ബുദ്ധിമാന്ദ്യവും വൈകല്യവും: നിയമാനുസൃത പരിരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍
മലപ്പുറം: ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മറ്റു ബഹുവിധ വൈകല്യങ്ങള്‍ തുടങ്ങിയവയുള്ളവര്‍ക്ക് 1999ലെ നാഷണല്‍ ട്രസ്റ്റ് ആക്ട് നിഷ്‌കര്‍ശിക്കുന്ന പരിരക്ഷ ഉറപ്പുവരുത്തുമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ മാതാപിതാക്കളുടെ മരണത്തോടെ സംരക്ഷിക്കാന്‍ ആളില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യമൊഴിവാക്കാന്‍ നിയമത്തില്‍ വ്യവസ്ഥകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവരുടെ സംരക്ഷണത്തിനും സ്വത്ത് കൈകാര്യം ചെയ്യുന്നതിനും സംരക്ഷകനെ നിയമിക്കുന്നതിനുള്ള അധികാരം ജില്ലാ കലക്ടര്‍ ചെയര്‍മാനായ പ്രാദേശികതല കമ്മിറ്റിക്കാണ്. കലക്ടറേറ്റില്‍ ചേര്‍ന്ന പ്രാദേശിക ലെവല്‍ കമ്മിറ്റി യോഗത്തില്‍ 19 അപേക്ഷകള്‍ തീര്‍പ്പാക്കി. രണ്ട് അപേക്ഷകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇതുവരെ 119 പേര്‍ക്ക് ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കി. 15 സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ നല്‍കുമെന്നും കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി മാസത്തില്‍ രണ്ടു തവണ പ്രാദേശികതല കമ്മിറ്റി ചേരുമെന്നും ഇന്നത്തെ സിറ്റിങ്ങിലെ അപേക്ഷകര്‍ക്ക് ഉടന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലാ സാമൂഹിക നീതി ഓഫിസര്‍ സുഭാഷ് കുമാര്‍, പൊലിസ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാര്‍, അഡ്വ. സുജാത വര്‍മ, അംഗങ്ങളായ സിനില്‍ ദാസ്, വി വേണു ഗോപാലന്‍, അബ്ദുല്‍ നാസര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."