നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടയില്‍ കയ്യാങ്കളി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയില്‍ കഴിഞ്ഞദിവസം അവതരിപ്പിച്ച ബജറ്റിന്‍മേലുളള ചര്‍ച്ച ഇന്നലെ നടക്കവേ കൗണ്‍സിലിനുളളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ വര്‍ഷ ബജറ്റിന്റെ ആവര്‍ത്തനമാണിതെന്ന് ആരോപിച്ച് ബജറ്റ് ബുക്ക് കത്തിച്ചു. യോഗനടപടികള്‍ ബഹിഷ്‌കരിച്ച് ഇറങ്ങിപോയി. നെയ്യാറ്റിന്‍കര നഗരസഭയുടെ ബജറ്റ് നിര്‍ദേശങ്ങളുടെ ചര്‍ച്ച തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് കോണ്‍ഗ്രസ്- സി.പി.എം കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടിയത്.
ഈരാറ്റിന്‍പുറം ടൂറിസം പദ്ധതി പ്രദേശത്ത് സ്വകാര്യ വ്യക്തിയില്‍ നിന്ന് 18 ലക്ഷത്തിനു വാങ്ങിയ ഭൂമി നഗരസഭയുടെ ഭൂമിയാണെന്നാണ് കെ.ലളിതയുടെ ആരോപണം. ഈ വാദത്തെ പിന്തുണച്ച് പ്രതിപക്ഷത്തെ അഡ്വ.എല്‍.എസ്. ഷീലയും ശക്തമായ വാദമുഖങ്ങള്‍ ഉന്നയിച്ചു.
ഈരാറ്റിന്‍പുറം പദ്ധതി നഗരസഭയുടെ 30വര്‍ഷത്തെ സ്വപ്ന പദ്ധതിയാണ്. ഇതിനായി ഭൂമി വാങ്ങിയ വകയില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടെന്നും അവര്‍ ഉന്നയിച്ചു. ഈരാറ്റിന്‍പുറം ടൂറിസം പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ വസ്തു വാങ്ങുന്ന വിവരം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ കൗണ്‍സില്‍ തീരുമാനം ആകാതെ പോയിരുന്നു. പിന്നെ എങ്ങനെയാണ് വ്യാജ റിക്കാഡുമായെത്തിയ സ്വകാര്യവ്യക്തിയില്‍ നിന്നും ഈ വസ്തു വാങ്ങിയത്.
ഇത് തീര്‍ത്തും അഴിമതിയാണ്. അതിനാല്‍ സ്റ്റാന്‍ഡിങ് കമ്മിയോഗത്തില്‍ പോലും തീരുമാനമെടുക്കാത്ത ഭൂമി വാങ്ങലിനെപ്പറ്റിയുള്ള വിശദീകരണം ചെയര്‍പേഴ്‌സണും സെക്രട്ടറിയും പറയണമെന്നവര്‍ ആവശ്യ പ്പെട്ടു. ഇതോടെ പ്രക്ഷുബ്ദമായ രംഗങ്ങള്‍ അരങ്ങേറുകായിരുന്നു. ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും മാറിമാറി കൗണ്‍സില്‍ യോഗം ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വേണ്ടി വിളിച്ചു ചേര്‍ത്തിട്ടുള്ളതാണെന്നും അജണ്ടയിലില്ലാത്ത കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. ഇത് പ്രതിപക്ഷത്തെ മൂന്നു കൗണ്‍സിലര്‍മാരില്‍ അരിശമുളവാക്കി.
അവര്‍ ചെര്‍പേഴ്‌സന്റെ ഡയസ്സിലേക്ക് കയറിച്ചെന്നു. ഇതേത്തുടര്‍ന്ന് പ്രകോപിതരായ സി.പി.എം കൗണ്‍സിലര്‍മാരും അവിടെക്കെത്തിയതൊടെയാണ് പരസ്പരം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. അല്‍പ്പ നേരത്തെ ഉന്തിനും തള്ളിനുമൊടുവില്‍ ഇളവനിക്കര വാര്‍ഡ് കൗണ്‍സിലര്‍ സതികുമാര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു തുടങ്ങിയതോടുകൂടിയാണ് കൗണ്‍സില്‍ യോഗം പൂര്‍വസ്ഥിതി പ്രാവിച്ചത്.
കഴിഞ്ഞ വര്‍ഷ ബജറ്റ് പേജ് പോലും മാറ്റാതെ സംഖ്യ മാത്രം മാറ്റി അതേപടി ഈ വര്‍ഷവും ബജറ്റ് ബുക്ക് ഇറക്കിയിരിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. 50 ലക്ഷം ചെലവഴിച്ചു എം.പി ശശിതരൂരിനെ പ്രശംസിച്ച് ബജറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും കോടികള്‍ കേന്ദ്രത്തില്‍ നിന്നും കൈപ്പറ്റി നഗരസഭയില്‍ വികസനം നടത്തിയിട്ടും കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ ഒന്നു പരാമര്‍ശിക്കാന്‍ പോലും തയ്യാറാകാത്ത ഈ ബജറ്റ് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ഇത് ഞങ്ങള്‍ കത്തിക്കുകയാണെന്ന് പറഞ്ഞ് അവര്‍ കൗണ്‍സില്‍ ഹാളിനുള്ളില്‍ ബജറ്റ്ബുക്ക് കത്തിച്ചിട്ട് വാക്കൗട്ട് നടത്തുകയായിരുന്നു.
കൗണ്‍സിലെ പ്രധാന പ്രതിപക്ഷം കോണ്‍ഗ്രസാണ്. എന്നാല്‍ പ്രതിപക്ഷ നേതാവിന് മറ്റുള്ള കൗണ്‍സിലര്‍മാരെ കൂടെ നിറുത്താന്‍ പലപ്പോഴും കഴിയാറില്ല. ഓരോരുത്തരും അവരവരുടെ നിലപാടുകള്‍ പറയുകയും ബജറ്റ് നിര്‍ദേശങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. കോണ്‍ഗ്രസിലെ പ്രമുഖ കൗണ്‍സിലര്‍ എ.സലിം ബജറ്റ് സ്വാഗതം ചെയ്തു.കോണ്‍ഗ്രസ് റിബലായ വഴുതൂര്‍ വിജയനും കെല്ലംവിള ജോജിനും ബഡ്ജറ്റ് അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് ലളിത ടീച്ചര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ആവര്‍ത്തന വിരസവും വികസന മുരടിപ്പും മാത്രമുള്ള ഈ ബജറ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്നാരോപിച്ച് ഗ്രാമം പ്രവീണടക്കമുള്ള കൗണ്‍സിലര്‍മാര്‍ സഭവിട്ടുപോയി. ചര്‍ച്ചയ്‌ക്കൊടുവില്‍ നെയ്യാറ്റിന്‍കര നഗരസഭാ ബജറ്റ് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."