ഇ-പോസ് മെഷീന്‍: പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഇനി നടക്കില്ല
മുക്കം: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ റേഷന്‍ കടകളില്‍ മെഷീനുകള്‍ സ്ഥാപിച്ചുതുടങ്ങി. റേഷന്‍ വിതരണം കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുള്ള ഇ-പോസ് മെഷീനുകള്‍ (ഇലക്‌ട്രോണിക് പോയിന്റ് ഓഫ്‌സെയില്‍) ആണ് ജില്ലയിലെ റേഷന്‍കടകളില്‍ സ്ഥാപിക്കുന്നത്. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ അതതു കാര്‍ഡുടമകള്‍ക്കുതന്നെ ലഭിക്കുന്നത് ഉറപ്പുവരുത്തുക എന്നതാണ് മെഷീന്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ റേഷന്‍ കാര്‍ഡിലെയും അംഗങ്ങളായവര്‍ക്ക് മാത്രമേ അതത് കാര്‍ഡുകളിലെ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുകയുള്ളൂ.
മെഷീനില്‍ കാര്‍ഡുടമകളുടെ വിരലടയാളം പതിയുന്നതോടെ മാത്രമേ ഇനി മുതല്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കൂ. മെഷീന്‍ സ്ഥാപിക്കുന്നതിലൂടെ റേഷന്‍ സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നതും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സാധനങ്ങളില്‍ കുറവു വരുന്നതും തടയാനാകുമെന്നാണ് കണക്ക് കൂട്ടുന്നത്.
രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് മെഷീന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. പുതിയ മെഷീനുകളില്‍ ബി.എസ്.എന്‍.എല്‍ സിം കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്ക് കിട്ടാത്ത സ്ഥലങ്ങളില്‍ മറ്റു സിം കാര്‍ഡുകള്‍ അനുമതി വാങ്ങി ഉപയോഗിക്കാം.
മെഷീന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മുക്കത്ത് റേഷന്‍ വ്യാപാരികള്‍ക്ക് പരിശീലനം നല്‍കി. മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെ 35 റേഷന്‍ കടയുടമകള്‍ക്കും അവരുടെ ജീവനക്കാര്‍ക്കുമാണ് പരിശീലനം നല്‍കിയത്. അതേസമയം പുതിയ സാങ്കേതികവിദ്യ റേഷന്‍ വ്യാപാരികള്‍ക്കും കാര്‍ഡുടമകള്‍ക്കും ദുരിതമാവുമെന്നും ആക്ഷേപമുണ്ട്.
സാങ്കേതികവിദ്യ അടിസ്ഥാനമാക്കി സ്ഥാപിക്കുന്ന മെഷീനുകള്‍ വലിയ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത റേഷന്‍ കടയുടമകള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കും എന്ന ചോദ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."