പാവങ്ങാട്- വെങ്ങളം റോഡ്,താമരശേരി ചുരം: വികസനത്തിന് പദ്ധതി തയാറാക്കും
കോഴിക്കോട്: പാവങ്ങാട് മുതല്‍ വെങ്ങളം ബൈപാസ് വരെ ദേശീയപാത മാതൃകാ റോഡായി ഉയര്‍ത്തുന്നതിനും താമരശേരി ചുരം റോഡ് ലൈറ്റുകളും സുരക്ഷാ കാമറകളും സ്ഥാപിച്ച് നവീകരിക്കുന്നതിനും തീരുമാനമായി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം. വയനാട് റോഡ് നവീകരണം സംബന്ധിച്ച പ്രൊപ്പോസല്‍ ഏപ്രില്‍ ആദ്യവാരം തയാറാക്കി സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
പാവങ്ങാട്- വെങ്ങളം മാതൃകാ റോഡ് വികസന പദ്ധതി രൂപരേഖ തയാറാക്കാന്‍ പി.ഡബ്ല്യു.ഡി ദേശീയപാതാ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരള റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്ന് ഫണ്ട് ലഭ്യമാക്കിയാകും പ്രവൃത്തി തുടങ്ങുക. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി റോഡ് സേഫ്റ്റി അതോറിറ്റിയുടെ ജില്ലാതല സമിതി യോഗം ഏപ്രില്‍ ആറിന് കലക്ടറേറ്റില്‍ ചേരും. 11ന് മന്ത്രിതലത്തില്‍ ചേരുന്ന യോഗത്തില്‍ സമര്‍പ്പിക്കേണ്ട പ്രൊപ്പോസല്‍ സംബന്ധിച്ച് ഈ യോഗം ചര്‍ച്ച ചെയ്യും.
വയനാട് റോഡിന്റെ വികസനത്തിനും നവീകരണത്തിനും വേണ്ടിയുള്ള മുറവിളി ഇതോടെ അവസാനിക്കുമെന്നാണ് കരുതുന്നത്. ചുരത്തിലെ ഗതാഗതക്കുരുക്ക് കോഴിക്കോട്- വയനാട് റൂട്ടിലെ യാത്രക്കാര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിന് അനുയോജ്യമായ പദ്ധതി രൂപരേഖയാകും തയാറാക്കുക.
പാവങ്ങാട്- വെങ്ങളം റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വീതികൂട്ടി നവീകരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പാവങ്ങാട് മുതല്‍ കോരപ്പുഴ പാലം വരെയും കോരപ്പുഴ പാലം മുതല്‍ വെങ്ങളം ബൈപാസ് വരെയും രണ്ട് റീച്ചുകളായാണ് പദ്ധതി രൂപരേഖ തയാറാക്കുക. ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ്‌ബേകള്‍, ഇരുവശങ്ങളിലും നടപ്പാതകള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
കേരള റോഡ് സേഫ്റ്റി അതോറിറ്റി ഡയറക്ടര്‍ ടി. ഇളങ്കോവന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, നാറ്റ്പാക് റോഡ് സേഫ്റ്റി സയന്റിസ്റ്റ് ബി. സുബിന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്‌സ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ പ്രഭാകരന്‍, പി. ഡബ്ല്യു.ഡി ദേശീയപാതാ വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. വിനയരാജ്, അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി. മുഹമ്മദലി, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഡോ. മുഹമ്മദ് നജീബ്, ആര്‍.ടി.ഒ സി.ജെ പോള്‍സണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."