കുറവിലങ്ങാട് പഞ്ചായത്ത് പഴയ ഓഫിസ് കെട്ടിടം: തല്‍സ്ഥിതി തുടരാന്‍ കലക്ടറുടെ നിര്‍ദേശം
കുറവിലങ്ങാട്: എം.സി റോഡ് വികസനത്തിനായി പഞ്ചായത്ത് പഴയ ഓഫിസ് കെട്ടിടം പൊളിക്കാനുള്ള നീക്കം തര്‍ക്കത്തിന് ഇടയായതോടെ കലക്ടര്‍ ഇടപെട്ടു. കെട്ടിടത്തിന്റെ ഇപ്പോഴത്തെ സ്ഥിതി തുടരാനും രണ്ടാഴ്ചക്കകം കെട്ടിടത്തിന്റെ സ്ഥിതി വ്യക്തമാക്കി റോഡ് വികസനവുമായി ബന്ധപ്പെട്ട് കെ.എസ്.ടി.പിയും പൊതുമരാമത്തും പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
കെട്ടിടത്തില്‍ നിന്ന് ഒഴിവാകണമെന്നാവശ്യപ്പെട്ട് വാടകക്കാര്‍ക്ക് പഞ്ചായത്ത് നോട്ടിസ് നല്‍കിയതിനെ തുടര്‍ന്ന് വാടകക്കാര്‍ നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥരെയും പരാതിക്കാരെയും ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയിലാണ് കലക്ടറുടെ പുതിയനിര്‍ദേശം.
കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇതില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുയര്‍ന്നത്. ഇതിനു പിന്നാലെയാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം വന്നത്. റോഡ് വികസനത്തിനായി നിര്‍ദേശിച്ചിരിക്കുന്ന കെട്ടിടഭാഗം കെട്ടിടം ബലപ്പെടുത്തിയശേഷം മുറിച്ചുമാറ്റുന്നതില്‍ എതിര്‍പ്പില്ലെന്നും പള്ളിക്കവല മുതല്‍ റോഡിന് വീതി ഉറപ്പാക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.
റോഡ് വികസനത്തിന്റെ പേരില്‍ ബലക്ഷയമില്ലാത്ത കെട്ടിടം പൂര്‍ണമായി പൊളിച്ചുനീക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും പരാതിക്കാര്‍ പറഞ്ഞു. ടൗണില്‍ നിശ്ചിത വീതിയില്ലാത്ത സ്ഥലങ്ങള്‍ മുന്‍പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥതല നടപടികളില്ലെന്നും ഇതുവരെ ഉണ്ടായിട്ടില്ലായെന്ന് പരാതിക്കാര്‍ വ്യക്തമാക്കിയതോടെ നടപടികള്‍ എവിടെവരെയായിയെന്ന് കലക്ടര്‍ കെ.എസ്.ടി.പി ഉദ്യോഗസ്ഥരോട് ചോദിച്ചു.
യു.വി ജോസ് ജില്ലാ കലക്ടറായിരിക്കെ ടൗണിലാകെ 15 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കണമെന്ന് പൊതു ആവശ്യം ഉയര്‍ന്നിരുന്നു.
റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ ജില്ലാ കലക്ടറുടെ ഇടപെടല്‍ ഉണ്ടായതോടെ ടൗണ്‍ മേഖലയില്‍ 15 മീറ്ററെന്ന ആവശ്യം വീണ്ടും ശക്തമായി ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."