തമിഴ്‌നാട്ടില്‍ നിന്ന് മരുന്നടിച്ച കോഴികളെ തടയണം: കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍
പാലക്കാട്: മാരകദോഷമുണ്ടാക്കുന്ന ആന്റിബയോട്ടിക്കുകള്‍ കുത്തിവച്ച കോഴികളെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തുന്നത് സര്‍ക്കാര്‍ തടയണമെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട് കേന്ദ്രമാക്കി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മാഫിയാസംഘങ്ങള്‍ മുട്ടക്കോഴികള്‍ക്ക് ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ഒരുവര്‍ഷം കൊണ്ട് പതിനെട്ട് ഡോസ് ആന്റിബയോട്ടിക്ക് കൊടുക്കുന്നുണ്ട്. പിന്നീട് ഉത്പാദനക്ഷമത കുറയുന്ന ഘട്ടത്തില്‍ ഇറച്ചിക്കോഴിയെന്ന വ്യാജേന ഇത് കേരളത്തിലെ കോഴിക്കോടകളിലെത്തിക്കുകയാണ്.
ഇത്തരം കോഴികളെ ഭക്ഷ്യാവശ്യത്തിനായി വില്‍ക്കരുതെന്നും കൊന്ന് കുഴിച്ചുമൂടണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് തമിഴ്‌നാട് ലോബി വ്യാപകമായി ഇത് കേരളത്തില്‍ വില്‍പ്പന നടത്തി കോടികള്‍ കൊയ്യുന്നത്. എന്നാല്‍ കേരളത്തില്‍ നിയമങ്ങള്‍ പാലിച്ച് ശാസ്ത്രീയമായി ഉല്‍പ്പാദിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന യഥാര്‍ഥ കോഴികര്‍ഷകരെ തകര്‍ക്കാന്‍ തമിഴ്‌നാട് ലോബി നിരന്തരം നീക്കങ്ങള്‍ നടത്തുകയാണെന്നും അസോസിയേഷന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. കേരളത്തിലെ പാരമ്പര്യ കോഴി കര്‍ഷകര്‍ പ്രകൃതിദത്ത മരുന്നുകള്‍ ഉപയോഗിച്ചാണ് കോഴികളെ വളര്‍ത്തുന്നത്.
വിലകൂടിയ ആന്റിബയോട്ടിക്കുകള്‍ നല്‍കി കോഴി വളര്‍ത്തിയാല്‍ മുടക്കു മുതല്‍ പോലും തിരിച്ചുകിട്ടാത്ത വിധം കോഴിവളര്‍ത്തല്‍ ബാധ്യതയാകും. അതുകൊണ്ടാണ് കേരളത്തിലുള്ളവര്‍ പ്രകൃതിദത്ത മരുന്നുകള്‍ ഉപയോഗിക്കുന്നത്. തമിഴ്‌നാട് ലോബിയുടെ നിരന്തര ഇടപെടലുകളുടെ ഫലമായി കേരളത്തിലെ ഇറച്ചിക്കോഴി വളര്‍ത്തല്‍ മേഖല വന്‍തകര്‍ച്ചയുടെ വക്കിലാണ്. ഏതാണ്ട് നാലുലക്ഷത്തിലധികം കുടുംബങ്ങള്‍ ഉപജീവനമാര്‍ഗമായി കൊണ്ടുനടക്കുന്ന ഇറച്ചിക്കോഴി വളര്‍ത്തുമേഖല ജി.എസ്.ടിയുടെ വരവോടെ അന്യസംസ്ഥാന ലോബികളുടെ നിയന്ത്രണത്തിലാവുകയാണ് ചെയ്തിരിക്കുന്നത്.
കോഴിയുടെ നികുതി എടുത്തുകളഞ്ഞതോടെ തമിഴ്‌നാട്ടിലെ വന്‍കിട ഗ്രൂപ്പുകള്‍ കേരളത്തിലേക്ക് കുടിയേറി കേരളത്തിലെ ധാര്‍മിക മര്യാദകള്‍ പാലിച്ചു കോഴി വളര്‍ത്തുന്ന ചെറുസംഘങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ്. വില തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കേരളത്തിലെ കോഴികര്‍ഷകരെ സമീപിച്ച് അവരുടെ ഫാമുകള്‍ തുച്ഛമായ കമ്മിഷന്‍ നല്‍കി, തമിഴ്‌നാട് ലോബി അവര്‍ക്ക് വായ്പാ സൗകര്യം ഏര്‍പ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ നല്‍കും. പിന്നീട് ഈ കുഞ്ഞുങ്ങള്‍ വളര്‍ന്ന് വില്‍പ്പനക്ക് പാകമാകുമ്പോള്‍ മാര്‍ക്കറ്റില്‍ വിലത്തകര്‍ച്ചയുണ്ടാക്കാനായി തമിഴ്‌നാട്ടിലെ കോഴിക്ക് വില കുറക്കുകയും കേരളത്തില്‍ കോഴിവളര്‍ത്തിയിരുന്ന കര്‍ഷകരെ ഇനിയൊരിക്കലും ഈ മേഖലയിലേക്ക് തിരിച്ചുവരാനാവാത്ത നിലയില്‍ സാമ്പത്തികമായി തകര്‍ക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്.
ഇപ്പോള്‍ 60 രൂപക്ക് കിട്ടുന്ന ഒരുകിലോ കോഴി 46 രൂപക്ക് വാങ്ങിയ കുഞ്ഞില്‍നിന്നും വളര്‍ന്നുവന്നതാണ്. ഒരുകിലൊ കോഴി തീറ്റച്ചിലവ് ഉള്‍പ്പടെ കര്‍ഷകര്‍ക്ക് 81 രൂപയോളം ചെലവ് വരുന്നുണ്ട്. ഇത്തരത്തില്‍ മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാത്തവിധത്തില്‍ തമിഴ്‌നാട് ലോബി കേരളമാര്‍ക്കറ്റില്‍ ഇടപെടുകയാണെന്നും സംസ്ഥാന സീനിയര്‍ വൈസ്പ്രസിഡന്റ് ജിജിമറ്റത്തില്‍, സംസ്ഥാന സെക്രട്ടറി ഖാദറലി വറ്റല്ലൂര്‍, പാലക്കാട് ജില്ലാപ്രസിഡന്റ് ഷൗക്കത്തലി, സെക്രട്ടറി സെയ്തലവി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."