മെഡി. കോളജില്‍ ഹൗസ് സര്‍ജന്‍സി: ഇനി ഉറപ്പായും ഡോക്ടറെ കാണാം!
മഞ്ചേരി: മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ കുറവാണെന്ന പരാതിക്കു താല്‍ക്കാലിക പരിഹാരമാകുകയാണ്. അഞ്ചാം വര്‍ഷ എം.ബി.ബി.എസ് പരീക്ഷയില്‍ 98 ശതമാനം വിജയം നേടിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ഹൗസ് സര്‍ജന്‍സി കോഴ്സ് ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കും. ആദ്യ ബാച്ചിലെ ഈ വിദ്യാര്‍ഥികള്‍ ഹൗസ് സര്‍ജന്റ് കോട്ടണിയുന്നതോടെ ഡോക്ടര്‍മാരുടെ കുറവെന്ന കാലങ്ങളായുള്ള പരാതിക്കും പരിഹാരമാകും.
തിളങ്ങുന്ന വിജയത്തോടെ എം.ബി.ബി.എസ് പൂര്‍ത്തീകരിച്ച ആദ്യ ബാച്ചിലെ 85 പേരാണ് ഹൗസ് സര്‍ജന്‍സിക്കായി ഒരുങ്ങുന്നത്. ഇവിടെ 87 വിദ്യാര്‍ഥികളില്‍ 85 പേരും ഉന്നത മാര്‍ക്കോടെയാണ് എം.ബി.ബി.എസ് പരീക്ഷയില്‍ വിജയിച്ചത്. ആദ്യമായി ഹൗസ് സര്‍ജന്‍സി കോഴ്സ് ആരംഭിക്കുന്നതിനാല്‍ മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടന്നുവരികയാണ്. പുതിയ 85 പേര് പരിശീലനം നേടാനെത്തുന്നതോടെ നിലവിലുള്ള സൗകര്യങ്ങള്‍ മതിയാകില്ല. കോഴ്സിനു മുന്നോടിയായുള്ള ഓറിയന്റേഷന്‍ ക്ലാസ് ഇന്നു നടക്കും. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എം.പി ശശി, വിവിധ വകുപ്പ് മേധാവികള്‍, പ്രൊഫസര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇതു നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."