ഇരിട്ടിയില്‍ വന്‍ സ്ഫോടകശേഖരം പിടികൂടി; തൃശൂര്‍ സ്വദേശി അറസ്റ്റില്‍
ഇരിട്ടി: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്ഫോടകശേഖരം ഇരിട്ടി എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ അറസ്റ്റില്‍.
ഇന്നലെപുലര്‍ച്ചെ ഒരു മണിയോടെ കിളിയന്തറ ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് സ്ഫോടകശേഖരം പിടികൂടിയത്. ലോറി ഡ്രൈവര്‍ തൃശൂര്‍ മണ്ണുത്തി പാണഞ്ചേരി കളപ്പറമ്പില്‍ ഹൗസില്‍ കെ.ജെ അഗസ്റ്റി(32)നെയാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.
പൂന്തോട്ട നിര്‍മാണത്തിനായി ഉപയോഗിക്കുന്ന അലങ്കാര പച്ചപ്പുല്‍ എന്ന വ്യാജേന ബംഗ്ളൂരുവില്‍ നിന്ന് കെ.എല്‍ 48 സി 5717 പിക്കപ്പ് ലോറിയില്‍ കടത്തുകയായിരുന്ന ഇവ. 25 കിലോഗ്രാം വീതമുള്ള 90 പെട്ടി ജലാറ്റിന്‍ സ്റ്റിക്ക്, ഏഴ് കിലോഗ്രാം വിതമുള്ള ഒന്‍പത് പാക്കറ്റ് ഫ്യൂസ് വയര്‍ എന്നിവയാണ് കിളിയന്തറ എക്സൈസ് ചെക്ക്പോസ്റ്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വി പ്രഭാകരന്, പ്രിവന്റീവ് ഓഫിസര്‍ കെ.പി ഹംസക്കുട്ടി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ. ബൈജേഷ്, പി.കെ മനീഷ്, കെ.രാജീവന് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ബംഗ്ളുരൂവില്‍ നിന്ന് ഏജന്റുമാര്‍ മുഖേനയാണ് സ്ഫോടകവസ്തു കടത്തിയതെന്നും കോഴിക്കോട്ടെത്തിച്ച് കരിങ്കല്‍ ക്വാറി ഉടമകള്‍ക്ക് വില്‍പ്പന നടത്താനാണെന്നുമാണ് പിടിയിലായ അഗസ്റ്റിന് നല്കിയ മൊഴി. പിടികൂടിയ പ്രതിയേയും വാഹനവും സ്ഫോടകശേഖരവും ഇരിട്ടി പോലിസിനു കൈമാറി. ഇരിട്ടി പോലിസ് സബ്ബ് ഇന്‍സ്പെക്ടര്‍ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു കോടയില്‍ ഹാജരാക്കി. മട്ടന്നൂര്‍ കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബംഗ്ളൂരുവില്‍ നിന്ന് നിരവധി ചെക്ക് പോസ്റ്റുകള്‍ കടന്ന് ലോറിയില്‍ ഇത്രയും കൂടുതല്‍ സ്ഫോടകശേഖരം കേരളത്തിലെത്തിച്ചതിനു പിന്നില്‍ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നതായും ഉദ്യോഗസ്ഥ തലത്തില്‍ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നുമാണ് പൊലിസ് സംശയിക്കുന്നത്.
ഒരാഴ്ച മുന്‍പ് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ബസില്‍ വച്ച് വെടിയുണ്ടകളും പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ ആരേയും പിടികൂടാന്‍ സാധിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."