വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിക്കു പോയത്: ജി. സുധാകരന്‍
തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിക്കു പോയതെന്ന് മന്ത്രി ജി. സുധാകരന്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി നല്‍കുമ്പോഴായിരുന്നു വീണ്ടും സുധാകരന്റെ കീഴാറ്റൂര്‍ പരാമര്‍ശം. സി.പി.എം നേതൃയോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പോയത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
ഡല്‍ഹി യാത്രയില്‍ മുഖ്യമന്ത്രി എപ്പോഴും കേന്ദ്ര മന്ത്രിമാരെ കാണാറുണ്ട്. ഇത്തരം കൂടിക്കാഴ്ചകള്‍ ഡല്‍ഹി സന്ദര്‍ശനത്തില്‍ പതിവാണെന്നും റോഡ് വികസനം ഉള്‍പ്പെട്ട കാര്യങ്ങള്‍ ഇതില്‍ ചര്‍ച്ചയാകുമെന്നും സുധാകരന്‍ പറഞ്ഞു. ദേശീയപാതാ വികസനത്തെ ചൊല്ലി താനെഴുതിയ കവിത കീഴാറ്റൂര്‍ സമരത്തിലെ സുഹൃത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദേശീയപാതയുടെ വീതി 60 മീറ്ററായി വര്‍ധിപ്പിക്കുന്നതിന് എതിരേയാണ് താന്‍ കവിത എഴുതിയതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
കീഴാറ്റൂര്‍ സമരത്തില്‍ ഇടപെട്ടാല്‍ യു.ഡി.എഫിനു നഷ്ടക്കച്ചവടമായിരിക്കും. വയല്‍ സംരക്ഷണത്തിന്റെ പേരില്‍ കീഴാറ്റൂര്‍ സമരത്തില്‍ ബി.ജെ.പിയും ഇടപെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി ഭാരത്മാല റോഡ് വികസന പദ്ധതി നടപ്പാക്കുമ്പോള്‍ ബി.ജെ.പിയുടെ നിലപാട് എന്തായിരിക്കും. കേരളത്തില്‍നിന്ന് അഞ്ചു റോഡുകളാണ് ഈ പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. റോഡ് വികസനത്തിനായി ഒട്ടേറെ പാടശേഖരങ്ങള്‍ നികത്തേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."