണ്ടു പേരെ ഇവര്‍ക്കു പരിചയപ്പെടുത്തി.
യുവതിയെ കാറിന്റെ മുന്‍ സീറ്റിലിരുത്തിയാല്‍ പരിശോധനയില്‍നിന്നു രക്ഷപ്പെടാമെന്നും ഈ രീതിയില്‍ അന്‍പതോളം തവണ കേരളത്തിലേക്കു കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ഇവര്‍ പൊലിസിനോടു പറഞ്ഞു.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പറഞ്ഞു. അവര്‍ സംഘത്തേയും കൂട്ടി 100 കിലോമീറ്റര്‍ അകലെയുള്ള മാവോയിസ്റ്റ് സ്വാധീനമുള്ള സീഡിഗുണ്ടയില്‍ എത്തി. മാവോയിസ്റ്റുകളാണ് ഇവിടുത്തെ പ്രധാന കഞ്ചാവ് കര്‍ഷകര്‍. മാവോയിസ്റ്റുകളുടെ നേതാവിനെ കണ്ടു വിലപേശി കച്ചവടമുറപ്പിച്ചു. രണ്ടു മണിക്കൂറോളം നടന്നാണ് കഞ്ചാവ് സൂക്ഷിച്ചിരിക്കുന്ന മലയിലെത്തിയത്.
ടണ്‍ കണക്കിനു കിലോ കഞ്ചാവാണ് ഇവിടെ ആദിവാസി ഊരില്‍ ശേഖരിച്ചുവച്ചിട്ടുള്ളത്. അവിടെനിന്നു തലച്ചുമടായി മലയിറക്കി വണ്ടിയില്‍ അവര്‍ എത്തിച്ചുനല്‍കും.
പൊലിസോ ഒറ്റുകാരോ ആണെന്നു തോന്നിയാല്‍ വെടിവച്ചു കൊല്ലുകയാണ് പതിവ്. തുടര്‍ന്ന് രണ്ടാഴ്ചയോളം മാവോ സ്വാധീനമുള്ള സ്ഥലത്ത് താമസിച്ച് ഇവരെ നീരീക്ഷിച്ചുവരികയായിരുന്നു. കൂടാതെ സംഘവുമായി ബന്ധപ്പെടുന്ന മലയാളികളെക്കുറിച്ചും കഞ്ചാവ് കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങളെക്കുറിച്ചും മനസിലാക്കി.
രണ്ടാഴ്ചയ്ക്കകം കേരളത്തില്‍ എത്തിച്ചുതരാമെന്ന ഉറപ്പില്‍ അന്വേഷണ സംഘം പല ഗ്രൂപ്പുകളായി കേരളത്തിലേക്കെന്നു പറഞ്ഞു തിരിച്ചെങ്കിലും ഇവര്‍ പലവഴിക്കായി പിരിഞ്ഞു നിരീക്ഷണം ശക്തമാക്കി.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംഘം കഞ്ചാവുമായി ആന്ധ്രയില്‍നിന്നു പുറപ്പെട്ടതായി മനസിലാക്കിയ പൊലിസ് ഞായറാഴ്ച വൈകിട്ടോടെ ദേശീയപാതയില്‍ വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. ഇടുക്കി രാജാക്കാട് കാഞ്ഞിരം തടത്തില്‍ അഖില്‍ എന്ന കീരി (23), ആന്ധ്ര റംബചോട വാരം റെഡിപേട്ട സ്വദേശികളായ ചെല്ലൂരി ശ്രീനിവാസ് (22), നാഗദേവി (22) എന്നിവരെയാണ് ദേശീയപാത വെന്നിയൂരില്‍വച്ച് 60 കിലോ കഞ്ചാവുമായി പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."