കോഴിക്കോട് മെഡി. കോളജിലെ കൂട്ടത്തോല്‍വി: വകുപ്പ് തലവന്‍മാരില്‍ നിന്ന് പ്രിന്‍സിപ്പല്‍ വിശദീകരണം തേടി
ചേവായൂര്‍ (കോഴിക്കോട്): കോഴിക്കോട് മെഡിക്കല്‍കോളജ് അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ കൂട്ടത്തോല്‍വി വിവാദമായതോടെ പ്രിന്‍സിപ്പല്‍ വകുപ്പ് തലവന്‍മാരുടെ അടിയന്തര യോഗം വിളിച്ചു. വിവിധ വകുപ്പ് തലവന്‍മാരെ വിളിച്ചു വരുത്തിയാണു പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍ വിശദീകരണം തേടിയത്.
മെഡിസിന്‍ വിഭാഗമടക്കമുള്ള വകുപ്പ് മേധാവികള്‍ തങ്ങളെടുത്ത നിലപാടുകളില്‍ ഉറച്ചു നിന്നതായാണു വിവരം. ക്ലാസെടുക്കാത്ത അധ്യാപകര്‍ക്കെതിരേ നിരവധിതവണ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത പ്രിന്‍സിപ്പലിന്റെ ഇപ്പോഴത്തെ നടപടി പ്രഹസനമാണെന്നാണു രക്ഷിതാക്കളുടെ ആരോപണം.
സംസ്ഥാനത്തെ ആറു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നുമായി ആകെ 29 വിദ്യാര്‍ഥികള്‍ തോറ്റപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നു മാത്രം 34 വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടത് വിവാദമായിരുന്നു. പലപ്പോഴും പി.ജി വിദ്യാര്‍ഥികളാണ് ഇവിടെ ക്ലാസെടുത്തിരുന്നതെന്നും വകുപ്പ് തലവന്മാരോ യൂനിറ്റ് ചീഫോ പ്രൊഫസര്‍മാരോ ക്ലാസിലേക്കു തിരിഞ്ഞു നോക്കാറില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.
ക്ലാസെടുക്കാന്‍ താല്‍പര്യമെടുക്കാത്ത അധ്യാപകരാണു പ്രാക്ടിക്കല്‍ വിഷയത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ തോല്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയതെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നു. മെഡിസിന്‍ വിഭാഗത്തില്‍ മാത്രം മുപ്പതോളം വിദ്യാര്‍ഥികള്‍ തോറ്റത് അന്വേഷണ വിധേയമാക്കണമെന്നാണു രക്ഷിതാക്കളുടെ ആവശ്യം. പ്രാക്ടിക്കല്‍ വിഷയത്തില്‍ ഇതേ അധ്യാപകര്‍ തന്നെയാണു മാര്‍ക്ക് നല്‍കേണ്ടത് എന്നതിനാല്‍ കോളജില്‍ പ്രതിഷേധ സമരങ്ങള്‍ക്കു തോറ്റ വിദ്യാര്‍ഥികള്‍ തടസം നില്‍ക്കുകയാണ്. സമരം ചെയ്താല്‍ വീണ്ടും തോല്‍പ്പിക്കുമെന്ന ഭയമാണ് ഇവരെ പ്രതിഷേധത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നത്. അതേസമയം രക്ഷിതാക്കളുടെ പ്രതിഷേധത്തിനിടെ ഇന്നു രാവിലെ 10ന് പ്രിന്‍സിപ്പല്‍ പി.ടി.എ യോഗം വിളിച്ചിട്ടുണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണത്തോടൊപ്പം പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍, ജില്ലാ സെക്രട്ടറി ലിന്റോ ജോസഫ് എന്നിവര്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കു പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."