കാട്ടാന ശല്യം; നഷ്ടങ്ങള്‍ക്കു മുന്പില് പകച്ച് ജോമോന്
നടവയല്‍: നെയ്ക്കുപ്പ പ്രദേശത്തെ കാട്ടാന ശല്യത്തിന്റെ അവസാന ഇരയായി ഒരു കുടുംബം. ജീവിതമാര്‍ഗമായിരുന്ന മുഴുവന്‍ കാര്‍ഷിക വിളകളും കാട്ടാനകള്‍ ചവിട്ടിമെതിച്ചു. നെയ്ക്കുപ്പ ഇടിയലില് ജോമോന് എന്ന കര്‍ഷകന്റെ കൃഷിയിടത്തില്‍ ഇനി ഒന്നും അവശേഷിക്കുന്നില്ല. ഉള്ളതെല്ലാം വന്യമൃഗങ്ങള്‍ നശിപ്പിച്ചു.
ഇത് മൂന്നാം തവണയാണ് ഈ കര്‍ഷകന്റെ വിളകളെല്ലാം കാട്ടാനകള്‍ നശിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം തന്റെ കൃഷിയിടത്തില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലി തകര്‍ത്താണ് ആനക്കുട്ടം മുപ്പെത്താനായ പൂവന്വാഴതോട്ടം തകര്‍ത്തത്. ജീവനും സ്വത്തിനും സംരക്ഷണവും വര്‍ഷങ്ങളായുള്ള കാട്ടാന ശല്യത്തിന് പരിഹാരവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടും ഫോറസ്റ്റ് ഓഫിസിന് മുന്പില് കഴിഞ്ഞ വര്‍ഷം ജോമോന് കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.
മുഖം മൂടിക്കെട്ടി ജോമോനും മക്കളായ നിജില്‍, അജില്‍, ബില്‍ബി എന്നിവരുമാണ് കാട്ടാന നശിപ്പിച്ച വിളകളുമായി നെയ്ക്കുപ്പ ഫോറസ്റ്റ് ഓഫിസിന് മുന്പില് കഴിഞ്ഞവര്‍ഷം കുത്തിയിരുന്നു പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന് മതിയായ നഷ്ട്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ജോമോന് പറയുന്നു. ഇതിനിടയിലാണ് ഇന്നലെയിറങ്ങിയ കാട്ടാനക്കൂട്ടം കൃഷിയിടത്തിലുണ്ടായിരുന്ന അവശേഷിക്കുന്ന വാഴ, തെങ്ങ്, കമുക് കൃഷികള്‍ മുഴുവനായും നശിപ്പിച്ചത്. എല്ലാം തകര്‍ത്ത കാട്ടാനക്കൂട്ടത്തിന്റെ മുന്പില് ജോമോനെ പോലെയുള്ള നിരവധി കര്‍ഷകര്‍ പകച്ച് നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."