തെരഞ്ഞെടുപ്പ് ബാധ വിട്ടൊഴിയാതെ നഗരസഭ; 'അസാധു വോട്ടും' തുടര്‍ക്കഥ
കൊണ്ടോട്ടി: നഗരസഭയില്‍ തെരഞ്ഞെടുപ്പ് ബാധ വിട്ടുമാറുന്നില്ല. മുന്നണി മാറ്റം, സ്ഥാനമാനങ്ങളുടെ മാറ്റം എന്നിവയ്ക്കു പുറമേ, അപ്രതീക്ഷിതമായി സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പും മുടങ്ങിയതോടെ ഇവിടെ ഇടതടവില്ലാതെ തെരഞ്ഞെടുപ്പുകളാണ്.
ഫെബ്രുവരിയിലാണ് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നത്. മതേതര വികസന മുന്നണിയായി മത്സരിച്ച സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തില്‍ മുന്നണിയുടെ ധാരണ പ്രകാരം സി.പി.എമ്മിനു ചെയര്‍മാന്‍ സ്ഥാനം നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ സി.പി.എം അംഗം പി. ഗീത തെരഞ്ഞെടുക്കപ്പെട്ടെങ്കിലും എസ്.ഡി.പി.ഐ ബന്ധം ആരോപിച്ച് ഇവര്‍ മണിക്കൂറുകള്‍ക്കം രാജിവച്ചു. പിന്നീട് നടന്ന വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആയിഷാബി തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടാഴ്ചകള്‍ക്കു ശേഷം വീണ്ടും ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസ് ഇടതു ബന്ധം വിട്ട് ലീഗിനൊപ്പം ചേര്‍ന്നു. ഇതോടെ വൈസ് ചെയര്‍പേഴസണായി തെരഞ്ഞെടുക്കപ്പെട്ട ആയിഷാബി രാജിവച്ചു. യു.ഡി.എഫ് ധാരണപ്രകാരം ആറു മാസം ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിനും വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലീഗിനുമാണ്. ഇതനുസരിച്ച് ചെയര്‍മാന്‍ സ്ഥാനത്ത് കോണ്‍ഗ്രസിലെ സി.കെ നാടിക്കുട്ടിയാണ് നിലവിലുള്ളത്. വൈസ് ചെയര്‍പേഴ്‌സണായി ലീഗിലെ പാലക്കല്‍ ഷറീന ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും ഓഗസ്റ്റ് 30ന് രാജിവയ്ക്കും. ഇതോടെ വീണ്ടും തെരഞ്ഞെടുപ്പ് നത്തേണ്ടിവരും.
അതിനിടെയാണ് ഇന്നലെ സ്റ്റാന്‍ഡിങ് കമ്മറ്റി പ്രതിപക്ഷത്തിന്റെ പരാതിയില്‍ മുടങ്ങിയത്. ഇതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ട ഗതികേടാണ്. അതേസമയം, ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ അസാധു വോട്ട് വിട്ടൊഴിയുന്നില്ല. തെരഞ്ഞെടുപ്പുകളിലെല്ലാം ഇടതിനും കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുമാണ് വോട്ട് അസാധുവാകുന്നത്. മതേതര മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടു കോണ്‍ഗ്രസ് അംഗങ്ങളുടെ വോട്ട് അസാധുവായി. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം കൗണ്‍സിറുടെ വോട്ട് അസാധുവായതു കാരണം ഭരണംതന്നെ സി.പി.എമ്മിന് നഷ്ടമായി.
കോണ്‍ഗ്രസ് യു.ഡി.എഫ് ആയതോടെ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ടു അസാധുവായി. ഇന്നലെ നടന്ന വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ സി.പി.എം അംഗത്തിന്റെ വോട്ടും അസാധുവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."