ഒന്‍പത് ജില്ലകള്‍ വരള്‍ച്ചാ ബാധിതം സ്വന്തം
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ജില്ലകളെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് സംസ്ഥാന റിലീഫ് കമ്മിഷണര്‍ക്കു നിര്‍ദേശം നല്കി.
മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം തുടങ്ങിയ സൂചികകള്‍ കണക്കിലെടുത്താണ് ഒന്‍പതു ജില്ലകളെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2017ലെ വടക്കു കിഴക്കന്‍ കാലവര്‍ഷത്തില്‍ (ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) പ്രസ്തുത ജില്ലകളില്‍ മഴയുടെ അളവില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.
ഈ ജില്ലകളില്‍ കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും ഉണ്ടായിരുന്നു.
ഇടുക്കി ജില്ലയില്‍ നിലവില്‍ വരള്‍ച്ചാ സാഹചര്യമില്ല. എന്നാല്‍ മലയോര മേഖലകളിലെ പ്രധാന ജലസ്രോതസുകളായ നീര്‍ച്ചാലുകള്‍ വേനല്‍ കടുക്കുമ്പോള്‍ വറ്റുകയും ശുദ്ധജലം കണ്ടെത്താന്‍ ജനങ്ങള്‍ പ്രയാസപ്പെടുകയും ചെയ്യും. ഇതു പരിഗണിച്ചാണ് ഇടുക്കി ജില്ലയെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.
വരള്‍ച്ചാ ബാധിത ജില്ലകളില്‍ കുടിവെള്ള വിതരണത്തിന് അടിയന്തര നടപടികളുണ്ടാകും. ടാങ്കറുകള്‍ ഉപയോഗിച്ച് വാട്ടര്‍ കിയോസ്കുകളില്‍ വെള്ളം എത്തിക്കും.
കുടിവെള്ളം എത്തിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് അനുവദിച്ച പണം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്ന് തുക ഉപയോഗിക്കാം. ഇന്നലെ നടന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷനായി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്, അതോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."