മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവെ വിദ്യാര്‍ഥികള്‍ റോഡില്‍ പടക്കംപൊട്ടിച്ചു
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയതിനു പിന്നാലെ വിദ്യാര്‍ഥികള്‍ റോഡരികില്‍ പടക്കം പൊട്ടിച്ചു. വാഹനവ്യൂഹത്തിലെ അവസാന കണ്ണിയായ ഫയര്‍ഫോഴ്‌സ് വാഹനം ഉദ്ദേശം 50 മീറ്റര്‍ പിന്നിട്ടപ്പോഴാണ് വിദ്യാര്‍ഥികള്‍ പടക്കംപൊട്ടിച്ചത്.
വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സകൂളിലെ വിദ്യാര്‍ഥികളുടെ 'കുസൃതി'യാണ് സുരക്ഷാവീഴ്ചയായത്. വൈകിട്ട് കോഴിക്കോട്ടെ സി.ഐ.ടി.യു ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി എളേറ്റില്‍ വട്ടോളിയില്‍ നിന്ന് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി.
ജെ.ഡി.ടിക്കു മുന്നിലുള്ള ബസ് സ്റ്റോപ്പില്‍ ഗതാഗത നിയന്ത്രണത്തിനായി രണ്ട് ട്രാഫിക് പൊലിസുകാരാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടത്തിവിടുന്ന ശ്രദ്ധയിലായിരുന്നു പൊലിസുകാര്‍. ഇതിനിടെ റോഡിന്റെ മറുവശത്തുവച്ച് പ്ലസ്ടു പരീക്ഷ കഴിഞ്ഞതിന്റെ 'സന്തോഷം' പ്രകടിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിക്കുകയായിരുന്നു.
ദേഹത്തും വസ്ത്രങ്ങളിലും ചായംപൂശിയ വിദ്യാര്‍ഥികളുടെ ആഹ്ലാദ പ്രകടനം യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും പൊലിസിനും തലവേദനയായി.
തുടര്‍ന്ന് പൊലിസെത്തി വിദ്യാര്‍ഥികളെ വിരട്ടിയോടിക്കുകയായിരുന്നു. ചായം പൂശിയ പെണ്‍കുട്ടികളുടെ സംഘം സമീപത്തെ സ്വകാര്യ ആശുപത്രിയിലെ വളപ്പിലേക്ക് പാഞ്ഞുകയറി.
ഇവരെ പൊലിസ് പുറത്തെത്തിച്ച ശേഷം അതുവഴി സര്‍വിസ് നടത്തുന്ന സ്വകാര്യ ബസില്‍ കയറ്റിവിടുകയായിരുന്നു. ഒരുവശത്ത് സംഘടിച്ച ആണ്‍കുട്ടികളെ കൂടുതല്‍ പൊലിസെത്തി വിരട്ടിയോടിച്ചു. കഴിഞ്ഞവര്‍ഷവും വിദ്യാര്‍ഥികള്‍ സമാന രീതിയില്‍ പെറുമാറിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."