കീഴാറ്റൂരിലെ നിലപാടാണോ ബി.ജെ.പിക്ക് കണ്ണൂരില്‍? പി. ജയരാജന്‍
കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരേ സമരം നടത്തുന്ന ബി.ജെ.പി കണ്ണൂര്‍ ബൈപ്പാസ് എന്തിനാണ് വയലിലൂടെ വേണമെന്ന് ആവശ്യപ്പെട്ടതെന്നു വിശദീകരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കണ്ണൂര്‍ ബൈപ്പാസിന്റെ കാര്യത്തില്‍ നേരത്തേ എടുത്ത നിലപാട് മാറ്റം വരുത്തിയോ എന്ന കാര്യം നേതാക്കള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2015 ഏപ്രില്‍ 29ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനത്തില്‍ വാരം-കടാങ്കോട് ഭാഗത്ത് 85 വീടുകള്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞാണ് വലിയന്നൂര്‍ വയല്‍ വഴിയുള്ള ബദല്‍ അലൈന്‍മെന്റ് വേണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വയല്‍ വഴിയുള്ള അലൈന്‍മെന്റാണ് ദേശീയപാതാ വികസന അതോറിറ്റി അംഗീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ നിലപാട് തളിപ്പറമ്പ് ബൈപ്പാസ് വിരുദ്ധ സമരത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. നാടിന്റെ വികസന കാര്യത്തില്‍ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായം ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത 45 മീറ്ററാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരുന്നത്. ഇതിനെ തുരങ്കം വയ്ക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. ബൈപ്പാസ് സംബന്ധിച്ചുളള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ചില നിലപാടിനോട് സി.പി.എമ്മിന് വിയോജിപ്പുണ്ട്. ഇപ്പോള്‍ കീഴാറ്റൂരില്‍ നടക്കുന്നത് ജനപക്ഷ സമരമായി കണക്കാക്കുന്നില്ല. കൂവോട്, കീഴാറ്റൂര്‍ നെല്‍വയലുകള്‍ പൂണമായും നശിക്കുമെന്ന നിര്‍ദേശത്തോടും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞകാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അത് വായിച്ചുനോക്കിയാല്‍ ആര്‍ക്കും മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ടി.കെ ഗോവിന്ദന്‍, പി പുരുഷോത്തമനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."