പ്രായപൂര്‍ത്തിയായവരുടെ വിവാഹത്തില്‍ ഖാപ് പഞ്ചായത്തുകള്‍ ഇടപെടരുത്: സുപ്രിം കോടതി
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തില്‍ ഖാപ് പഞ്ചായത്തുകള്‍ പ്രതികൂലമായി ഇടപെടുന്നത് വിലക്കി സുപ്രിം കോടതി. വിവാഹബന്ധം തകര്‍ക്കാനുള്ള ഖാപ് പഞ്ചായത്തിന്റെ ഏത് തരത്തിലുള്ള നീക്കവും നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. എന്‍.ജി.ഒയായ ശക്തിവാഹിനിയുടെ ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ണായകവിധി. ഖാപ് പഞ്ചായത്തുകള്‍ക്കെതിരേ നിലപാടെടുക്കണമെന്നും ദുരഭിമാനക്കൊലകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് സംഘടന കോടതിയെ സമീപിച്ചത്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഉഭയസമ്മതപ്രകാരം വിവാഹിതരാകുന്നതിനെ എതിര്‍ക്കാന്‍ ഖാപ് പഞ്ചായത്തിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് ഉത്തരവിട്ടു.
ഖാപ് പഞ്ചായത്തുകളുടെ ഇടപെടലുകള്‍ ഗൗരവമായി എടുക്കാത്തതിനും അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാത്തതിനും കോടതി നേരത്തെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. പരാതി സമര്‍പ്പിച്ച ശക്തിവാഹിനി, കോടതി നിയമിച്ച അമിക്കസ്‌ക്യൂറി, ഖാപ് പഞ്ചായത്തുകള്‍ എന്നിവരുടെ വാദം കേട്ടശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.
സ്ത്രീകള്‍ക്കെതിരേ ഖാപ് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ നടപടിയെടുക്കാനും സ്ത്രീകളെ സംരക്ഷിണത്തിന് പ്രത്യേക സംവിധാനം ഒരുക്കാനും കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. പൊലിസ് സേനയ്ക്ക് പലപ്പോഴും ഖാപ് പഞ്ചായത്തുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിര്‍ദേശം കോടതി നല്‍കിയത്. ആദ്യഘട്ടമെന്ന നിലയില്‍ ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും മൂന്ന് ജില്ലകളില്‍ നിരീക്ഷണം നടത്തുമെന്നും കോടതി അറിയിച്ചു. വടക്കേ ഇന്ത്യയുടെ ഗ്രാമീണമേഖലകളില്‍ സജീവമായ നാട്ടുകൂട്ടങ്ങളാണ് ഖാപ് പഞ്ചായത്തുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."