മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം: പരാതി നല്കിയ പൊലിസുകാരനെതിരേ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രതികാര നടപടി
എരുമപ്പെട്ടി: മാനസികമായി പീഡിപ്പിച്ച മേലുദ്യോഗസ്ഥനെതിരെ പരാതി നല്കിയ പൊലിസ്കാരനെതിരെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രതികാര നടപടി. തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കെതിരെ പരാതി നല്കിയ എരുമപ്പെട്ടി പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ കെ.പി.ജെയ്സനെ ഉടന്‍ സ്ഥലം മാറ്റാന്‍ റൂറല്‍ എസ്. പി. ഉത്തരവ് നല്കി. മാനസികനില തകര്‍ന്ന താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് കാണിച്ച് ജെയ്സന് ഡി. ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.തളി പള്ളി മഹല്ല് സെക്രട്ടറിയുടെ വീടിന്റെ ജനല്‍ ചില്ല് കല്ലെറിഞ്ഞ് തകര്‍ക്കുകയും വരാന്തയില്‍ എണ്ണയൊഴിക്കുകയും ചെയ്ത സംഭവത്തില്‍ എരുമപ്പെട്ടി പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്.
എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് സെക്രട്ടറി എസ്.പിക്ക് പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.
അഡീഷ്ണല്‍ എസ്.ഐമാരായ ജോണ്‍, ആന്റണി എന്നിവര്‍ക്കൊപ്പം കേസ് ഫയലുമായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ ജെയ്സനെ പരാതിക്കാരുടെ മുന്നില്‍ വെച്ച് ഡിവൈ.എസ്.പി.ഷെല്‍ബി ഫ്രാന്‍സിസ് അധിക്ഷേപിച്ചും പരിഹസിച്ചും അപമാനിക്കുകയായിരുന്നു.
കേസന്വേഷണം നടത്തുന്നത് എസ്.ഐ ആണെന്നിരിക്കെ തന്നെ ഡിവൈ.എസ്.പി.മാനസികമായി പീഡിപ്പിച്ചത് മുന്‍ വൈരാഗ്യത്തിന്റെ പേരിലാണെന്ന് ജെയ്സന് ഡി.ജി.പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.ഇതിന് മുമ്പ് മറ്റൊരു കേസില്‍ ജെയ്സനോട് ഡിവൈ.എസ്.പി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഔദ്യോഗികമായി അറിയിപ്പ് ലഭിക്കാത്തതിനാല്‍ ജെയ്സന് മേലുദ്യോഗസ്ഥന് ഇതിന് അനുമതി നല്‍കിയില്ല. ഇതിന്റെ പ്രതികാരമായാണ് തന്നെ അപമാനിച്ച് മാനസികമായി പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കാരുടെ മുന്നില്‍ വെച്ച് അനാവശ്യമായി ഉച്ചത്തില്‍ കയര്‍ത്ത് സംസാരിച്ച ഡിവൈ.എസ്.പി. ജെയ്സനെ ഓഫീസിനുള്ളിലേക്ക് പലതവണ വിളിച്ച് വരുത്തി ഇറക്കി വിട്ടതായും ആരോപണമുണ്ട്.
ഡിവൈ.എസ്.പിയുടെ നടപടി തന്റെ മനോനില തെറ്റിച്ച് ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്ന് കാണിച്ച് ജെയ്സന് റൂറല്‍ എസ്.പിയ്ക്ക് പരാതി നല്കിയപ്പോള് ഓണ്‍ പബ്ലിക്ക് ഗ്രൗണ്ടെന്ന കാരണം കാണിച്ച് ജെയ്സനെ സ്ഥലം മാറ്റാന്‍ ഉത്തരവ് നല്കുകയാണുണ്ടായത്.കേസുകള്‍ തെളിയിക്കുന്നതില്‍ അതീവ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥനായ ജെയ്സന് സ്റ്റേഷനിലെത്തുന്ന പരാതിക്കാരോടും പ്രതികളോടും മാന്യമായാണ് പെരുമാറാറുള്ളത്.
ജനകീയനായ പൊലിസ് ഉദ്യോഗസ്ഥനെ അകാരണമായി സ്ഥലം മാറ്റുകയും മാനസികമായി പീഡിപ്പിച്ച് ആത്മ വീര്യം നശിപ്പിക്കുകയും ചെയ്യുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നടപടി സേനക്കുള്ളില്‍ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."