കച്ചേരിക്കടവ് തോടിന് ശാപമോക്ഷം; വാട്ടര്‍ഹബ് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്
കോട്ടയം: നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് കച്ചേരിക്കടവ് വാട്ടഅര്‍ ഹബ് പദ്ധതി യാഥാര്‍ഥ്യമാകുന്നു. സ്ഥലം എം.എല്‍.എയും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ കാലത്ത് അവതരിപ്പിച്ച പദ്ധതിയാണിന്നു യാഥാര്‍ഥ്യമാകുന്നത്. ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഏഴരക്കോടിയോളം രൂപ ചിലവഴിച്ച് ഈ പദ്ധതി നടപ്പാക്കുന്നത്. സ്ഥലം എം.എല്‍.എ ആയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്‍കൈയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഭരണാനുമതി ലഭിച്ചെങ്കിലും വാട്ടര്‍ ഹബ്ബിന്റെ പണികള്‍ ആരംഭിച്ചത് ഇന്നലെയാണ്. കച്ചേരിക്കടവ് തോട് വര്‍ഷങ്ങളായി ഉപയോഗശൂന്യമായി മാലിന്യങ്ങളും പായലും നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. 'പുനര്‍ജനി തേടുന്ന ജലാശയങ്ങള്‍' എന്ന പരമ്പരിയിലൂടെ 'സുപ്രഭാതം' കച്ചേരിക്കടവ് തോട് ഉള്‍പ്പടെയുള്ള ജില്ലയില്‍ ശോച്യാവസ്ഥയിലായിരിക്കുന്ന അനേകം തോടുകളുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. കച്ചേരിക്കടവ് തോട്ടിലെ മാലിന്യങ്ങള്‍ നീക്കി തോട് ഉപയോഗ യോഗ്യമാക്കണമെന്നത് സമീപവാസികളായ നൂറു കണക്കിനു കുടംബങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. വാട്ടര്‍ ഹബ്ബിന്റെ നിര്‍മാണത്തോടെ കച്ചേരിക്കടവ് തോട്ടിലെ മാലിന്യങ്ങള്‍ നീക്കി തോട് ഉപയോഗയോഗ്യമാക്കുമെന്നത് സമീപവാസികളായവര്‍ക്ക് ആശ്വാസമേകുന്നു.
ജലഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 36 സെന്റ് സ്ഥലവും കൈവശത്തിലുള്ള 14 സെന്റ് സ്ഥലവും ഉള്‍പ്പെടെ ഏകദേശം 50 സെന്റ് കരഭൂമിയും ഇതിനോടു ചേര്‍ന്ന് സര്‍ക്കാര്‍ വക പുറമ്പോക്ക് ഭൂമിയുമുണ്ട്. ഈ സ്ഥലത്തിന്റെ ഭംഗിക്കു കോട്ടം വരുത്താതെ, പരിസ്ഥിതി സൗഹാര്‍ദത്തോടെയുള്ള നിര്‍മാണത്തിലൂടെ ആധുനികവത്കരിക്കാനാണ് ലക്ഷ്യം. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു പുറമേ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മിനി മ്യൂസിയം ബോട്ട് ക്ലബ്, വാച്ച് ടവര്‍, വാട്ടര്‍ ഫൗണ്ടേഷന്‍, ബയോ ടോയ്‌ലറ്റ്, മൂന്നു കിലോമീറ്റര്‍ നീളത്തില്‍ വാക്‌വേ, ഫ്‌ളോട്ടിങ് ബ്രിഡ്ജ്, റെസ്‌റ്റോറന്റ്, ഓര്‍ണമെന്റല്‍ ഇലക്ട്രിഫിക്കേഷന്‍, മേല്‍ക്കൂരയോടുകൂടിയ പെഡല്‍ ബോട്ടുകള്‍, ഹൗസ് ബോട്ട് ടെര്‍മിനലുകള്‍, ഫിഷിങ് ഹുക്ക്, വിപുലമായ പാര്‍ക്കിങ് ഏരിയ എന്നിവയാണ് ഈ വാട്ടര്‍ ഹബ്ബിലുണ്ടാകുക.
വാട്ടര്‍ ഹബ് പദ്ധതി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനം. കച്ചേരിക്കടവ് വാട്ടര്‍ ഹബിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കോട്ടയത്തിന്റെ വികസ കുതിപ്പില്‍ ഒരേടു കൂടിയാകും. കച്ചേരിക്കടവിനു സമീപം പഴയ ബോട്ട് ജെട്ടിയായിരുന്ന സ്ഥലത്താണ് വാട്ടര്‍ ഹബിന്റെ നിര്‍മാണം നടക്കുന്നത്.
ഇതിനായി ജലഗതാകത വകുപ്പിന്റെ 36 സെന്റ് സ്ഥലവും അതോടൊപ്പം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയായ 50 സെന്റ് സ്ഥലവും കൂടി ഉള്‍പ്പെടുത്തിയാണ് വാട്ടര്‍ ഹബിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. തോടിന്റെ സമീപ പ്രദേശങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തുകോണ്ട് കച്ചേരിക്കടവ് വാട്ടര്‍ ഹബ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."